നയിക്കും ഉള്ളുതൊട്ടൊരീ വെളിച്ചം


സി കെ ദിനേശ്
Published on Mar 06, 2025, 01:30 PM | 2 min read
‘രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വേട്ടയാടലുകൾ ഇനിയുമുണ്ടായേക്കാം. അത് ഭയന്നിരുന്നാൽ കമ്യൂണിസ്റ്റ് പാർടിയിൽ പ്രവർത്തിക്കാനാകില്ല’–-- 2021ൽ നൽകിയ അഭിമുഖത്തിൽ കോടിയേരി ബാലകൃഷ്ണൻ കണ്ണിലെ തിളക്കം ഒട്ടുമിടയാതെ പറഞ്ഞ വാക്കുകൾ മറക്കുവതെങ്ങിനെ. എന്തിനായിരുന്നു ആ മനുഷ്യനെ നിഷ്കരുണം വേട്ടയാടിയതെന്ന് ആരാച്ചാർവേഷം കെട്ടിയവരോട് ചോദിച്ചാൽ അവർക്കു മറുപടിയുണ്ടാകില്ല. പുതിയ വേട്ടകളുടെ ആസൂത്രണത്തിലാണവർ. കോടിയേരി ഇന്നുണ്ടായിരുന്നെങ്കിൽ പുഞ്ചിരിച്ചുകൊണ്ട് പറയുമായിരുന്നു: ‘അവർ അതൊക്കെ ചെയ്യട്ടെ, ജനങ്ങൾ നമ്മോടൊപ്പമുണ്ടെങ്കിൽ നുണക്കോട്ടകളൊക്കെ പൊളിക്കാനാകും.’ കൊല്ലത്ത് ചെങ്കടലിരമ്പത്തോടെ സിപിഐ എം സംസ്ഥാന സമ്മേളനത്തിന് കൊടിയേറുമ്പോൾ ധീരനും സൗമ്യനുമായ കമ്യൂണിസ്റ്റ് കോടിയേരി ബാലകൃഷ്ണന്റെ സ്മരണകൾ അലയടിക്കുകയാണ്.
കൊല്ലത്തെ തെരുവുകളിൽ ജനഹൃദയങ്ങളിലെന്നപോലെ കോടിയേരിയുടെ ഛായാചിത്രങ്ങൾ തിളങ്ങുന്നു. പാർടി സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം, ജനപ്രതിനിധി, മന്ത്രി തുടങ്ങി കോടിയേരി ഏത് സ്ഥാനത്തിരുന്നതും ആ സ്ഥാനത്തിനായിരുന്നു മഹത്വം. മുന്നണിയിലോ കമ്മിറ്റികളിലോ ഏതെങ്കിലും വിഷയം തർക്കത്തിലേക്കു കടന്നാൽ അതിനെ നയതന്ത്രചാതുരിയോടെ കൈകാര്യംചെയ്യുക മാത്രമല്ല, ശരിയായ തീരുമാനത്തിലേക്ക് എല്ലാവരെയും എത്തിക്കുന്നതായിരുന്നു കോടിയേരി ശൈലി. സൗമ്യത ദൗർബല്യമല്ലെന്ന് തെളിയിച്ച എത്രയോ സമരമുഖങ്ങൾ. എളമരം കരീമിന്റെ മുഖത്തടിക്കണമെന്ന് ചാനൽ അവതാരകൻ ലൈവ് കൊടുത്തപ്പോൾ കോടിയേരി വെല്ലുവിളിച്ച് ചോദിച്ചു: ‘നിങ്ങളുടെ മുന്നിൽ കൊണ്ടുവന്ന് എളമരത്തെ നിർത്താം. ഒരാള്, ദേഹത്ത് ഒന്ന് തൊടാമോ’. ഒരുപക്ഷേ, കേരളം കാണാത്ത മറ്റൊരുമുഖം അന്ന് കോടിയേരിയിൽ കണ്ടു. പാർടി സമ്മേളനങ്ങൾ ഉജ്വലമായ ജനപങ്കാളിത്തത്തോടെ മുന്നേറുമ്പോഴും കേരളം വികസനത്തിന്റെ ചരിത്രപഥങ്ങൾ പിന്നിടുമ്പോഴും കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ ജനം കോടിയേരിയെ ഓർക്കുന്നു.
ദീർഘവീക്ഷണത്തോടെ അന്നേ കോടിയേരി പറഞ്ഞു: ‘വർഗീയശക്തികളും യുഡിഎഫും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളും നാളെ കേരളത്തിന്റെ വികസനത്തെയാകും തടസ്സപ്പെടുത്താൻ ശ്രമിക്കുക’. ഇന്ന് കേരളം കാണുന്നതും മറ്റൊന്നല്ല.
വ്യാജവാർത്തകൾകൊണ്ടുള്ള ആക്രമണങ്ങളുടെ നടുവിലും കുലുങ്ങാതെ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പംനിന്ന് തുടർഭരണമെന്ന ഐതിഹാസിക മുന്നേറ്റത്തിലേക്ക് കേരളത്തെ നയിക്കുകയായിരുന്നു കോടിയേരി. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും എറണാകുളത്ത് നടന്ന സംസ്ഥാനസമ്മേളനം ഏറെ പ്രതീക്ഷയോടെയും സ്നേഹത്തോടെയും കോടിയേരിയെ വീണ്ടും അമരക്കാരനാക്കി. പിന്നീട് ആരോഗ്യനില വഷളാകുകയും ഏവരെയും ദുഃഖത്തിലാഴ്‌ത്തി 2022 ഒക്‌ടോബർ ഒന്നിന് അദ്ദേഹം വിടപറയുകയുമായിരുന്നു.
കുത്തിനോവിച്ചവർക്കും ഒടുവിൽ എഴുതേണ്ടിവന്നു ‘ഇടതുമുന്നണിയുടെ മുഖപ്രസാദ’മെന്ന്. അതെ, നുണ–-വിദ്വേഷ പ്രചാരണങ്ങളുടെ കുത്തൊഴുക്കിൽ പതറാതെ, ഇടറാതെ മുന്നേറാൻ നിസ്വവർഗത്തിന് വഴിവിളക്കായി തിളങ്ങുന്ന പ്രത്യയശാസ്‌ത്രദാർഢ്യവും ജനകീയതയും സമന്വയിച്ച മുഖശോഭ–- അതാണ് കോടിയേരി.









0 comments