ജെയിൻ ഗുഡാളും ചിമ്പാൻസികളും

നര-വാനര ശാസ്ത്രജ്ഞ ജെയിൻ ഗുഡാളിനെപ്പറ്റി 2003 ജൂലൈ ലക്കം ശാസ്ത്രകേരളത്തിൽ ഡോ. ബാലകൃഷ്ണൻ ചെറൂപ്പ എഴുതിയ ലേഖനം
ആഫ്രിക്കൻ വനാന്തരങ്ങളിൽ താമസിച്ച് ചിമ്പാൻസികളെ പഠിക്കാൻ ഒരു ഇംഗ്ലീഷ് യുവതി തയ്യാറാവുക, 43 വർഷങ്ങളോളം ആ പഠനം തുടർന്നുപോവുക, ഇതൊക്കെ അവിശ്വസനീയമായിത്തോന്നും. ജെയിൻ ഗുഡാളിനെ (Jane Goodall) ശാസ്ത്രലോകത്തിലെ അത്ഭുതമാക്കുന്നത് അവർ കാണിക്കുന്ന കാപട്യമില്ലാത്ത പ്രകൃതിസ്നേഹമാണ്. ചിമ്പാൻസികളെ പേരിട്ടു വിളിക്കാനും കുടുംബാംഗങ്ങളോടെന്ന പോലെ അവയോട് ഇടപെടാനും അവർ ശ്രദ്ധിച്ചു. അവയ്ക്ക് ആപത്തു വരുമ്പോൾ പലപ്പോഴും അവർ പൊട്ടിക്കരഞ്ഞു.
1934 ഏപ്രിൽ 3ന് ഇംഗ്ലണ്ടിലാണ് ഗുഡാൾ ജനിച്ചത്. 18-ാം വയസ്സിൽ പഠിത്തം നിർത്തി. കുറച്ചുകാലം ഓഫീസ് സെക്രട്ടറിയായി ജോലിചെയ്തു. 23-ാം വയസ്സിൽ ആഫ്രിക്കയിലെ കെനിയയിലെത്തി പ്രശസ്ത ഫോസിൽ ശാസ്ത്രജ്ഞനായ ലൂയി. എസ്. ലീക്കിയുടെ ഗവേഷണ സംഘത്തിൽ ചേർന്നു. ടാൻസാനിയയിലെ ഗോംബെ ഗെയിം റിസർവിലെ (പിന്നീടത് ഗോംബെ നാഷണൽ പാർക്ക് ആയി) ചിമ്പാൻസികളെപ്പറ്റി പഠിക്കാൻ ലീക്കി ഗൂഡാളിനെ നിയോഗിച്ചു. പഠനം പത്ത് വർഷത്തോളം നീണ്ടുപോയേക്കാം എന്നദ്ദേഹം സൂചിപ്പിച്ചു. മൂന്നു വർഷം കൊണ്ട് തീർക്കാം എന്നായിരുന്നു ഗുഡാളിന്റെ പ്രതീക്ഷ. പക്ഷേ, ജീവശാസ്ത്രത്തിലെ ഏറ്റവും നീണ്ട പഠനമായി അത് മാറുകയായിരുന്നു. 1960-ൽ ഗോംബെ വനത്തിൽ ഒരു ക്യാമ്പ് സ്ഥാപിച്ചായിരുന്നു തുടക്കം. ഗവേഷണ ഫലങ്ങൾ ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടത് വളരെ പെട്ടന്നാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗുഡാൾ തന്റെ സമയം ചിമ്പാൻസികളെ സംരക്ഷണ പ്രവർത്തനങ്ങൾക്കായി ഉഴിഞ്ഞുവെച്ചിരുന്നു.
വളരെ വേഗത്തിൽ ചിമ്പാൻസികളുമായി അടുപ്പം സ്ഥാപിക്കാൻ ഗുഡാളിനു കഴിഞ്ഞു. നാഷണൽ ജ്യോഗ്രഫിക് മാസിക, ടി.വി. പ്രോഗ്രാമുകൾ എന്നിവ വഴി ഗോംബെയിലെ ചിമ്പാൻസി കളുടെ കഥകൾ പുറംലോകം അറിഞ്ഞു. ഗുഡാൾ എഴുതിയ “ഗോംബെയിലെ ചിമ്പാൻസികൾ” (Chimpanzees of Combe) എന്ന പുസ്തകവും വലിയ വിജയമായിരുന്നു. ചിമ്പാൻസികളെ പഠിച്ച ജെയിൻ ഗുഡാലും, ഒറാംഗ് ഉട്ടാങ്ങുകളെ നീരിക്ഷിച്ച ബിറുത്തെ ഗാൽഡികാസും, ഗൊറിലകളെ പഠനവിധേയമാക്കിയ ഡയാൻ ഫോസിയും കൂടിചേരുന്ന വനിത പ്രൈമെറ്റോളജി ത്രിമൂർത്തികൾ ട്രൈമേറ്റ്സ് എന്ന് ഓമനപൂർവ്വം വിളിക്കപ്പെട്ടിട്ടുണ്ട്.
