ചൊവ്വയിൽ ജീവൻ

life on mars
avatar
നവനീത്‌കൃഷ്‌ണൻ എസ്‌

Published on Sep 26, 2025, 11:02 AM | 3 min read

​ചൊവ്വയിൽ പര്യവേക്ഷണം നടത്തുന്ന ഏറ്റവും ആധുനികമായ റോവറാണ് നാസയുടെ പേഴ്സെവെറൻസ്. അത്‌ ശേഖരിച്ച ഒരു ചൊവ്വാസാമ്പിളിൽ നടത്തിയ പഠനം, ചൊവ്വയിൽ ഒരിക്കൽ ജീവനുണ്ടായിരുന്നു എന്ന സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. ഭൂമിക്ക് പുറത്ത് ജീവനുണ്ടായിരുന്നെന്നോ നിലവിലുണ്ടോ എന്നുള്ള അന്വേഷണത്തിലാണ്‌ ശാസ്ത്രലോകം. അതിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഒരു ഗോളമാണ് ചൊവ്വ.

​​ജലമുണ്ടെങ്കിൽ ജീവനും

നമുക്ക് അറിയാവുന്നതരത്തിലുള്ള ജീവൻ ഉണ്ടാകണമെങ്കിൽ പല സവിശേഷ സാഹചര്യങ്ങളും ഒത്തുവരേണ്ടതുണ്ട്. അതിൽ ഏറ്റവും കൂടുതൽ പ്രാധാന്യം ജലത്തിനാണ്. അതിനാൽത്തന്നെ ജീവനെ അന്വേഷിക്കുമ്പോൾ ആദ്യം നാം അന്വേഷിക്കുന്നത് ജലംതന്നെയാണ്. പല ഗ്രഹങ്ങളിലും ഏതെങ്കിലുമൊക്കെ രൂപത്തിൽ ജലസാന്നിധ്യം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.

​ഫ്ലാഷ്‌ബാക്ക്‌

​ഇന്നത്തെ വരണ്ടുണങ്ങിയ ചൊവ്വയായിരുന്നില്ല പണ്ടത്തെ ചൊവ്വ. ഏകദേശം നാലു ബില്യൺ വർഷംമുമ്പ് തികച്ചും വ്യത്യസ്തതയായിരുന്നു. കടലും ജലാശയങ്ങളും പുഴകളും ഒക്കെയുള്ള ജലത്താൽ സജീവമായ ഒരു ഗ്രഹം. 4.1 ബില്യൺ വർഷംമുതൽ 3.7 ബില്യൺ വർഷം മുമ്പുവരെയുള്ള ചൊവ്വയുടെ കാലം നൊവാകിയൻ (Noachian) എന്നാണ് അറിയപ്പെടുന്നത്. ഇന്നത്തേക്കാൾ ചൂടുള്ള കാലാവസ്ഥയായിരുന്നു അന്ന് ചൊവ്വയുടേത്. അന്തരീക്ഷമർദവും ഇന്നത്തേക്കാൾ ഏറെ ഉയർന്നതും. ഉപരിതലത്തിലെ ജലം ജലമായിത്തന്നെ നിലനിൽക്കാൻ ഈ അന്തരീക്ഷമർദം സഹായിച്ചിട്ടുണ്ടാകണം. എന്തായാലും വലിയ സമുദ്രങ്ങൾ ചൊവ്വയിലുണ്ടായിരുന്നു.

അഗ്നിപർവതങ്ങളും അവിടെ സാധാരണമായിരുന്നു. ഭൂമിയിൽ ജീവൻ ഉടലെടുത്തതും ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് എന്നതും ഓർക്കണം. എന്നാൽ, സ്വന്തം അന്തരീക്ഷം പിടിച്ചുനിർത്താനുള്ള ഗുരുത്വാകർഷണം ചൊവ്വയിൽ കാര്യമായി ഉണ്ടായിരുന്നില്ല. 3.7 ബില്യൺ വർഷംമുതൽ മൂന്നു ബില്യൺ വർഷംവരെയുള്ള കാലം ചൊവ്വ പതിയെ തന്റെ പ്രതാപം വിട്ടൊഴിയാൻ തുടങ്ങി. അന്തരീക്ഷം ഇല്ലാതാവുകയും സമുദ്രങ്ങളെല്ലാം പതിയെ ബാഷ്പീകരിച്ച്‌ ഇല്ലാതാവുകയും ചെയ്‌തു. അപ്പോഴും കുറെയൊക്കെ ജലം ചൊവ്വയിൽ ഉണ്ടായിരുന്നു. താപനിലയും മർദവും വളരെ താഴ്ന്നു. വെള്ളം പിന്നെയും നഷ്ടപ്പെട്ടു. വളരെയധികം കുറഞ്ഞു. എവിടെയൊക്കെയോ ബാക്കിയുണ്ടായിരുന്ന കുറച്ച്‌ വെള്ളമെല്ലാം ഐസായി മാറി.

