സബാഹ് അൽ സലേമിൽ വ്യാപക സുരക്ഷാ പരിശോധന: 804 ട്രാഫിക് ലംഘനങ്ങൾ, 22 പേർ പിടിയിൽ

കുവൈത്ത് സിറ്റി: സബാഹ് അൽ സലേം പ്രദേശത്ത് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ സമഗ്ര സുരക്ഷാ, ട്രാഫിക് പരിശോധനാ ക്യാമ്പയിനിൽ 804 ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി. പരിശോധനയുടെ ഭാഗമായി 22 പേരെ വിവിധ കുറ്റങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. റെസിഡൻസി, ലേബർ നിയമങ്ങൾ ലംഘിച്ച ആറ് പേർ, തിരിച്ചറിയൽ രേഖകളില്ലാതെ യാത്ര ചെയ്ത അഞ്ച് പേർ, അസാധാരണ മനോഭാവത്തിൽ ഉണ്ടായിരുന്ന ഒരാൾ എന്നിങ്ങനെ 10 പേരാണ് പിടിയിലായത്. ഇതു കൂടാതെ ആറു വാഹനങ്ങളും ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തതായി അധികൃതർ അറിയിച്ചു.
ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്സ് സെക്ടർ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്, റെസ്ക്യൂ പോലീസ്, ഓപ്പറേഷൻസ് വിഭാഗം, പബ്ലിക് സെക്യൂരിറ്റി, പ്രൈവറ്റ് സെക്യൂരിറ്റി, വനിതാ പോലീസ് വിഭാഗം എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സുരക്ഷാ ക്യാമ്പയിൻ തുടരുമെന്നും നിയമലംഘകരെ കണ്ടെത്താനും നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനുമായി കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരോട് പൊതു സമൂഹം സഹകരിക്കണമെന്നും സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ കാണുന്നപക്ഷം 112 എന്ന എമര്‍ജന്‍സി നമ്പറിലേക്ക് വിവരം അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.









0 comments