മാംസഭക്ഷണവും ഉപകരണങ്ങൾ ഉപയോഗിക്കലും
ഡേവിഡ് ഗ്രേ ബിയേർഡ് (David Grey beard) എന്ന ചിമ്പാൻസിയാണ് ഗുഡാളിനോട് വേഗം അടുത്തത്. ഇന്നും ഗുഡാളാഡിൻ്റെ ഓർമകളിൽ ഡേവിഡുണ്ട്. ഗോംബെ നാഷണൽ പാർക്കിലെ ‘പീക്ക്’ എന്ന് വിളിക്കുന്ന സ്ഥലം സന്ദർശിക്കാൻ ഗുഡാൾ പാർക്കിലെത്തുമ്പോഴൊക്കെ ശ്രദ്ധിക്കാറുണ്ടത്രെ! അവിടെവെച്ചാണ് ഡേവിഡ് ഗുഡാളിനെ സ്നേഹിതയായി അംഗീകരിച്ചത്. 1968-ൽ ഡേവിഡ് ന്യൂമോണിയ വന്ന് മരിച്ചപ്പോൾ ഗുഡാൾ ഏറെ നേരം പൊട്ടിക്കരഞ്ഞു. ചിമ്പാൻസികൾ സസ്യഭോജികളായ ഭീകരന്മാരാണന്നായിരുന്നു അതേവരെയുള്ള ധാരണ. ഒരു ദിവസം നോക്കുമ്പോൾ ഡേവിഡ് ഒരു ചെറിയ പന്നിക്കുട്ടിയെ കൊന്നുതിന്നുന്നു. സസ്യഭക്ഷണത്തോടൊപ്പം നായാടിക്കിട്ടുന്ന മാംസവും ചിമ്പാൻസികൾ തിന്നുമെന്ന് ഗുഡാൾ അറിഞ്ഞു.
ചിതലുകൾ ചിമ്പാൻസികളുടെ ഇഷ്ടഭക്ഷണമാണെന്ന് താമസിയാതെ ഗുഡാൾ മനസ്സിലാക്കി. പക്ഷെ ചിതലുകളെ പിടിക്കുന്ന രീതിയാണ് നിരീക്ഷകയെ അത്ഭുതപ്പെടുത്തിയത്. ഡേവിഡ് തന്നെയാണ് ഇത്തവണയും നിരീക്ഷിക്കപ്പെട്ടത്. നീണ്ട ഒരു പുല്ലിൻതണ്ട് മുറിച്ചെടുത്ത് രണ്ടടിയോളം ചിതൽപ്പുറ്റിനക ത്തേക്ക് മൂപ്പർ ഇറക്കിവെക്കും. അല്പം കഴിഞ്ഞ് കമ്പ് വലിച്ചെടുത്ത് പറ്റിപ്പിടിച്ചിരിക്കുന്ന ചിതലുകളെ വിരലുകൊണ്ട് വടിച്ചെ ടുത്ത് തിന്നും. ഇതായിരുന്നു രീതി. ഉപകരണങ്ങൾ (Tools) രൂപ പ്പെടുത്തി ഉപയോഗിക്കുന്ന ശീലം മനുഷ്യവർഗ്ഗത്തിന് പുറത്ത് ആദ്യമായി നിരീക്ഷിക്കപ്പെടുകയായിരുന്നു. ഇതറിഞ്ഞപ്പോൾ ലീക്കി പറഞ്ഞത് “ഇനി മനുഷ്യൻ, ഉപകരണങ്ങൾ എന്നിവയുടെ നിർവ്വചനങ്ങൾ മാറ്റാതെ വയ്യ. അല്ലെങ്കിൽ ചിമ്പാൻസികളെ മനു ഷ്യരായി അംഗീകരിക്കേണ്ടിവരും” എന്നാണ്. ഏതായാലും ചിമ്പാൻസികളെപ്പറ്റിയുള്ള ഈ അറിവ് ഗുഡാളിന് വലിയ പ്രശസ്തി നേടിക്കൊടുത്തു.
