ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത; ചരിത്രം കുറിച്ച് സുനിത വില്യംസ്

Video Grabbed Image. PHOTO: NASA
വാഷിങ്ടൺ: ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോർഡ് ഇനി സുനിത വില്യംസിന് സ്വന്തം. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിന് പുറത്തേക്ക് വീണ്ടും നടന്നാണ് ഈ ചരിത്ര നേട്ടം സുനിത സ്വന്തമാക്കിയിരിക്കുന്നത്. സഹയാത്രികനായ യൂജിൻ ബുച്ച് വിൽമോറും നടത്തത്തിൽ സുനിതയ്ക്കൊപ്പമുണ്ടായിരുന്നു.
സുനിത വില്യംസിന്റെ ഒമ്പതാമത്തെ ബഹിരാകാശ നടത്തമാണിത്. സ്റ്റാർലൈനറിൽ ബഹിരാകാശ നിലയത്തിലെത്തി ഏഴ് മാസങ്ങൾക്ക് ശേഷമുള്ള രണ്ടാമത്തേതും. 62 മണിക്കൂറും ആറ് മിനിട്ടുമാണ് സുനിത ബഹിരാകാശത്ത് നടന്നത്. ഇതോടെ നാസയുടെ പെഗ്ഗി വിൻസ്റ്റണിന്റെ റെക്കോർഡാണ് സുനിത മറികടന്നത്. പത്ത് ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റുമാണ് പെഗ്ഗി ആകെ ചെലവിട്ടത്.
ഇന്ത്യൻ സമയം വൈകീട്ട് 6.30നാണ് സുനിതയും ബുച്ചും നിലയത്തിൽ നിന്ന് പുറത്തിറങ്ങിയത്. ഏകദേശം ആറര മണിക്കൂർ നിലയത്തിന് പുറത്ത് ചെലവഴിക്കാനാണ് സാധ്യത. അറ്റകുറ്റപ്പണികൾക്കും ബഹിരാകാശത്ത് സൂക്ഷ്‌മജീവികൾ എങ്ങനെ ജീവിക്കുന്നുവെന്ന പഠനത്തിന്‍റെ ഭാഗമായുണാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ നിന്നും പുറത്തിറങ്ങിയത്.
ഒമ്പതാമത്തെ നടത്തം കൂടി പൂർത്തിയാകുന്നതോടെ ഏറ്റവും പരിചയസമ്പന്നയായ വനിത സ്‌പേസ്‌വാക്കർ ആവാൻ സുനിത വില്യംസിന് സാധിക്കും. 10 ബഹിരാകാശ നടത്തങ്ങളിലായി 60 മണിക്കൂറും 21 മിനിറ്റും ചെലവഴിച്ച പെഗ്ഗി വിറ്റ്‌സൺ ആണ് നിലവിൽ കൂടുതൽ ബഹിരാകാശ നടത്തം നടത്തി റെക്കോർഡ് സ്വന്തമാക്കിയ വനിത. എന്നാൽ ഈ നടത്തം പൂർത്തിയാക്കുന്നതോടെ പെഗ്ഗിയെ മറികടക്കാൻ സുനിതയ്‌ക്കാവും.
ബഹിരാകാശത്ത് സുനിത വില്യംസും ബുച്ച് വിൽമോറും നടക്കുന്നത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ലൈവായി കാണാൻ സാധിക്കും. നാസയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലുൾപ്പെടെ ലൈവ് പോകുന്നുണ്ട്.









0 comments