കരുതലിന്റെ ‘നോർക്ക കെയർ': അഭിനന്ദിച്ച് പ്രവാസലോകം

പ്രവാസി കേരളീയർക്കും കുടുംബാംഗങ്ങൾക്കുമായി കേരള സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പാക്കുന്ന ‘നോർക്ക കെയർ' ഇൻഷുറൻസ് പദ്ധതിയെ അഭിനന്ദിച്ച് പ്രവാസലോകം.
സലാല
സലാല കെഎംസിസി
പ്രവാസികൾക്കുള്ള ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള ഏതൊരു സൗകര്യത്തെയും സർവാത്മനാ പിന്തുണയ്ക്കുമെന്ന് സലാല കെഎംസിസി പ്രസിഡന്റ് വി പി അബ്‌ദുസലാം. പദ്ധതി കുറ്റമറ്റ രീതിയിലും സുതാര്യവുമായിരിക്കണം. നോർക്ക കാർഡ് ലഭ്യമാക്കുന്നതിലും പെൻഷൻ പദ്ധതിയിൽ ചേർക്കുന്നതിലും പ്രവർത്തിച്ചപോലെ പ്രവാസികൾക്ക് ലഭിക്കുന്ന ഏതൊരാനുകൂല്യത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അബ്‌ദുസലാം പറഞ്ഞു.
‘നോർക്ക കെയർ’ ഇൻഷുറൻസ് പദ്ധതി ഗുണപരമാണെന്നും അതിന്റെ പരിരക്ഷ വിദേശ രാജ്യങ്ങളിൽകൂടി ലഭ്യമാക്കുന്നത് സർക്കാർ പരിഗണനയിൽ കൊണ്ടുവരണമെന്നും പൊതുപ്രവർത്തകനും സലാല കെഎംസിസി ട്രഷററുമായ ഹുസൈൻ കാച്ചിലോടി. നോർക്കയിൽ രജിസ്റ്റർ ചെയ്യാനുള്ള പ്രായപരിധി ഉയർത്താനുള്ള നടപടികൂടി ഉണ്ടാകണമെന്നും ഹുസൈൻ കാച്ചിലോടി പറഞ്ഞു.
ഐസിഎഫ് സലാല
രോഗവും അപകടങ്ങളും മറ്റും സംഭവിക്കുമ്പോൾ ബുദ്ധിമുട്ടുന്ന ദുരവസ്ഥയിൽനിന്ന് പ്രവാസികളെ സംരക്ഷിക്കാൻ നോർക്ക ഇൻഷുറൻസ് പദ്ധതി സഹായിക്കുമെന്ന് ഐസിഎഫ് സലാല റീജണൽ പ്രസിഡന്റ് അബ്‌ദുൾ നാസർ ലത്തീഫി പാങ്ങ്. ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന പ്രവാസികൾക്ക് പദ്ധതി സഹായകരമാണ്. കേരള സർക്കാർ പ്രവാസികളെ ചേർത്തുപിടിക്കുന്നതിന് രൂപീകരിച്ച നോർക്ക പദ്ധതിയിൽ അറിവില്ലായ്മമൂലം പല പ്രവാസികളും അംഗത്വമെടുത്തിട്ടില്ല. ഇത് പരിഹരിക്കാനുള്ള കൂടതൽ ബോധവൽക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി സലാല
സർക്കാർ പ്രവാസി കുടുംബങ്ങളെ എത്രമാത്രം ചേർത്ത് പിടിക്കുന്നു എന്ന് നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയിലൂടെ മനസ്സിലാക്കാൻ സാധിക്കുമെന്ന് കൈരളി സലാല ജനറൽ സെക്രട്ടറി ലിജോ ലാസർ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി പ്രവാസികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ ഇത്രമാത്രം ശ്രദ്ധ ചെലുത്തുന്ന കേരള സർക്കാരിനും നോർക്കാ റൂട്ട്സിനും അഭിനന്ദനങ്ങൾ. പരമാവധി എല്ലാ പ്രവാസി കുടുംബങ്ങളും ഈ ഉദ്യമത്തിൽ പങ്കാളികളാകണമെന്നും ലിജോ ലാസർ പറഞ്ഞു.
സലാല പി സി എഫ്
പ്രവാസി ക്ഷേമത്തിന് പുതിയൊരു കാൽവെപ്പായി മാറിയ നോർക്ക ഇൻഷുറൻസ് പദ്ധതിക്ക് കേരള സർക്കാറിന് സലാല പിസിഎഫിന്റെ എല്ലാവിധ പിന്തുണയും അറിയിക്കുന്നതായി സലാല പിസിഎഫ് ഭാരവാഹികൾ പറഞ്ഞു. പ്രവാസി സമൂഹത്തിന്റെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ കേരള സർക്കാർ പ്രതിജ്ഞാബദ്ധരാണ്. പ്രവാസി മലയാളികൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന ഇൻഷുറൻസ് പദ്ധതിയിലൂടെ നോർക്ക റൂട്ട്സ് പ്രവാസി സമൂഹത്തിന് നൽകുന്ന പ്രാധാന്യം അഭിനന്ദനാർഹമാണ്. ഇത്തരം പദ്ധതികൾ പ്രവാസികളുടെ ജീവിതത്തിൽ വലിയൊരു ആശ്വാസമാണ് നൽകുന്നതെന്നും സലാല പി സി എഫ് പ്രസിഡന്റ് റസാക്ക് ചാലിശ്ശേരി അഭിപ്രായപ്പെട്ടു.
