ട്രാഫിക് നിയമലംഘനങ്ങൾ: പിഴ അടച്ച് യാത്രാവിലക്ക് നീക്കാം

കുവൈത്ത് സിറ്റി: കുവൈത്തിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ യാത്രാവിലക്ക് നേരിടുന്ന സ്വദേശികൾക്കും പ്രവാസികൾക്കും പിഴ അടച്ച് വിലക്ക് സിസ്റ്റത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള പ്രത്യേക അവസരം ഇന്ന് മുതൽ ലഭ്യമാകുമെന്ന് ഏകീകൃത ഗൾഫ് ട്രാഫിക് വീക്ക് കമ്മിറ്റിയുടെ തലവനും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് വക്താവുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ സുബ്ഹാൻ അറിയിച്ചു.
ജിസിസി ഗതാഗത വാരാഘോഷത്തിന്റെ ഭാഗമായി അൽ ഖൈറാൻ മാളിലും അവന്യൂസ് മാളിലും സെന്ററുകൾ പ്രവർത്തനം ആരംഭിച്ചു. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയും രാവിലെ 10 മുതൽ രാത്രി 10 വരെ സേവനം ലഭ്യമായിരിക്കും. രണ്ട് ഷിഫ്റ്റുകളിലായി സെന്ററുകൾ പ്രവർത്തിക്കും.
സിസ്റ്റത്തിൽ നിന്ന് വിലക്കുകൾ പൂർണമായി നീക്കം ചെയ്യുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഈ സെന്ററുകളിൽ വേഗത്തിൽ പൂർത്തീകരിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. പിഴ അടയ്ക്കുന്നതിന്റെ അനന്തര ഫലങ്ങൾ ഉറപ്പാക്കുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉറപ്പുവരുത്തുന്നതാണ് അധികൃതരുടെ നിലപാട്. സ്വകാര്യമായി സജ്ജീകരിച്ചിരിക്കുന്ന ഈ സെന്ററുകളിലായി മാത്രമേ പിഴ അടയ്ക്കാനാവൂ. ഗവർണറേറ്റുകളിലെ ഗതാഗത വകുപ്പ് ശാഖകളിൽ പിഴ സ്വീകരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സാധാരണഗതിയിൽ നീക്കാൻ ഏറെ ബുദ്ധിമുട്ടുള്ള ബ്ലോക്ക് ചെയ്ത നിയമലംഘനങ്ങൾ എളുപ്പത്തിൽ തീർക്കാനുള്ള സുവർണാവസരമാണിത് എന്നാണ് അധികൃതരുടെ വിശദീകരണം. ഗതാഗത നിയമലംഘകർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആഹ്വാനം ചെയ്തു.









0 comments