ad
Deshabhimani

വെള്ളക്കെട്ട് നീക്കാൻ അടിയന്തര പ്രവർത്തനം; കുവൈത്തിൽ അസ്ഥിര കാലാവസ്ഥ തുടരും

kuwait
വെബ് ഡെസ്ക്

Published on Mar 27, 2026, 11:24 AM | 1 min read

കുവൈത്ത് സിറ്റി: അസ്ഥിര കാലാവസ്ഥയുടെ ഭാഗമായുള്ള മഴ കുവൈത്തിൽ വ്യാഴാഴ്ചയും തുടർന്നു. പുലർച്ചെമുതൽ പെയ്‌ത മഴ, ചില പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുത്തിയതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചിലയിടങ്ങളിൽ 10 മുതൽ 12 മില്ലിമീറ്റർവരെ മഴ രേഖപ്പെടുത്തി. ഇടയ്ക്കിടെ ശക്തമായ കാറ്റും കടലിലെ തിരമാലകളുടെ ഉയർച്ചയും അനുഭവപ്പെട്ടതായും അധികൃതർ വ്യക്തമാക്കി.


ഇടിമിന്നലോടുകൂടിയ മഴ തുടരാനും ചില പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന്‌ കാലാവസ്ഥാ വകുപ്പിന്റെ പ്രവർത്തക ഡയറക്ടർ ധറാർ അൽ -അലി അറിയിച്ചു. വെള്ളിമുതൽ മേഘാവരണം കുറയുകയും മഴയുടെ സാധ്യത കുറഞ്ഞ് കാലാവസ്ഥ ക്രമേണ മെച്ചപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പൊതുമരാമത്ത് മന്ത്രാലയത്തിന്റെ അടിയന്തര സംഘങ്ങൾ വെള്ളക്കെട്ട് നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ വ്യാപകമാക്കിയതായി ഔദ്യോഗിക വക്താവ് എൻജിനിയർ അഹമ്മദ് അൽ- സാലിഹ് അറിയിച്ചു. പ്രധാന റോഡുകൾ, താഴ്‌ന്ന പ്രദേശങ്ങൾ എന്നിവ ഉൾപ്പെടെ നിർണായക ഇടങ്ങളിൽ അടിയന്തര സംഘങ്ങളെ 24 മണിക്കൂറും വിന്യസിച്ചു. ഡ്രെയിനേജ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനായി നിരന്തര പരിശോധനയും നിരീക്ഷണവും തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി.


മഴക്കാലത്ത് വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിർമാണ മാലിന്യങ്ങളും വൃക്ഷശാഖകളും അനിയന്ത്രിതമായി തള്ളുന്നത് ഒഴിവാക്കണം. ഡ്രെയിനേജ് സംവിധാനങ്ങൾ തടസ്സപ്പെടുന്നത് ഇതുവഴി ഒഴിവാക്കാമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക സ്രോതസുകളിൽനിന്നുള്ള വിവരങ്ങൾ മാത്രം ആശ്രയിക്കണം. വെള്ളക്കെട്ട് സംബന്ധമായ പരാതികൾ മന്ത്രാലയത്തിന്റെ ഹോട്ട്‌ലൈൻ, വാട്സാപ്, മൊബൈൽ ആപ്, സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.


ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്, സിവിൽ ഡിഫൻസ്, കാലാവസ്ഥാ വകുപ്പ് എന്നിവയുടെ ഏകോപനത്തോടെ അടിയന്തര പ്രതികരണ പ്രവർത്തനം ശക്തിപ്പെടുത്തിയതായി മന്ത്രാലയത്തിലെ ഓപ്പറേഷൻസ് ഡയറക്ടർ എൻജിനിയർ ഫാരിസ് അൽ -ദഖ്ബാസി പറഞ്ഞു. സാങ്കേതിക സംഘങ്ങളും ആവശ്യമായ ഉപകരണങ്ങളും പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home