ഭൂമിയിലല്ലാതെ ജീവനുണ്ടോ; 124 പ്രകാശവർഷമകലെ പുകയിൽ ഒരു കയ്യൊപ്പ്


സ്വന്തം ലേഖകൻ
Published on Apr 18, 2025, 12:54 PM | 2 min read
ഭൂമിയ്ക്ക് പുറത്ത് സൂര്യനും അപ്പുറത്ത് ജീവന്റെ അടിസ്ഥാനമായ അതിസൂക്ഷ്മ കണങ്ങളുടെ സാന്നിധ്യ സൂചന കണ്ടെത്തിയതായി ബഹിരാകാശ ഗവേഷകർ. ജൈവ പ്രക്രിയകളിലൂടെ മാത്രം ഭൂമിയില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന വാതകങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതാണ് ഈ വിസ്മയത്തിന് അടിസ്ഥാനം. ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി ഉപയോഗിച്ചാണ് കണ്ടെത്തൽ.
കെ 2-18 ബി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തിൽനിന്നാണ് ഇത്തിരപോന്ന ഭൂമിയിലെ അൽഭുതമായ ജീവന് സമാന സൂചന ലഭിച്ചിരിക്കുന്നത്. ഈ ഗ്രഹം ഭൂമിയിൽ നിന്നും 124 പ്രകാശ വർഷം അകലത്തിലാണ്. ഭൂമിയെക്കാൾ എട്ട് മടങ്ങിൽ അധികം ഭാരവും 2.6 മടങ്ങ് വ്യാസവുമുള്ളതാണ്.
ഡൈമീഥൈല്‍ സള്‍ഫൈഡ്, ഡൈമീഥൈല്‍ ഡൈ സള്‍ഫൈഡ് (DMS and DMDS in the Atmosphere of K2-18 b) എന്നീ രണ്ട് വാതകങ്ങളുടെ സാന്നിധ്യമാണ് ഈ വാദത്തിന് അടിസ്ഥാനം. ഭൂമിയില്‍ ആല്‍ഗകൾ പോലുള്ള സൂക്ഷ്മജീവികളാണ് ഇവ ഉത്പാദിപ്പിക്കുന്നത്.
ഈ നിത്യഹരിതയാം ഭൂമിയിൽ അല്ലാതെ...
ഈ ഗ്രഹം സൂക്ഷ്മജീവികളാല്‍ നിറഞ്ഞിരിക്കാമെന്നാണ് ഈ സൂചനയുടെ അടിസ്ഥാനത്തിൽ ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. അവിടെ യഥാര്‍ഥ ജീവജാലങ്ങളെ കണ്ടെത്തിയതായി പ്രഖ്യാപിക്കുന്നില്ലെന്നും മറിച്ച് ഒരു ജൈവ പ്രക്രിയയുടെ സൂചകം ആണെന്നും അവര്‍ പറയുന്നു. ബയോസിഗ്നേച്ചർ എന്നാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ജൈവ സൂചകം എന്ന നിലയിൽ ഇവയെ എല്ലാവരും അംഗീകരിക്കുന്നുമില്ല. ജൈവ പ്രക്രിയയാൽ അല്ലാതെയും ഈ വാതകങ്ങൾ ഉണ്ടായിവരാം എന്നാണ് എതിർ വാദം ഉന്നയിക്കുന്ന ശാസ്ത്ര ഗവേഷകർ ചൂണ്ടികാട്ടുന്നത്.

ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും കണ്ടെത്തലുകളെ ജാഗ്രതയോടെ കാണണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മനുഷ്യർ പിൻഗാമിയെ തേടിയുള്ള അന്വേഷണത്തിലാണ്. അതിന്റെ ആവേശത്തിലുമാണ്. നിസ്സാരമായ ഭൂമിയിലെ അതിനിസ്സാരമായ നിലനിൽപിനും അപ്പുറത്ത് ഏതൊക്കെ തരത്തിൽ ജീവസാന്നിധ്യം ഉണ്ടാവാം എന്നത് എക്കാലത്തെയും ആകാംക്ഷയാണ്. സൗരയൂഥത്തിന് അപ്പുറത്തേക്ക് ജീവന്റെ സ്പന്ദനംതേടി നടത്തിക്കൊണ്ടിരുന്ന അന്വേഷണത്തില്‍ ഒരു നിര്‍ണായക വഴിത്തിരിവിലേക്കാണ് ജയിംസ് വെബ് ടെലസ്കോപ് കൺപായിച്ചിരിക്കുന്നത്.
ഭൂമിയുടെ 8.6 മടങ്ങ് ഭാരമുള്ളതും ഏകദേശം 2.6 മടങ്ങ് വ്യാസമുള്ളതുമാണ് കെ2 - 18 ബി ഗ്രഹം. സൂര്യനേക്കാള്‍ ചെറുതും പ്രകാശം കുറഞ്ഞതുമായ ഒരു ചുവന്ന കുള്ളന്‍ നക്ഷത്രത്തെയാണ് ഭ്രമണം ചെയ്യുന്നത്. ഈ നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള മറ്റൊരു ഗ്രഹവും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭൂമിയില്‍ നിന്ന് ഏകദേശം 124 പ്രകാശവര്‍ഷം അകലെ ലിയോ നക്ഷത്ര സമൂഹത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കെ2 18ബി യെ 2015 ൽ കെപ്ലർ സ്പേസ് ടെലസ്കോപ് ആണ് ആദ്യമായി കണ്ടെത്തിയത്.

അടുത്ത ആഴ്ച ആരംഭിക്കുന്ന ഡാറ്റ വിശകലനത്തോടെ ഇനിയും ലഭിക്കാൻ പോകുന്ന വിവരങ്ങൾ നിർണ്ണായകമായിരിക്കും. ജീവന്റെ പ്രധാന ഘടകമായ ജലം ഒരു ഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിലനില്‍ക്കാന്‍ കഴിയുന്ന ദൂരത്തിലുള്ള വാസയോഗ്യമായ മേഖലയിലാണ് കെ 2-18 ബി നിൽക്കുന്നത്. ഇത് ഭൂമിയിലല്ലാതെ ജീവന്റെ തുടിപ്പുകൾ നിലനിൽക്കുന്നു എന്ന അന്വേഷണത്തിന് കൂടുതൽ ഊർജം പകരുന്നു.








0 comments