തവളകളിലെ വെെവിധ്യം

തവളകൾ അത്യന്തം വിചിത്രവും ശ്രദ്ധേയവുമായ ജീവിവർഗമാണ്. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ജീവികളാണിവ. ഇവ വലിയ തോതിൽ വംശനാശ ഭീഷണി നേരിടുകയാണ്. ഇന്ത്യയിൽ 420ൽ അധികം തവള ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. പശ്ചിമഘട്ടം, ഹിമാലയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ അപൂർവയിനത്തിൽപ്പെടുന്ന നിരവധി തവളയിനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അരുണാചൽ പ്രദേശിൽനിന്ന് ഒരു സംഘം ഗവേഷകർ അടുത്തിടെ കണ്ടെത്തിയ തവളയിനം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. പച്ചരക്തവും നീലഅസ്ഥികളുമുള്ള അപൂർവയിനം തവളയെ കണ്ടെത്തിയത് ഡൽഹി സർവകലാശാലയിലെ പരിസ്ഥിതി പഠനവിഭാഗം പ്രൊഫസർ ഡോ. എസ് ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഇന്ത്യയിൽ ഇത്തരത്തിലുള്ള തവളയെ കണ്ടെത്തുന്നത് ആദ്യം. മുളങ്കൂട്ടങ്ങൾക്കിടയിലാണ് സാധാരണ ഇവയെ കാണുക. ഏഷ്യയിൽ, വിയറ്റ്നാം, ലാവോസ്, ദക്ഷിണചൈന എന്നിവിടങ്ങളിൽനിന്നുള്ള ഗ്രാസിക്സലസ്ജനുസിലെ മറ്റ് 3 സ്‌പീഷീസുകൾ ഉൾപ്പെടെ, 2 മരത്തവള ജനുസുകൾ മാത്രമേ പച്ചരക്തവും നീലഅസ്ഥികളും കാണുന്നുള്ളൂ. വിസിൽ രൂപത്തിൽ ശബ്ദം പുറപ്പെടുവിക്കുന്ന ഇവ വളരെ ചെറുതായതിനാൽ കണ്ടെത്തുക പ്രയാസമാണ്. നിലവിൽ ഏഷ്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന 16 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന റാക്കോഫോറിഡേ കുടുംബത്തിലെ ഒരുകൂട്ടം മരത്തവളകളാണ് ഗ്രാസിക്സലസ്.









0 comments