ചന്ദ്രനിലേക്കുള്ള ദൂരം

appollo 11
വെബ് ഡെസ്ക്

Published on Aug 10, 2025, 12:00 AM | 2 min read

ഭൂമിയിൽനിന്ന്‌ ചന്ദ്രനിലേക്കുള്ള ദൂരം എത്രയെന്ന്‌ ആദ്യമായി കൃത്യമായി അളന്ന്‌ രേഖപ്പെടുത്തിയിട്ട്‌ ആഗസ്‌ത്‌ 20ന്‌ 56 വർഷം പിന്നിടുകയാണ്‌. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽകുത്തിയ ദിവസം തന്നെ ഇതിനായുള്ള സംവിധാനം അവിടെ സ്ഥാപിച്ചു. 1969 ജൂലൈ 20ന്‌ (ഇന്ത്യൻ തീയതി: ജൂലൈ 21)നാണ്‌ നീൽ ആംസ്ട്രോങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിൽ ആദ്യമായി റിട്രോറിഫ്ലെക്ടർ എന്നറിയപ്പെടുന്ന പ്രത്യേകതരം കണ്ണാടി സ്ഥാപിച്ചത്‌. ഇതിലേക്കുവരുന്ന പ്രകാശകിരണങ്ങളെ, അത് വന്ന ദിശയിലേക്ക് തന്നെ കൃത്യമായി പ്രതിഫലിപ്പിക്കുന്ന ഒരു ഉപകരണം. വ്യത്യാസമെന്തെന്നാൽ സാധാരണ കണ്ണാടികൾ പ്രകാശത്തെ ഒരു പ്രത്യേക കോണിൽ പ്രതിഫലിപ്പിക്കുമ്പോൾ, റിട്രോറിഫ്ലക്ടറുകൾ പ്രകാശ സ്രോതസ്സിലേക്കുതന്നെ പ്രകാശത്തെ തിരികെ അയക്കുന്നു. ലൂണാർ ലേസർ റേഞ്ചിങ്‌ റെട്രോറിഫ്ലക്ടർ (Lunar Laser Ranging Retroreflector -LRRR) എന്നായിരുന്നു അപ്പോളോ 11 യാത്രികർ ചന്ദ്രനിൽ സ്ഥാപിച്ച റിട്രോ റിഫ്ലെക്ടറിന്റെ പേര്.

ആഗസ്റ്റ് 20ന് ഈ റിട്രോറിഫ്ലെക്ടർ ഉപയോഗിച്ച് ചന്ദ്രനിലേക്കുള്ള ദൂരം കൃത്യമായി അളന്നു. അന്ന് മക്‌ഡൊണാൽഡ് ഒബ്സർവേറ്ററിയിൽനിന്ന് അയച്ച ലേസർകിരണം പാഞ്ഞിറങ്ങിയത് ചരിത്രത്തിലേക്കായിരുന്നു. ചന്ദ്രനിലെ റിട്രോ റിഫ്ലെക്ടറിൽത്തട്ടി ആ ലേസർരശ്മി തിരികെ ഭൂമിയിലെത്തി. ഭൂമിയിലിരുന്നുകൊണ്ട് ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ച് ചന്ദ്രനിലേക്കുള്ള ദൂരം കൃത്യമായി ആദ്യമായി അളന്നെടുത്തു. 3.87 ലക്ഷ കിലോമീറ്റർ എന്ന കൃത്യതയോടെ. ലേസർ രശ്‌മികൾ റെട്രോറിഫ്ലക്ടറുകളിലേക്ക്‌ അയച്ചാണ്‌ ദൂരം കണക്കാക്കുക.