ചിമ്പാൻസികളുടെ കുടുംബ കഥകൾ പലതും ഗുഡാളിൻ്റെ വിവരണങ്ങളിൽ നിന്ന് കണ്ടെത്താം. ഫിഫി (Fifi) യുടെ കുടുംബം വളരെ പ്രശസ്‌തമാണ്. ഗുഡാൾ ഗവേഷണം തുടങ്ങിയ 1960-ൽ ചെറിയ കുഞ്ഞായിരുന്നു ഫിഫി. 2004 ൽ ഫിഫി മരിച്ചു. ഫിഫിക്ക് 2022 ൽ ജനിച്ച കുഞ്ഞിന് ഫുറാഹ (Furaha) എന്നാണ് പേരിട്ടിരുന്നത്. ഫിഫിയുടെ മകനായ ഫ്രോഡോ (Frodo) എന്ന 121 പൗണ്ട്കാരൻ 2013 മരണം വരെ ഗോംബെയിലെ ഹീറോയായിരുന്നു. പ്രബലനായ ആൺ ചിമ്പാൻസിയാണ് ഗ്രൂപ്പിന്റെ തലവൻ. നേതാവിനോട് എല്ലാവരും വിധേയത്വം കാണിക്കണം.
ശബ്ദമുണ്ടാക്കുന്ന നേതാവ്
ശാരീരികമായ കഴിവാണ് മിക്കവാറും നേതാവിനെ ആ സ്ഥാനത്തിലെത്തിക്കു ന്നത്. ഇത് സസ്തനികളുടെ പൊതു രീതിയാണെന്നു പറയാം. പക്ഷെ ചിമ്പാൻസികളിൽ ബുദ്ധി ഉപയോഗിച്ച് ചിലർ നേതൃത്വം തട്ടിയെടുക്കാറുണ്ടെന്ന് ഗുഡാൾ കണ്ടെത്തി. മൈക്ക് (Mike) എന്ന ചിമ്പാൻസിയാണ് കഥാനായകൻ. മൈക്ക് വലിയ ശക്തനൊന്നുമായിരു ന്നില്ല. ആരോ കാട്ടിലുപേക്ഷിച്ച മണ്ണെണ്ണ ടിന്നിൽ അടിച്ചാൽ ശബ്ദമുണ്ടാവുമെന്ന് മൈക്ക് കണ്ടെത്തി. ഈ ശബ്ദം കൂടെയുള്ളവരെ വിരട്ടാൻ ഉപയോഗിക്കാം. ഇങ്ങിനെ ടിന്നിലടിച്ച് ശബ്ദമുണ്ടാക്കി കൂടെയുള്ള ആണുങ്ങളെ പേടിപ്പിച്ച് മൈക്ക് നേതാവായി.
യുദ്ധം
ചെറിയ ഗ്രൂപ്പുകളാ(community) യാണ് ചിമ്പാൻസികൾ കാട്ടിൽ നീങ്ങു ന്നതും ഇരതേടുന്നതും. ഗോംബെയിൽ ഇത്തരം നാലു ഗ്രൂപ്പുകളുണ്ടായിരുന്നു. 1974- ൽ നടന്ന ഒരു ഗ്രൂപ്പ് യുദ്ധത്തിന്റെ കഥയും ഗുഡാൾ രേഖപ്പെടുത്തിയിട്ടുണ്ട്. കസാക്കില (kasakila) കമ്യൂണിറ്റിയിൽപെട്ട ചിമ്പാൻസികളും കഹാമ (kahama) കമ്യൂണിറ്റിയിൽപെട്ടവരും തമ്മിലായിരുന്നു പോർ നടന്നത്. 7 ആണുങ്ങളും 3 പെണ്ണുങ്ങളും ഏതാനും കുട്ടികളും മാത്രമുള്ള കഹാമക്കാരായിരുന്നു കൂട്ടത്തിൽ ദുർബ്ബലർ. നാലു വർഷങ്ങൾ നീണ്ടുനിന്ന യുദ്ധത്തിനവസാനം കഹാമക്കാർ തുടച്ചുമാറ്റപ്പെട്ടു. വളരെ ക്രൂരമാ യിരുന്നു യുദ്ധമുറകൾ. ശത്രുക്കളെ കടിച്ചുകീറി മുറിപ്പെടുത്തി കൊല്ലലായിരുന്നു പ്രധാന രീതി. ഇതിനെപ്പറ്റി ഗുഡാൾ പറയുന്നത് നോക്കുക. “നമ്മളേക്കാൾ നല്ലവരാണ് ചിമ്പാൻസികളെന്നായിരുന്നു എന്റെ ആദ്യ ധാരണ. പക്ഷെ അവരങ്ങനെയല്ലെന്ന് സാവധാനം ഞാൻ മനസ്സിലാക്കി. നമ്മളെപ്പോലെ ക്രൂരരാവാൻ അവർക്കും കഴിയും.”