പണ്ട് വെള്ളമൊഴുകിയ കാലഘട്ടം ജീവന്റെ രൂപീകരണത്തിനും വികാസത്തിനും ഏറെ അനുയോജ്യമായിരുന്നു. അന്നത്തെ വലിയ ജലാശയങ്ങളുടെ ഇടം കൂടുതൽ പഠിക്കേണ്ടതിന്റെ ആവശ്യകത ഗവേഷകർക്ക്‌ ബോധ്യപ്പെട്ടു. ചൊവ്വയിലേക്ക് ജീവനെ അന്വേഷിച്ചുള്ള പര്യവേക്ഷണങ്ങൾക്ക് ഏറെ പ്രാധാന്യം വന്നത് അങ്ങനെയാണ്.


mars

​ക്യൂരിയോസിറ്റി കണ്ടു


​2012ൽ ചൊവ്വയിലെത്തിയ നാസയുടെ ക്യൂരിയോസിറ്റി റോവറാണ് നിർണായക വിവരങ്ങൾ നൽകിയത്‌. സഞ്ചരിക്കുന്ന ഒരു ലബോറട്ടറിയായിരുന്നു അത്‌. പണ്ട് ജലാശയമായിരുന്ന ഗെയിൽ ക്രേറ്ററിലാണ് ക്യൂരിയോസിറ്റി ഇറങ്ങിയത്‌. പണ്ട് ജലമുണ്ടായിരുന്നതിന്റെ നിർണായക തെളിവുകൾ നൽകാൻ റോവറിനായി.

ഗെയിൽ ക്രേറ്ററിലെ ഒരു പ്രദേശത്ത് കളിമൺ ധാതുക്കൾ (clay minerals) കണ്ടെത്തിയതാണ് നിർണായകമായത്. ജലസമൃദ്ധമായ, എന്നാൽ സൂക്ഷ്‌മാണുക്കൾക്ക്‌ വളരാൻ അനുയോജ്യമായ ഇടമായിരുന്നു എന്നതിന്റെ തെളിവായിരുന്നു അത്. പാറകളിൽ നൈട്രജന്റെ സാന്നിധ്യവും കണ്ടെത്തി. ഡിഎൻഎ പോലുള്ള പല തന്മാത്രകൾക്കും നൈട്രജൻ കൂടിയേതീരൂ. പിന്നീട് ചില ജൈവ തന്മാത്രകളെക്കൂടി കണ്ടെത്തി. ക്ലോറോബെൻസീൻ, തിയോഫീൻ പോലുള്ള ജൈവ തന്മാത്രകൾ. മീഥെയിൻ വാതകത്തിന്റെ സാന്നിധ്യവും ജീവൻ ഉണ്ടായിരുന്നതിന്റെ ഒരു സൂചനയായി കണക്കാക്കാം. ക്യൂരിയോസിറ്റി ദൗത്യം ഇപ്പോഴും സജീവമാണ്‌.

​​ജസീറോ ഗർത്തത്തിലെ തുടിപ്പ്‌

​ക്യൂരിയോസിറ്റിയേക്കാൾ മികച്ച പരീക്ഷണശാലയും പേറിയാണ് പേഴ്സെവെറൻസ് പേടകം 2021ൽ ചൊവ്വയിലെ ജസീറോ ക്രേറ്ററിൽ ഇറങ്ങിയത്. പ്രാചീന ജീവന്റെ സാന്നിധ്യം തിരയുന്നതിനൊപ്പം ചൊവ്വയിൽനിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് സുരക്ഷിതമായ കുഴലുകളിലാക്കി ദീർഘകാലത്തേക്ക് സൂക്ഷിക്കാനുള്ള സംവിധാനവും അതിലുണ്ട്. പേഴ്സെവെറൻസ് നടത്തിയ ഒരു പഠനമാണ് ഇപ്പോൾ ഏറെ ചർച്ചാവിഷയമായിരിക്കുന്നത്.

