ഉൽക്കകളെ പ്രതിരോധിക്കാൻ

ഡോ. അശ്വിൻ ശേഖർ
Published on May 18, 2025, 12:00 AM | 2 min read
ഉൽക്കകൾ ഭൂമിയിൽ വന്നുപതിക്കുന്നത് അത്രയ്ക്ക് അപൂർവമല്ല. പക്ഷേ ഭൂപ്രദേശത്ത് പതിക്കുന്നത് വിരളമാണെന്ന് പറയാം. ഭൂമിയുടെ ഉപരിതലത്തിൽ ഭൂരിഭാഗവും സമുദ്രമായതിനാലാണ്. 1908 ജൂൺ 30ന് റഷ്യയുടെ സൈബീരിയൻ പ്രദേശത്തെ ടങ്സ്ക നദിയുടെ പരിസരത്തുള്ള കാട് ഒറ്റയടിക്ക് കത്തി നശിച്ചു. പതിനായിരക്കണക്കിന് മരങ്ങൾ നിമിഷനേരം കൊണ്ട് ആവിയായി! ഏകദേശം 50 മീറ്റർ വലുപ്പമുള്ള ഉൽക്ക ഭൂമിയുടെ അന്തരീക്ഷത്തിൽ സ്ഫോടനം സൃഷ്ടിച്ചതാണ് ഒരു കൊടുംകാട് തന്നെ ഇല്ലാതാകാൻ കാരണം.
12 വർഷംമുമ്പ് റഷ്യയിലെ ചെലയബിൻസ്കിൽ ഏകദേശം 20 മീറ്റർ വലുപ്പമുള്ള ഒരു ഉൽക്ക ഭൂമിയുടെ അന്തരീക്ഷത്തിലെത്തി പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൻ നാശനഷ്ടമാണുണ്ടായത്. സ്‌ഫോടനത്തെ തുടർന്നുള്ള ഷോക്ക് വേവിൽ നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നിരുന്നു. സ്ഫോടനത്തിനുശേഷം അവശേഷിച്ച ഉൽക്കാശിലകൾ ചെലയബിൻസ്ക് ഗ്രാമത്തിലെ ചുറ്റുവട്ടങ്ങളിൽനിന്ന് ഗവേഷകർക്ക് ലഭിച്ചു. രണ്ടാം ലോക മഹായുദ്ധത്തിൽ ഹിരോഷിമയിൽ ഉപയോഗിച്ച ആണുബോംബിന്റെ 30 ഇരട്ടി ഊർജമാണ് ഈ ഉൽക്കാസ്ഫോടനത്തിൽ ഉണ്ടായത്. പക്ഷേ ഈ ഉൽക്ക അന്തരീക്ഷത്തിൽ 30 കിലോമീറ്റർ ഉയരത്തിൽ പൊട്ടിത്തെറിച്ചതിനാൽ ആഘാതം കുറഞ്ഞുവെന്നുമാത്രം.
ബാരിങ്ങർ ക്രെറ്റർ
അമേരിക്കയുടെ അരിസോണ മരുഭൂമിയിൽ ബാരിങ്ങർ ക്രെറ്റർ വിനോദ സഞ്ചാരികളുടെ ഇഷ്ടമേഖലയാണ്. ഏകദേശം 50,000 വർഷം പഴക്കമുള്ള 1.2 കിലോമീറ്റർ വ്യാസമുള്ള ഒരു ഗർത്തമാണിത്. അക്കാലത്തെ ഉൽക്കാപതനത്തിന്റെ കൈയൊപ്പാണിത്. ഡാനിയൽ ബാരിങ്ങറെന്ന ഭൗമശാസ്ത്രജ്ഞനാണ് ഈ ഗർത്തം ഉൽക്കാപതനം മൂലമുണ്ടായതാണെന്ന ആശയം മുന്നോട്ടുവച്ചത്.
65 മില്യൺ വർഷങ്ങൾക്കുമുമ്പ് 15 കിലോമീറ്റർ വലുപ്പമുള്ള കൂറ്റൻ ഉൽക്ക (ഛിന്നഗ്രഹം) ഭൂമിയിൽ വന്നുപതിച്ചതാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായത്. കടലിനടിയിൽ തെളിവായി 150 കിലോമീറ്റർ വ്യാസമുള്ള ഗർത്തം ഭൗമശാസ്‌ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. ഉൽക്കാ ശാസ്ത്രവും പഠനവും ഏറെ പ്രാധാന്യമുള്ളതാണ്. ദിനോസറിന് സംഭവിച്ച പോലെ മനുഷ്യന് സംഭവിച്ചേക്കാം. അതുകൊണ്ടു തന്നെ ഇത്തരം ഭീഷണിയെ നേരിടാൻ നാം തയ്യാറെടുക്കേണ്ടതുണ്ട്. റഷ്യയും ചൈനയും അമേരിക്കയും യൂറോപ്പും ജപ്പാനുമെല്ലാം ഇതിന് മുന്തിയ പരിഗണന നൽകുന്നുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും പിന്നിലാണെന്ന് പറയേണ്ടി വരും.