അപ്പോളോ 11നുശേഷം പല രാജ്യങ്ങളുടെ ദൗത്യങ്ങളിലായി ഇന്ന് പത്തോളം റിട്രോറിഫ്ലെക്ടറുകളാണ് ചന്ദ്രനിലുള്ളത്. ഇതിലൊന്ന് ഐഎസ്‌ആർഒ വിക്ഷേപിച്ച ചാന്ദ്രയാൻ 3ൽ ഉള്ളതാണ്. വളരെ ചെറുതാണിത്‌. മാത്രമല്ല ഭൂമിയിൽനിന്നുള്ള ദൂരമളക്കാൻ കഴിയുന്ന ഭാഗത്തുമല്ല ഇത്‌ സ്ഥാപിച്ചിരിക്കുന്നത്. ചന്ദ്രനുചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങൾക്ക് ചാന്ദ്രയാൻ ഇറങ്ങിയ സ്ഥാനം കൃത്യമായി കണക്കാക്കാൻ വേണ്ടിയാണ് ഇത് രൂപകൽപ്പന ചെയ്തത്. ചൈനയുടെ ചാങ്ഇ 6 ദൗത്യം റിട്രോറിഫ്ലെക്ടർ സ്ഥാപിച്ചിരിക്കുന്ന ചന്ദ്രന്റെ മറുവശത്താണ്. ഭൂമിയിൽനിന്ന്‌ നോക്കിയാൽ കാണാൻ കഴിയാത്ത സ്ഥലത്ത്. അതും ചന്ദ്രനെ ചുറ്റുന്ന ഉപഗ്രഹങ്ങൾക്കാണ് പ്രയോജനപ്പെടുക. പഴയ സോവിയറ്റ്‌ യൂണിയന്റേയും റിഫ്ലെക്ടറുകളും സജീവമാണ്‌. ചന്ദ്രൻ പ്രതിവർഷം 3.8 സെന്റിമീറ്റർ വീതം അകലുന്നതായുള്ള കണ്ടെത്തലും സമീപകാലത്ത്‌ ശാസ്‌ത്രലോകം നടത്തിയിരുന്നു.


ചൈനയുടെ പുതിയ പരീക്ഷണം


അതിനിടെ ചൈന സമീപകാലത്ത്‌ നടത്തിയ പരീക്ഷണം ഏറെ ശ്രദ്ധിക്കപ്പെട്ടു. പകൽ സമയത്ത്‌ ലേസർ രശ്‌മികളയച്ച്‌ ചന്ദ്രനിലേക്കുള്ള ദൂരം കണക്കാക്കുന്ന സംവിധാനമാണ്‌ അവർ പരീക്ഷിച്ചത്‌.


ലേസർ രശ്മികൾ ഭൂമിയിൽനിന്ന്‌ അയച്ച് അത് അതേപോലെ കൃത്യമായി തിരിച്ചെത്തിയാലേ ലേസർ റേഞ്ചിങ് എന്ന പരിപാടി കൃത്യതയോടെ നടക്കൂ. ഇതിന് രാത്രിയാണ് ഏറ്റവും അനുയോജ്യം. പകൽ സൂര്യപ്രകാശം ഉള്ളതിനാൽ ലേസർരശ്മികൾ തന്നെയാണോ തിരിച്ചെത്തിയത് എന്നതൊക്കെ കൃത്യതയോടെ മനസ്സിലാക്കുക ഏറെ പ്രയാസമാണ്. ഇവിടെയാണ് ചൈനയുടെ പരീക്ഷണം വിജയിച്ചിരിക്കുന്നത്. ചൈനീസ് അക്കാദമി ഓഫ് സയൻസിന്റെ കീഴിലുള്ള യുനാൻ അസ്‌ട്രോണമിക്കൽ ഒബ്സർവേറ്ററിയിലെ ഗവേഷകരാണ്‌ ഇത് സാധ്യമാക്കിയത്. തങ്ങളുടെ അടുത്തുള്ള 1.2 മീറ്റർ വ്യാസമുള്ള ഒരു ടെലിസ്കോപ്പിൽ ഘടിപ്പിച്ച ഇൻഫ്രാറെഡ് ലേസർ സംവിധാനം ഉപയോഗിച്ചായിരുന്നു ഇവരുടെ നിരീക്ഷണം.

എന്നാൽ ചന്ദ്രന്റെ ഉപരിതലത്തിൽ സ്ഥാപിച്ച റിട്രോറിഫ്ലെക്ടർ ഉപയോഗിച്ചല്ല ഇവർ പരീക്ഷണം നടത്തിയത്. അവരുടെ ടിയാൻഡു-1 ഉപഗ്രഹത്തിലുള്ള റിട്രോറിഫ്ലെക്ടറിനെയാണ്‌ ഉപയോഗപ്പെടുത്തിയായിരുന്നു ഇത്‌. രാത്രിയിൽമാത്രം സാധ്യമാകുന്ന ലേസർ റേഞ്ചിങ് അവർ പകൽസമയത്തുതന്നെ വിജയകരമായി പരീക്ഷിച്ചു. മനുഷ്യനെ ചന്ദ്രനിലേക്ക്‌ അയക്കാനും അവിടെ മനുഷ്യക്കോളനികൾ സ്ഥാപിക്കാനുമുള്ള ശ്രമത്തിലാണ്‌ ചൈന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home