മധുരപാനീയത്തിനുള്ള പട്ടികാധിഷ്ഠിത നികുതി; സൗദിയിൽ 2026 ജനുവരിയിൽ പ്രാബല്യത്തിൽ

റിയാദ്: മധുരപാനീയങ്ങൾക്ക് പട്ടികാധിഷ്ഠിത നികുതി സമ്പ്രദായം നടപ്പാക്കാനുള്ള തീരുമാനം 2026 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് സൗദി അറേബ്യൻ വ്യവസായ, ഖനി വിഭവ മന്ത്രി ബന്ദർ അൽ ഖുറൈഫ. മധുരപാനീയ മേഖലയിലെ വ്യവസായികൾ വർഷങ്ങളായി ഉയർത്തിയ പ്രധാന ആശങ്കയിലൊന്നാണ് ഇതോടെ പരിഹരിക്കപ്പെട്ടത്. ധനമന്ത്രാലയം, സകാത്ത് നികുതി കസ്റ്റംസ് അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവ ഉൾപ്പെടെയുള്ള നിരവധി വകുപ്പുകൾ തമ്മിലുള്ള വിജയകരമായ ചർച്ചകളുടെ ഫലമായാണ് നടപടിയെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കലും പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുകയുമാണ് ലക്ഷ്യം. അതേസമയം, പാനീയ നിർമാണ സ്ഥാപനങ്ങൾക്ക് പഞ്ചസാര കുറവുള്ളതും ആരോഗ്യകരവുമായ പുതിയ ഉൽപ്പന്നങ്ങൾ വികസിപ്പിക്കാനുള്ള അവസരവും ലഭിക്കും. ജിസിസി തലത്തിൽ ഏകോപനം ആവശ്യമായതിനാൽ വിഷയം കൂടുതൽ സങ്കീർണമായിരുന്നു. ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും ധാരണയോടെയാണ് പുതിയ നികുതി നയം രൂപപ്പെടുത്തിയത്.
ഗൾഫ് സഹകരണ കൗൺസിലിന്റെ ധന, സാമ്പത്തിക സഹകരണ കമ്മിറ്റി മധുരപാനീയങ്ങളിൽ പട്ടികാധിഷ്ഠിത നികുതി കണക്കാക്കുന്ന രീതി ഭേദഗതി ചെയ്യാൻ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു. പാനീയങ്ങളിൽ 100 മില്ലി ലിറ്ററിലുള്ള പഞ്ചസാരയുടെ അളവിനെ അടിസ്ഥാനമാക്കി നികുതി കണക്കാക്കുന്നതാണ് പുതിയ രീതി. നിലവിലുള്ള സ്ഥിരമായ 50 ശതമാനം ഫ്ലാറ്റ് റേറ്റ് നികുതി ഇനി ഒഴിവാക്കും. പഞ്ചസാരയോ, കൃത്രിമ മധുരപദാർഥങ്ങളോ ചേർത്ത എല്ലാ ഉൽപ്പന്നങ്ങളും മധുരപാനീയത്തിൽ ഉൾപ്പെടും.








0 comments