ഇവിടെ അലയടിക്കുന്നു വിപ്ലവത്തിന്റെ ഓർമകൾ

pallikkal ana
avatar
പി നിഷാദ്‌

Published on Mar 05, 2025, 02:24 PM | 2 min read

ശൂരനാട് : ശൂരനാട്ടെ ജന്മിയുടെ ക്രൂരതയിൽ അമർന്ന കർഷകത്തൊഴിലാളികളും നാട്ടുകാരും വിമോചന സ്വപ്‌നങ്ങൾ കണ്ടിരുന്ന കാലം. വീട്ടിനാൽ ക്ഷേത്ര മൈതാനത്തും പള്ളിക്കൽ അണയുടെ ഭാഗവുമായിരുന്നു ശൂരനാട്ട്‌ ദേശത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിനും ആലോചനകൾക്കും കമ്മിറ്റികൾക്കും സാക്ഷിയായത്‌. വിപ്ലവത്തിന്റെ നൂറായിരം ഓർമകളാണ്‌ ഇവിടങ്ങളിൽ അലയടിക്കുന്നത്‌.


ക്ഷേത്രപരിസരത്തുനിന്ന് മാറ്റത്തിന്റെ കാറ്റ്‌

ശൂരനാട് വടക്ക് പഞ്ചായത്തിലെ വിവിധ കരകളുടെ അധീനതയിലുള്ള വീട്ടിനാൽ ക്ഷേത്രം കായംകുളം രാജാവിന്റെ പടക്കുറപ്പൻമാർ വിശ്രമിച്ചതിന്റെ പിന്തുടർച്ചയായിട്ടാണ് നിർമിച്ചത് എന്നാണ് ഐതീഹ്യം. ഈ ക്ഷേത്ര പരിസരത്തുനിന്നാണ്‌ മാറ്റത്തിന്റെ കാറ്റെത്തുന്നത്‌. ആലപ്പുഴ ജില്ലയിലെ നൂറനാട് പടനിലത്തിനു സമീപമുള്ള മാധവശേരി മഠത്തിലെ കണ്‌ഠരര് കേശവരും മകൻ പി കെ പരമേശ്വരൻപോറ്റിയും ശൂരനാട് വടക്ക് വീട്ടിൽ ക്ഷേത്രത്തിന്റെ ഊരാണ്മാവകാശം കിട്ടിയാണ്‌ ശൂരനാട്ട് എത്തുന്നത്. കരുനാഗപ്പള്ളിയിൽ പഠനത്തിനായിപ്പോയ പികെപി പോറ്റി എ പി കളയ്ക്കാടുമായി സൗഹൃദത്തിലാകുകയും കമ്യൂണിസ്റ്റ് പാർടിയിൽ ചേരാൻ തീരുമാനിക്കുകയുമായിരുന്നു. പഠനശേഷം വീട്ടിനാൽക്ഷേത്ര കോമ്പൗണ്ടിൽ എത്താറുള്ള പോറ്റി ശൂരനാട്ടെ യുവാക്കളുമായി സൗഹൃദത്തിലായി. ഈ സൗഹൃദക്കൂട്ടായ്‌മയാണ്‌ കമ്യൂണിസ്റ്റ് പാർടിയുടെ ചിന്തകളിലേക്ക് നയിച്ചത്‌. ശൂരനാട്ടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തിലെ വളർച്ചയ്ക്ക് പികെപി പോറ്റിയുടെ നിർണായക പങ്കുണ്ട്. പിന്നീട് ക്ഷേത്രപരിസരത്ത് ശൂരനാട്ടെ കമ്യൂണിസ്റ്റ് പാർടി സെൽ യോഗങ്ങൾ അടക്കം ചേർന്നു. വീട്ടിനാൽ ക്ഷേത്രത്തിൽ താഴ്ന്ന ജാതിക്കാർ പ്രവേശിച്ചാൽ തല തെറിക്കുമെന്നും നാട് നശിക്കുമെന്നുമുള്ള വിശ്വാസം നാട്ടിലാകെ ജന്മിമാർ പ്രചരിപ്പിച്ചിരുന്നു.

തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചിട്ടും ശൂരനാട് അത് നടപ്പായില്ല. അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ രംഗത്തിറങ്ങാൻ ശൂരനാട്ടെ കമ്യൂണിസ്റ്റുകാരായ യുവാക്കൾ തീരുമാനിച്ചു. 1949ൽ വൃശ്ചിക മാസത്തിൽ താഴ്ന്നജാതിക്കാരനായ യുവാവിനെ അമ്പലത്തിൽ പ്രവേശിപ്പിച്ചുകൊണ്ട്‌ മാറ്റത്തിന്റെ പേമാരി തീർക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.


കമ്യൂണിസ്റ്റ്‌ പോരാട്ടത്തിന്റെ കഥ പറയും ഈ തടയണ


പള്ളിക്കൽ ആറിനുകുറുകെ തിരുവിതാംകാർ ഭരണകാലത്ത് നിർമിച്ചത് എന്ന് കരുതപ്പെടുന്ന തടയണയ്ക്കും ശൂരനാട്ടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയുടെ കഥ പറയാനുണ്ട്. ശൂരനാട് സംഭവത്തിനുമുമ്പ് കമ്യൂണിസ്റ്റുകാർ ഒത്തുചേർന്നിരുന്നതും തീരുമാനങ്ങൾ കൈക്കൊണ്ടതും തടയണയ്ക്ക് സമീപത്തുനിന്നാണെന്ന്‌ ചരിത്രരേഖകളിൽ കാണാം.


പൊലീസിന്റെ ക്രൂരതകളിൽനിന്ന് രക്ഷനേടാനായി അണയ്ക്കു മറുകരയുള്ള തെങ്ങുംപറമ്പുകളിൽ പോരാളികൾ ഒളിവിൽ കഴിഞ്ഞിരുന്നു. വിശാലമായ പ്രദേശത്തെ ഇടതൂർന്ന തെങ്ങുംതോപ്പുകളും ആനയടി ഏലായും വിപ്ലവകാരികളുടെ ഒളിയിടങ്ങളായിരുന്നു. ആറിന് കുറുകെ സുർക്കയും മിശ്രിതവും ഉപയോഗിച്ച് പ്രത്യേക കണ്ണികൾ നിർമിച്ച്‌ തമ്പകത്തടിയുടെ ഇളക്കി മാറ്റാവുന്ന പലകകളും വച്ചായിരുന്നു വെള്ളം തടഞ്ഞുനിർത്തി ജലസേചനത്തിന് ഉപയോഗിച്ചിരുന്നത്.


ഓർമകൾ ഉറങ്ങും പൊയ്കയിൽ മൈതാനം


ശൂരനാട് രക്തസാക്ഷികളുടെ മണ്ഡപങ്ങൾ സ്ഥിതിചെയ്യുന്ന പൊയ്കയിൽ മൈതാനത്തിനും പോരാട്ടത്തിന്റെ കഥ പറയാനുണ്ട്. ജന്മിയെ ധിക്കരിച്ച് പ്രതിഷേധ പ്രകടനവും യോഗവും നടന്നത്‌ ഇവിടെയാണ്‌. ആദ്യ രക്തസാക്ഷി അനുസ്മരണയോഗവും ഇവിടെ നടന്നു. മൈതാനത്തിനു സമീപം അന്ന് പൊലീസ് ക്യാമ്പ് ചെയ്തിരുന്ന കെട്ടിടവും ഇവിടെയായിരുന്നു. അതിന്റെ ശേഷിപ്പുകൾ ഇന്നുമുണ്ട്‌. പൊതുകുളമായ ഉള്ളന്നൂർ കുളവും ശൂരനാട്ടെ കമ്യൂണിസ്റ്റ് ഓർമകളുടെ മറ്റൊരു അടയാളമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home