പക്ഷെ ‘മനുഷ്യത്വം’ കലർന്ന ഏതാനും സംഭവങ്ങളും ഗൂഡാൾ നിരീ ക്ഷിച്ചിട്ടുണ്ട്. ‘അമ്മായി’ എന്ന് ഓമനപ്പേരിട്ടിരുന്ന ജിജി എന്ന പ്രായം കൂടിയ ചിമ്പാൻസി മൂന്ന് അനാഥരായ കുട്ടികളെ ദത്തെടുത്ത് വളർത്തിയാണ് ഇതിലൊന്ന്. ഫിഫിയുടെ അമ്മയായ ഫ്ളോ (Flo) വയസ്സായി മരിച്ചപ്പോൾ 8 വയസ്സുള്ള ഫ്ളിന്റ് (Flint) എന്ന കുട്ടി സങ്കടം സഹിക്കാതെ മരിച്ചു. അമ്മയുടെ ഓമനയായിരുന്നു ഫ്ലിന്റ്.
കാനിബാൾ
ചിമ്പാൻസികൾ കാനിബാളിസം (Cannibalism – സ്വന്തം സ്‌പീഷിസിലെ അംഗങ്ങളെ കൊന്നുതിന്നൽ) കാണിക്കാറുണ്ടെന്നും ഗുഡാൾ മനസ്സിലാക്കി. 1975-77 കാലത്ത് പാഷൻ (Passion) എന്ന അമ്മയും പോം (Pom) എന്ന കുട്ടിയും ചേർന്ന് പത്തിലധികം ചിമ്പാൻസിക്കുഞ്ഞുങ്ങളെ കൊന്നുതിന്നു. ഈ ദുഷ്ടരെ എങ്ങനെ കൈകാര്യം ചെയ്യും എന്നറിയാതെ ഗുഡാൾ വിഷമിച്ചു. പക്ഷെ രണ്ടാമത് പ്രസവിച്ചതോടെ പാഷൻ ആ സ്വഭാവം നിർത്തി. നാലു വർഷം കഴിഞ്ഞ് ഏതോ അജ്ഞാതരോഗം വന്ന് അത് ചത്തുപോയി. പോം ആകട്ടെ മറ്റൊരു ഗ്രൂപ്പിലേക്ക് മാറുകയും ചെയ്തു.
ഗ്രൂപ്പ് മാറൽ
കൗമാരപ്രായക്കാരായ പെൺ ചിമ്പാൻസികൾ ചിലപ്പോൾ ഒരു ഗ്രൂപ്പിൽ നിന്ന് മറ്റൊരു ഗ്രൂപ്പിലേക്ക് മാറുന്നത് ഗുഡാൾ നിരീക്ഷിച്ചിട്ടുണ്ട്. പുതിയ ഗ്രൂപ്പിലെ ആണുങ്ങൾ ഇതിനെ സന്തോഷത്തോടെയാണ് കാണുക. പക്ഷെ പെണ്ണുങ്ങൾ അതിഥികളെ അടിച്ചോടിക്കാൻ ശ്രമിക്കും. രക്ഷപ്പെടാനുള്ള വഴിയായി കൂട്ടത്തിൽ പ്രധാന സ്ഥാനമുള്ള ഏതെങ്കിലും പെണ്ണുമായി ചങ്ങാത്തം കൂടാനാണ് വന്നവർ ശ്രമിക്കുക. അതിൽ വിജയിച്ചാൽ മറ്റുള്ളവരുടെ എതിർപ്പ് കുറയുമത്രെ!
