മാർഗനിർദേശങ്ങൾ പുതുക്കി യുഎഇ; പ്രവാസികൾക്കും കുട്ടികളെ ദത്തെടുക്കാം

ഷാർജ : കുട്ടികളെ ദത്തെടുക്കാനുള്ള മാർഗനിർദേശങ്ങൾ പുതുക്കി യുഎഇ. യുഎഇ പൗരന്മാർക്കും, പ്രവാസികൾക്കും കുട്ടികളെ ദത്തെടുക്കാൻ അവസരം ലഭിക്കും വിധത്തിലാണ് പുതിയ നിയമം. എമിറാത്തി കുടുംബങ്ങൾ, ഒറ്റയ്ക്ക് താമസിക്കുന്ന എമിറാത്തി വനിതകൾ എന്നിവർക്ക് മാത്രമായിരുന്നു ഇതുവരെ ദത്തെടുക്കാൻ സാധിച്ചിരുന്നത്. ഇതാണ് ഫെഡറൽ ഡിക്രി പ്രകാരം വിപുലീകരിച്ചത്.
പുതിയ ചട്ടങ്ങൾ പ്രകാരം ദത്തെടുക്കാൻ ആഗ്രഹിക്കുന്ന കുടുംബത്തിലെ ഭാര്യാഭർത്താക്കന്മാർ യുഎഇയിൽ ഒന്നിച്ച് താമസിക്കുന്നവരാകണം. ഓരോ പങ്കാളിക്കും കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം. സത്യസന്ധതയെ ബാധിക്കുന്ന മുൻകാല വിധികൾ ഒന്നും ഉണ്ടായിരിക്കരുത്. കുട്ടിയെ ബാധിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികളിൽനിന്നും മാനസിക രോഗങ്ങളിൽനിന്നും മുക്തരായിരിക്കണം. കുട്ടികളെ പിന്തുണയ്ക്കാനുള്ള സാമ്പത്തികശേഷി ഉണ്ടായിരിക്കണം. മന്ത്രാലയമോ പ്രാദേശിക അധികൃതരോ പുറപ്പെടുവിക്കുന്ന അധികവ്യവസ്ഥകൾ പാലിക്കുകയും വേണം.
ഒറ്റയ്ക്കുള്ള സ്ത്രീകൾക്കും ദത്തെടുക്കലിന് അപേക്ഷിക്കാം. ഇവർ യുഎഇയിൽ താമസിക്കുന്നവരും അവിവാഹിതയോ, വിവാഹ ബന്ധം വേർപ്പെടുത്തിയവരോ ആയിരിക്കണം. കുറഞ്ഞത് 30 വയസ്സ് പ്രായം ഉണ്ടായിരിക്കണം. സ്ഥിരമായ താമസസൗകര്യം നൽകുമെന്ന് രേഖാമൂലം പ്രതിജ്ഞ സമർപ്പിക്കണം.
കുട്ടിയുടെ ഔദ്യോഗികമായി രേഖപ്പെടുത്തിയ വ്യക്തിത്വത്തെയും വിശ്വാസങ്ങളെയും സ്വാധീനിക്കുന്നത് നിരോധിച്ചിട്ടുമുണ്ട്. നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി മേൽനോട്ടസമിതികൾക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സാധിക്കും. നിയമം ലംഘിക്കുകയോ, ബാധ്യതകളും ഉത്തരവാദിത്വങ്ങളും കാണിക്കാതിരിക്കുകയോ ചെയ്താൽ അവകാശം പിൻവലിക്കപ്പെടുമെന്നും പുതിയ നിർദേശങ്ങളിലുണ്ട്.









0 comments