അന്റാർട്ടിക്കയിലേക്ക് ഇന്ത്യയിൽ നിന്ന് നേരിട്ട് ആദ്യത്തെ ചരക്ക് വിമാനം പറന്നുയർന്നു

file pic
പനാജി: ഇന്ത്യയിൽ നിന്ന് നേരിട്ട് അന്റാർട്ടിക്കയിലേക്ക് ആദ്യത്തെ കാർഗോ ഫ്ലൈറ്റ് പുറപ്പെട്ടു. ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (മൊപ്പ) 18 ടൺ ശാസ്ത്രീയ ഉപകരണങ്ങൾ, മരുന്നുകൾ, വാർഷിക ആവശ്യ വസ്തുക്കൾ എന്നിവ അടങ്ങിയ IL-76 ചരക്ക് വിമാനം വെള്ളിയാഴ്ച പറന്നുയർന്നു.
ദേശീയ പോളാർ ഒഷ്യൻ ഗവേഷണ കേന്ദ്രം (NCPOR) ഡയറക്ടർ ഡോ തമ്പാൻ മെലോത്ത് മിഷൻ ഫ്ലാഗ് ഓഫ് ചെയ്തു. DROMLAN പദ്ധതിയുടെ ഭാഗമായ IL-76 വിമാനം ദക്ഷിണാഫ്രിക്കയിലെ കെയ്പ് ടൗൺ വഴി ആന്റാർട്ടിക്കയിലെ നോവോ (Novolazarevskaya) വിമാനത്താവളത്തിലേക്ക് നേരിട്ട് ചരക്ക് എത്തിക്കും.
ധ്രുവമേഖലിയിലെ ഭാരതി സ്റ്റേഷനിലേക്ക് ബാസ്ലർ അല്ലെങ്കിൽ ട്വിൻ ഓട്ടർ വിമാനം ഉപയോഗിച്ച് ചരക്ക് എത്തിക്കുന്ന ഈ യാത്ര ഏകദേശം 10-12 മണിക്കൂർ സമയം എടുക്കുന്നതാണ്.
ദക്ഷിണാഫ്രിക്കൻ പങ്കാളികളുമായി ചേർന്നാണ് ഈ മിഷൻ നടപ്പിലാക്കിയത്. ഡ്രോണിംഗ് മൗഡ് ലാൻഡ് എയർ നെറ്റ്‌വർക്ക് പ്രോജക്റ്റായ ഡ്രോംലാൻ, ഇന്ത്യ, ജപ്പാൻ, റഷ്യ എന്നീ മൂന്ന് ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ 11 രാജ്യങ്ങളുടെ സഹകരണത്തോടെയാണ് പ്രവർത്തിക്കുന്നത്. ബെൽജിയം, ജർമ്മനി, ഫിൻലാൻഡ്, നെതർലാൻഡ്‌സ്, യുകെ, സ്വീഡൻ, ദക്ഷിണാഫ്രിക്ക, നോർവേ എന്നിവയാണ് മറ്റ് അംഗങ്ങൾ. അന്റാർട്ടിക്ക് ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള ലോജിസ്റ്റിക്‌സിനെ ഈ പദ്ധതി ഏകോപിപ്പിക്കുന്നു.
2022-ൽ ആണ് നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (NCPOR) ഇന്ത്യയുടെ അന്റാർട്ടിക്കയിലേക്കുള്ള ആദ്യത്തെ കാർഗോ വിമാന സർവീസ് ആരംഭിച്ചത്. ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ ഒരു സ്റ്റോപ്പ് ഓവറോടെയാണ് സർവ്വീസ് നടത്തിയിരുന്നത്. ഇതിനുമുമ്പ്, ലോജിസ്റ്റിക്കൽ പിന്തുണ പ്രധാനമായും കടൽ റൂട്ടുകളെ ആശ്രയിച്ചിരുന്നു. അവ പലപ്പോഴും പ്രവചനാതീതമായ കാലാവസ്ഥയ്ക്ക് വിധേയമായിരുന്നു. ഇപ്പോൾ നേരിട്ട് പറക്കാനുള്ള സാഹചര്യം ഒരുങ്ങുകയാണ്.
ഗോവയിലെ വാസ്കോഡ ഗാമയിൽ സ്ഥിതി ചെയ്യുന്ന ഒരു ഇന്ത്യൻ ഗവേഷണ വികസന സ്ഥാപനമാണ് നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച് (NCPOR). കൊൽക്കത്ത ആസ്ഥാനമായുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ലിമിറ്റഡും (ജിആർഎസ്ഇ) നോർവേയിലെ കോങ്‌സ്‌ബെർഗും രാജ്യത്തെ ആദ്യത്തെ പോളാർ റിസർച്ച് വെസ്സൽ (പിആർവി) തദ്ദേശീയമായി നിർമ്മിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ജൂണിൽ ഒപ്പുവച്ചിട്ടുണ്ട്. നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിന്റെ (എൻസിഒപിആർ) ആവശ്യകതകൾ കണക്കിലെടുത്ത് പോളാർ റിസർച്ച് വെസ്സൽ വികസിപ്പിക്കുന്നതിനുള്ള ഡിസൈൻ വൈദഗ്ദ്ധ്യം ജിആർഎസ്ഇക്ക് കൈമാറാനും ധാരണയുണ്ട്.









0 comments