പ്ലാനറ്ററി ഡിഫൻസ്
3 വർഷംമുമ്പ് നാസ പരീക്ഷിച്ച ഡാർട് (DART –--ഡബിൾ അസ്റ്റീറോയ്ഡ് റീഡിറക്ഷൻ ടെസ്റ്റ്) ദൗത്യം ഭൂമിക്ക് അപകടകരമായ ഉൾക്കകളിൽനിന്ന് രക്ഷിക്കാനുള്ള മനുഷ്യന്റെ ആദ്യ ചുവടുവയ്‌പ്പാണ്. ഒരു ബഹിരാകാശപേടകം തൊടുത്തുവിട്ട് ഉൽക്കയുടെ മുകളിൽ ഒരു ചെറു സ്ഫോടനം സൃഷ്ടിച്ച് അതിന്റെ ഗതി മാറ്റിവിടുകയെന്ന ലക്ഷ്യം നേടുന്നതിൽ ദൗത്യം വിജയിച്ചു. ബഹിരാകാശ ഗവേഷണരംഗത്തെ നാഴികക്കല്ലാണിത്. യൂറോപ്യൻ സ്പേയ്‌സ് ഏജൻസി കഴിഞ്ഞ വർഷം വിക്ഷേപിച്ച ഹേരാ (HERA) ഛിന്നഗ്രഹങ്ങളുടെയും ഉൾക്കകളുടെയും പാത തിരിച്ചുവിടുന്നതിനുള്ള ദൗത്യമാണ്.
ഈ വർഷം തുടക്കത്തിൽ ജ്യോതിശാസ്ത്രസമൂഹത്തെ അൽപ്പം പരിഭ്രാന്തിയിൽ ആക്കിയ ഒരു കണ്ടുപിടിത്തം ഉണ്ടായി. 60 മീറ്റർ വലുപ്പമുള്ള (ഏകദേശം 15 നില കെട്ടിടത്തിന്റെ വലിപ്പം) 2024 YR4 എന്ന ഛിന്നഗ്രഹം 2032 ഡിസംബർ 22ന് ഭൂമിയിൽ പതിക്കാൻ സാധ്യതയുണ്ടെന്ന ശാസ്‌ത്ര നിഗമനം കൂടുതൽ ഗൗരവകരമാണ്. ഭൂമിയുമായുള്ള കൂട്ടിയിടിയിൽ ഹിരോഷിമയിലിട്ട ആണുബോംബിന്റെ 500 ഇരട്ടി ഊർജത്തിന്റെ ആഘാതം ഉണ്ടായേക്കാമെന്നാണ് കണക്ക്. എന്നാൽ ഛിന്നഗ്രഹത്തിന്റെ പാത മാറുമെന്ന പുതിയ പഠനങ്ങൾ വരുന്നുണ്ടെങ്കിലും ഭാവിയിലുണ്ടായേക്കാവുന്ന ഭീഷണിയെ നേരിടാൻ കരുതിയിരുന്നേ മതിയാവൂ.
പ്ലാനറ്ററി ഡിഫെൻസ് എന്ന മേഖല ഒരു രാജ്യത്തിൽമാത്രം ഒതുങ്ങി നിൽക്കുന്ന കാര്യമല്ല. തീരദേശത്തിന് അടുത്ത് കടലിലാണ് ഒരു ഛിന്നഗ്രഹം പതിക്കുന്നത് എങ്കിൽ ആ സുനാമി അടുത്തുള്ള രാജ്യങ്ങളെയും പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ രാജ്യാതിർത്തികൾ നോക്കാതെ ഒറ്റകെട്ടായി പ്രവർത്തിക്കാൻ പറ്റുന്ന ഒരു മേഖലയാണ് പ്ലാനറ്ററി ഡിഫെൻസ്.
(ഇന്ത്യയിൽനിന്നുള്ള ആദ്യ പ്രൊഫഷണൽ ഉൽക്കാ ശാസ്ത്രജ്ഞനാണ് ലേഖകൻ)








0 comments