ചിമ്പാൻസികളുടെ ഉയർന്ന സാമൂഹ്യഘടനയും ബുദ്ധിശക്തിയും വെളിവാക്കുന്ന നിരീക്ഷണങ്ങൾ ഇനിയും ധാരാളമുണ്ട്. കളിക്കാനും ഓമനിക്കപ്പെടാനും ചിമ്പാൻസിക്കുട്ടികൾക്ക് വലിയ താല്‌പര്യമാണ്. അനാഥ ശിശുക്കൾക്ക് ഭക്ഷണം മാത്രംപോര വാത്സല്യവും വേണം. അവയുടെ വേദനിക്കുന്ന നോട്ടം തന്നെ വല്ലാതെ അലട്ടാറുണ്ട് എന്ന് ഗുഡാൾ പറയുന്നു.
വംശനാശഭീഷണി
ചിമ്പാൻസികൾ ഇന്ന് അപകട ഭീഷ ണിയിലാണ്. ആവാസ സ്ഥലങ്ങളുടെ നാശം അവയെ വല്ലാതെ ബാധിക്കുന്നു. നൂറുകൊല്ലങ്ങൾക്കു മുമ്പ് 10 ലക്ഷത്തിൽ അധികം ചിമ്പാൻസികൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് രണ്ട് ലക്ഷത്തിൽ കുറവാണത്രെ! ആഫ്രിക്കയിൽ പടിഞ്ഞാറ് സെനഗൽ തുടങ്ങി, ഗാബോൺ, കോംഗോ, ഉഗാണ്ട, തെക്കുപടിഞ്ഞാറൻ ടാൻസാനിയ ഇവയാണ് പ്രധാന ചിമ്പാൻസി ആവാസ മേഖലകൾ. ആദ്യ കാലത്ത് തുടർച്ചയായിരുന്ന കാടുകൾ ഇന്ന് ചെറു തുണ്ടുകളായി മുറിഞ്ഞ് അന്യോന്യബന്ധമില്ലാതെ കിടക്കുന്നു. പലയിടത്തും ചിമ്പാൻസികൾ ചെറു സംഘങ്ങളായി ഒറ്റപ്പെട്ടുപോയിരിക്കുന്നു. ഈ സാഹചര്യത്തിൽ അന്തർ പ്രജനനം (inbreeding) വഴി വംശത്തിന്റെ അതിജീ വനശേഷി കുറയുമെന്ന് ശാസ്ത്രജ്ഞർ ഭയപ്പെടുന്നു. ഉദാഹരണമായി ഗോംബെ നാഷണൽ പാർക്കിൽ 100 ൽ താഴെ ചിമ്പാൻസികളേയുള്ളൂ. (വിസ്തീർണം 13.5 ച. മൈൽ) പകർച്ചവ്യാധികൾ, വരൾച്ച, കാട്ടുതീ എന്നിവയ്ക്ക് ഈ ചെറു സമൂഹങ്ങളെ നശിപ്പിക്കാൻ എളുപ്പം സാധിക്കും. ആഫ്രിക്കയിലെ ആഭ്യന്തര യുദ്ധങ്ങളും, ഗറില്ലാ പ്രവർത്തനങ്ങളും ചിമ്പാൻസികളെ എളുപ്പവും ബാധിക്കു ന്നു. മൃഗശാലകൾക്ക് വേണ്ടിപിടിക്കുന്നതും, ഗവേഷണങ്ങൾക്ക് ഉപയോഗിക്കു ന്നതും മറ്റ് ഭീഷണികളാണ്.
ചിമ്പാൻസികളുടെ പ്രശ്‌നങ്ങൾ ലോകശ്രദ്ധയിൽ കൊണ്ടുവരാനും രക്ഷാ പ്രവർത്തനങ്ങൾക്കും, അനാഥ ചിമ്പാൻസിക്കുഞ്ഞുങ്ങളെ സംരക്ഷി ക്കാനും ഗുഡാൾ ശ്രമിച്ചു വരുന്നു. അവർ സ്ഥാപിച്ച ജെയിൻ ഗുഡാൾ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനം പലതരം പ്രൊജക്ടു കൾക്ക് ധനസഹായം നൽകിവരുന്നു. ആഫ്രിക്കയിലെ കുട്ടികൾക്ക് വന്യജീവി കളെപ്പറ്റി അറിവുണ്ടാക്കാൻ സ്ഥാപിച്ച് റൂട്സ്&ഷൂട്‌സ് (Roots & Shoots) എന്ന സംഘടനയ്ക്ക് പല രാജ്യങ്ങളിലും ശാഖകളുണ്ട്.








0 comments