ജസീറോ ഗർത്തത്തിൽ ഒരു നദിയൊഴുകിയിരുന്നു എന്ന് കരുതപ്പെടുന്ന ഭാഗമുണ്ട്. 2024ൽ അവിടെ കണ്ട ഒരു പാറ ശാസ്ത്രജ്ഞരുടെ ശ്രദ്ധയാകർഷിച്ചു. ഹേമറ്റൈറ്റ് അടങ്ങിയ ഈ പാറയിൽ കാൽസ്യം സൾഫേറ്റിന്റെ അംശവും ധാരാളമായി ഉണ്ടായിരുന്നു. തവിട്ടുനിറമുള്ള ഈ പാറയിൽ അങ്ങിങ്ങായി വെളുത്ത നിറത്തിലുള്ള അടയാളങ്ങൾ. ചെയാവ ഫാൾസ് എന്നാണ് ഗവേഷകർ ഈ പാറയ്ക്ക്‌ പേരു നൽകിയത്. ഇവിടെനിന്ന്‌ ശേഖരിച്ച സഫയർ കാന്യൺ എന്നു വിളിക്കുന്ന സാമ്പിളിന്റെ പ്രാഥമികപഠനം പേഴ്സെവെറൻസ്‌ തന്നെ ചെയ്തു.

ജീവന്റെ അടയാളം (ബയോസിഗ്നേച്ചർ) ഉണ്ടാകാൻ ഏറെ സാധ്യതയുള്ള സാമ്പിളാണിത്‌. ജൈവികമായ എന്തെങ്കിലും പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഘടനയോ ധാതുക്കളോ ഒക്കെയാണ് ബയോസിഗ്നേച്ചർ എന്ന് അറിയപ്പെടുന്നത്. പൊട്ടൻഷ്യൽ ബയോസിഗ്നേച്ചർ ചൊവ്വയിൽ കണ്ടെത്തുക എന്നതുതന്നെ വലിയ കാര്യമാണ്. എന്നാൽ, വിശദമായ പഠനം വേണ്ടിവരും.

ചെയാവ ഫാൾസ് പാറയിൽ നടത്തിയ പഠനത്തിൽ രാസവസ്തുക്കൾ മൈക്രോബുകൾക്ക് ഊർജം നൽകാൻ കഴിവുള്ളവയാണെന്ന്‌ കണ്ടെത്തി. ആ പാറയിൽ വളരെ ചെറിയ പൊട്ടുപോലെയുള്ള അടയാളങ്ങളുണ്ട്‌. പാറയിലുണ്ടായിരുന്ന കാർബണും സൾഫറും ഫോസ്ഫറസുമെല്ലാം ഉപയോഗിച്ച് ഊർജം സ്വീകരിക്കുന്ന ഒരു മൈക്രോബിയൽ ജീവൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അത് അത്തരമൊരു അടയാളം അവിടെ അവശേഷിപ്പിക്കുമായിരുന്നു. അതായത് ആ പാറയിൽ കണ്ടെത്തിയ അടയാളങ്ങൾ ഒരുപക്ഷേ ഒരു സൂക്ഷ്‌മജീവി ഉണ്ടാക്കിയതാകാം. ചൊവ്വയിലെ ധ്രുവപ്രദേശങ്ങളിൽ നിലവിൽ ജലസാന്നിധ്യം ഉള്ളതായി സ്ഥിരീകരിച്ചിട്ടുമുണ്ട്‌.

​2033ൽ സാമ്പിൾ ഭൂമിയിലെത്തും

2028ൽ നടക്കുമെന്നു പ്രതീക്ഷിക്കുന്ന ദൗത്യമാണ് മാർസ് സാമ്പിൾ റിട്ടേൺ മിഷൻ. പേഴ്സെവെറൻസ് ശേഖരിച്ചുവച്ചിരിക്കുന്ന വിവിധ സാമ്പിളുകൾ ഭൂമിയിലേക്ക് എത്തിക്കാനുള്ള ഒരു ദൗത്യമാണിത്. 2033ൽ സാമ്പിളുകൾ ഭൂമിയിലെത്തും. അതിൽ മുകളിൽ പറഞ്ഞ സഫയർ കാന്യൺ സാമ്പിളും ഉണ്ടാകും. ഭൂമിയിലെ വിശാലമായ ലാബിൽ ഇതെല്ലാം പഠനവിധേയമാക്കുന്നതോടെ ചൊവ്വയുടെ ചുരുളുകൾ അഴിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home