പ്രവാസികളുടെ എക്‌സിറ്റ് പെർമിറ്റ് ; സഹേൽ ആപ്പിൽ ഇംഗ്ലീഷും

കെ ശ്രീജിത്ത്
Published on Jun 29, 2025, 11:52 AM | 1 min read
കുവൈത്ത് സിറ്റി: പ്രവാസികളുടെ എക്‌സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് സഹേൽ ആപ്പിൽ ഇംഗ്ലീഷ് സൗകര്യം ആരംഭിച്ചു. രാജ്യത്തിന് പുറത്ത് പോകേണ്ട സ്വകാര്യ മേഖല ജീവനക്കാരായ പ്രവാസികൾക്ക് ഇനി ആപ്പിൽ ഇംഗ്ലീഷിൽ എക്സിറ്റിന് അപേക്ഷിക്കാം. അപേക്ഷ പ്രക്രിയ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ആപ്പിൽ ഇംഗ്ലീഷും ഉൾപ്പെടുത്തിയത്. ജൂലൈ ഒന്നുമുതൽ സ്വകാര്യ മേഖലയിലെ പ്രവാസികൾക്കായി എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. മുമ്പ് അപേക്ഷ അറബി ഭാഷയിൽ മാത്രമായിരുന്നു. എന്നാൽ, ഇപ്പോൾ പ്രവാസികൾക്കായി ആപ്പ് ഇംഗ്ലീഷിൽ കൂടി ലഭ്യമാക്കുകയാണ്. യാത്ര പുറപ്പെടുന്നതിന് ഏഴുദിവസം മുതൽ 24 മണിക്കൂർ മുമ്പുവരെ എക്‌സിറ്റ് പെർമിറ്റിന് അപേക്ഷിക്കാനാകും.
സമയപരിധിയ്ക്കുശേഷം അപേക്ഷ സ്വീകരിക്കില്ല. അപേക്ഷ സമർപ്പിച്ചശേഷം അത് തൊഴിലുടമയുടെ അനുമതിയ്ക്ക് അയയ്ക്കും. അനുമതി ലഭിച്ചാൽ അപേക്ഷകന്റെ മൊബൈൽ ഫോണിൽ തന്നെ ക്യുആർ കോഡോടുകൂടിയ എക്സിറ്റ് പെർമിറ്റ് ലഭിക്കും. ഇത് ഫോണിൽ സൂക്ഷിക്കുകയോ പ്രിന്റ് ചെയ്ത് കൊണ്ടുപോകുകയോ ചെയ്യാം. ഇതിനായി സഹേൽ ആപ്പിൽ ലോഗിൻ ചെയ്ത് സേവന വിഭാഗം തിരഞ്ഞെടുക്കണം. അതിന് കീഴിൽ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ എന്ന വിഭാഗത്തിൽ പ്രവേശിച്ച് എക്സ്പാട്രിയേറ്റ് വർക്കേഴ്സ് സർവീസസ് എന്നതിൽ ക്ലിക്ക് ചെയ്യണം. ശേഷം എക്സിറ്റ് പെർമിറ്റ് എന്നതിൽ ക്ലിക്ക് ചെയ്ത് യാത്ര തുടങ്ങുന്നതും തിരികെ വരുന്നതുമായ തീയതികൾ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കാം. ഇതുവരെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കാണ് എക്സിറ്റ് പെർമിറ്റ് നിർബന്ധമായിരുന്നത്. പുതിയ നിയമപ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ആർട്ടിക്കിൾ 18 വിസയുള്ള പ്രവാസികൾക്കും ഇത് ബാധകമാണ്. പുതിയ സംവിധാനം പ്രവാസികളുടെ നിയമപരമായ യാത്രാ അവകാശം ഉറപ്പാക്കാനും അനാവശ്യ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.










0 comments