ആ കറുത്തമുറിവ് ഇവിടെനിന്ന്‌

indira gandhi
avatar
എസ്‌ അനന്ദവിഷ്‌ണു

Published on Feb 25, 2025, 10:19 AM | 2 min read

കൊല്ലം : കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത മുറിവായിരുന്നു വിമോചന സമരത്തെതുടർന്ന് ഒന്നാം ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ട കേന്ദ്രസർക്കാർ നടപടി. ജനാധിപത്യം എന്ന വാക്കിനെപ്പോലും ക്ഷതമേൽപ്പിച്ച ആ തീരുമാനത്തിനു പിന്നിലെ ചതിയുടെ ഗൂഢാലോചന നടന്നത് കൊല്ലത്ത് മുണ്ടയ്ക്കൽ തുമ്പറയിൽ സുധഭവൻ എന്ന വീടിന്റെ അകത്തളത്തിലായിരുന്നു. അന്നത്തെ കെപിസിസി പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായിരുന്ന ആർ ശങ്കറിന്റെ വീട്. 1959ൽ ഇ എം എസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ടത് എഐസിസി അധ്യക്ഷയായിരുന്ന ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ 1959 ജൂൺ 28ന്‌ സുധഭവനിൽ നടത്തിയ ഗൂഢാലോചനയെ തുടർന്നായിരുന്നു.


ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിനെ രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരിൽ പുറത്താക്കാൻ പ്രതിപക്ഷപാർടികളും മതമേലധ്യക്ഷന്മാരും ചില സമുദായ സംഘടനകളും ചേർന്ന് നടത്തിയതായിരുന്നു വിമോചനസമരം. 1957 ഏപ്രിൽ അഞ്ചിനാണ് ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ആദ്യ കേരള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേവലം രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷമേ മന്ത്രിസഭയ്ക്ക് ഉണ്ടായിരുന്നുള്ളൂ. അധികാരമേറ്റ ഉടനെ ചരിത്രപരമായ തീരുമാനമായിരുന്നു. കൃഷിക്കാരുടെ ഭൂമി കൃഷിക്കാർക്ക് എന്ന ആശയത്തോടെയാണ്‌ ഭൂപരിഷ്കരണ ബിൽ അവതരിപ്പിച്ചത്. കുടുംബത്തിന് കൈവശംവയ്ക്കാവുന്ന ഭൂമിക്ക് പരിധി നിശ്ചയിക്കുന്നതായിരുന്നു കെ ആർ ഗൗരിയമ്മ അവതരിപ്പിച്ച ബിൽ. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളും പാഠ്യ–-പാഠ്യേതര വിഷയങ്ങളും ഏകീകരിക്കുക, അനാചാരങ്ങൾ നിയന്ത്രിക്കുക എന്നതായിരുന്നു ജോസഫ് മുണ്ടശ്ശേരി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിന്റെ കാതൽ.


രണ്ട്‌ ബില്ലുകളെയും മതമേലധ്യക്ഷന്മാരും കോൺഗ്രസും ശക്തമായി എതിർത്തു. തൃശൂർ സെന്റ് തോമസ് കോളേജിൽനിന്നു പുറത്താക്കിയ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി വിദ്യാഭ്യാസമന്ത്രിയായത്‌ കത്തോലിക്കാസഭയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. വിദ്യാഭ്യാസ ബിൽ പ്രാബല്യത്തിൽ വന്നാൽ അവകാശങ്ങൾക്കായി അധ്യാപകർ ശബ്ദം ഉയർത്തുമെന്നും മാനേജ്മെന്റുകളുടെ ഭരണത്തിൽ സർക്കാരിന്‌ നിയന്ത്രണം കൊണ്ടുവരാൻ സാധിക്കുമെന്നും തിരിച്ചറിഞ്ഞ മേലധ്യക്ഷന്മാർക്ക് ബിൽ അംഗീകരിക്കാനായില്ല. വിദ്യാഭ്യാസബിൽ അവതരിപ്പിക്കും മുമ്പുതന്നെ കോൺഗ്രസ് നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിച്ചു. പ്രതിപക്ഷനേതാവായിരുന്ന പി ടി ചാക്കോയുടെ നേതൃത്വത്തിൽ പ്രജാ സോഷ്യലിസ്റ്റ് പാർടിയും കേരള സോഷ്യലിസ്റ്റ് പാർടിയും വിമോചന സമരക്കാർക്കൊപ്പം കൂടി.


അന്ന് കൊല്ലം ജില്ലയിൽ കടപ്പാക്കടയിലും റെയിൽവേ മൈതാനത്തും തുമ്പറയിലും ആയിരുന്നു ഇടതുപക്ഷ നേതാക്കളായ എ കെ ജി, ഇ എം എസ്, എം എൻ ഗോവിന്ദൻനായർ, കെ ആർ ഗൗരിയമ്മ, ടി വി തോമസ്, ആർ സുഗതൻ എന്നിവർ സ്ഥിരമായി പ്രസംഗിച്ചിരുന്നത്. തുമ്പറയിലെ ആർ ശങ്കറിന്റെ വീടിന് സമീപത്ത്‌ എ കെ ജി നടത്തിയ പ്രസംഗം നാട്ടിലെ വിമോചനസമരക്കാരെ നിലയ്ക്കുനിർത്താൻ ഉതകുന്നതായിരുന്നു.

എങ്ങനെയെങ്കിലും സർക്കാരിനെ താഴെയിറക്കണം എന്ന കോൺഗ്രസിന്റെ കുടിലബുദ്ധിയുടെ ഫലമായി കേരളമെങ്ങും അക്രമപരമ്പര അരങ്ങേറി. സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി മാത്രമേ നിലനിൽക്കൂ എന്ന കമ്യൂണിസ്റ്റ്‌ സർക്കാരിന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ കോൺഗ്രസിനും മതമേലധ്യക്ഷന്മാർക്കും അടിപതറി തുടങ്ങിയപ്പോഴാണ് ഇന്ദിരാഗാന്ധി തുമ്പറയിലെ ആർ ശങ്കറിന്റെ വസതിയിൽ എത്തിയത്. ജനാധിപത്യ വിശ്വാസിയായ ജവഹർലാൽ നെഹ്‌റു ഇന്ദിരയുടെ നിർബന്ധത്താൽ 356–-ാം വകുപ്പ്‌ ഉപയോഗിച്ച് 1959 ജൂലൈ 31ന്‌ ഇ എം എസ് സർക്കാരിനെ പിരിച്ചുവിട്ടു. തുമ്പറ സുധഭവനിൽ ഇന്ദിരാഗാന്ധി നേരിട്ടെത്തി ഗൂഢാലോചന നടത്തി 38–-ാം ദിവസം.


ഇന്ദിരാ​ഗാന്ധി 1959 ജൂൺ 28ന് മുണ്ടയ്ക്കൽ തുമ്പറയിൽ സുധഭവനിൽ എത്തിയപ്പോൾ (ഫയൽ ചിത്രം)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home