ഡിജിറ്റൽ പരിവർത്തനം: യുഎഇയെ പ്രശംസിച്ച് യുഎൻ

ദുബായ്: ഡിജിറ്റൽ പരിവർത്തന മേഖലയിലുള്ള യുഎഇയുടെ നേതൃപരമായ പങ്കിനെ പ്രശംസിച്ച് ഐക്യരാഷ്‌ട്രസംഘടന. അറബ് രാജ്യങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിന് ദിശാനിർദേശം നൽകുന്ന യുഎഇയുടെ ‘അറബ് ഡിജിറ്റൽ ഇക്കണോമി വിഷൻ’ മാതൃകാപരമാണെന്ന് യുഎൻ പ്രശംസിച്ചു.
പ്രദേശത്തെ സാങ്കേതിക പുരോഗതിക്കുള്ള മുൻനിര മാതൃകയായിട്ടാണ് ഈ ആശയം വിലയിരുത്തിയത്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സാഹിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് പദ്ധതി രൂപംകൊണ്ടത്. 2022-ലെ അൾജീരിയ അറബ് ഉച്ചകോടിയിൽ അറബ് ലീഗാണ് ഇത് ഔദ്യോഗികമായി അംഗീകരിച്ചത്.
ദുബായിൽ നോളജ് ഉച്ചകോടിയിലെ പരിപാടിയിലായിരുന്നു യുഎൻ അസിസ്റ്റന്റ് സെക്രട്ടറി ജനറലും യുഎൻഡിപി അറബ് സംസ്ഥാനങ്ങളുടെ പ്രാദേശിക ബ്യൂറോ ഡയറക്ടറുമായ ഡോ. അബ്ദുള്ള അൽ ദർദാരിയുടെ പ്രതികരണം. ഡിജിറ്റൽ പരിവർത്തനത്തിലും സാങ്കേതിക മുന്നേറ്റങ്ങളിലും ദൂരദർശിയുള്ള നയങ്ങളുടെയും നവീകരണങ്ങളുടെയും ഭാഗമായി യുഎഇ ആഗോളതലത്തിൽ ഉറച്ച നിലപാട് നേടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അറബ് രാജ്യങ്ങൾ സമന്വയത്തോടെ മുന്നോട്ടുപോകുന്ന ഏകീകൃത ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് ഈ വിഷൻ നിർണായക ഘട്ടമാണ്. അറബ് രാജ്യങ്ങൾക്ക് അവരുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള ഉത്തമമാതൃകയാണ് യുഎഇയുടെ അനുഭവമെന്നും അദ്ദേഹം വ്യക്തമാക്കി.









0 comments