പൊന്നാനി ക്ലച്ചറൽ വേൾഡ് ഫൗണ്ടേഷൻ സലാല
പ്രവാസികൾക്ക് ആരോഗ്യപരമായ പ്രതിസന്ധികൾ വരുമ്പോൾ കുടുംബങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. ഇത്തരത്തിൽ സർക്കാർ അവതരിപ്പിക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി പ്രവാസികൾക്ക് മാത്രമല്ല അവരുടെ കുടുംബങ്ങൾക്കും വലിയൊരു കരുത്തും ആശ്വാസവുമാണ്. പ്രവാസികളുടെ സുരക്ഷിത ഭാവിക്കായി കൈകൊണ്ടിരിക്കുന്ന ഈ തീരുമാനത്തെ പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി സി ഡബ്ല്യു എഫ്)) സലാല നന്ദിയോടെ സ്വീകരിക്കുന്നുവെന്ന് സെക്രട്ടറി റാസ് പാലക്കൽ പറഞ്ഞു.
മലയാളം മിഷൻ സലാല ചാപ്റ്റർ
മറ്റൊരു ഇൻഷുറൻസ് കമ്പനികളും അനുവദിക്കാത്ത അറുപതിനും എഴുപതിനും ഇടയിൽ പ്രായമുള്ളവരെക്കൂടി പരിഗണിക്കുന്ന, നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന രോഗാവസ്ഥക്കും ആനുകൂല്യങ്ങൾ ലഭ്യമാവുന്ന ഈ പദ്ധതി എന്തുകൊണ്ടും പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ്. പ്രവാസികൾക്ക് അവർ താമസിക്കുന്ന സ്ഥലങ്ങളിലെ ആശുപത്രികളിൽ കൂടി ചികിത്സ ലഭ്യമാക്കാൻ സൗകര്യം ഉൾപ്പെടുത്താൻ സർക്കാരും നോർക്കയും ആലോചിക്കണമെന്നും മലയാളം മിഷൻ സലാല ചാപ്റ്ററിന് വേണ്ടി ചെയർമാൻ ഏ കെ പവിത്രൻ പറഞ്ഞു.
കുവൈത്ത്
കല കുവൈത്ത്
പ്രവാസികൾക്കും കുടുംബങ്ങൾക്കും ആശ്വാസകരമായൊരു ആരോഗ്യ സുരക്ഷാ ചട്ടക്കൂട് ഒരുക്കുന്ന ഇൻഷുറൻസ് പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് കല കുവൈത്ത് ഭാരവാഹികൾ. ഗൾഫ് രാജ്യങ്ങളിലെ പ്രവാസി കൂട്ടായ്മകൾ ഒന്നടങ്കം രജിസ്ട്രേഷൻ ക്യാമ്പയിനിൽ പങ്കെടുക്കും. പദ്ധതി എല്ലാ പ്രവാസികളും പരമാവധി ഉപയോഗപ്പെടുത്തണം. കേരളത്തിലെ 500-ൽ അധികം ആശുപത്രികളടക്കം രാജ്യത്തെ 16,000ൽ അധികം ആശുപത്രികളിൽ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയെ അഭിമാനത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും കല കുവൈത്ത് പ്രസിഡന്റ് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി വി ഹിക്മത് എന്നിവർ വാർത്താക്കുറിപ്പിൽ പറഞ്ഞു.
കെകെഎംഎ കുവൈത്ത്
നോർക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന ‘നോർക്ക കെയർ’ ഇൻഷുറൻസ് പദ്ധതി കാലഘട്ടത്തിനനുയോജ്യവും അനിവാര്യവുമായ സംരംഭമാണെന്ന് കെകെഎംഎ ഭാരവാഹികൾ. ആശുപത്രി ചെലവുകൾക്ക് മുന്നിൽ നിരാശയിലാകുന്ന പ്രവാസി സമൂഹത്തിന്, പ്രത്യേകിച്ച് കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് പദ്ധതി വലിയ അനുഗ്രഹമായിരിക്കുമെന്നും കെകെഎംഎ ഭാരവാഹികൾ പറഞ്ഞു.
സാന്ത്വനം കുവൈത്ത്
കേരള സർക്കാരിന്റെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ ഏറെ ശോഭിക്കാൻ പോകുന്നത് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയാണെന്ന് പ്രവാസി ജീവകാരുണ്യ സംഘടനയായ സാന്ത്വനം കുവൈത്ത് ഭാരവാഹികൾ പറഞ്ഞു.
ഐഎംഎംസിസി കുവൈത്ത്
പ്രവാസികളുടെ ക്ഷേമത്തിന് സർക്കാരിന്റെ ഇടപെടൽ ചരിത്രപരമാണെന്നും ‘നോർക്ക കെയർ’ ഇൻഷുറൻസ് പദ്ധതി പ്രവാസി സമൂഹത്തിന് വലിയ ആശ്വാസമാകുമെന്നും ഐഎംഎംസിസി കുവൈത്ത്. നിലവിലുള്ള രോഗങ്ങൾക്കടക്കമുള്ള കവറേജ്, കുറഞ്ഞ പ്രീമിയം, കുടുംബാംഗങ്ങൾക്കും ലഭിക്കുന്ന സുരക്ഷിത പരിരക്ഷ എന്നീ സവിശേഷതകളാൽ പദ്ധതി പ്രവാസികൾക്കിടയിൽ വലിയ കരുതൽ വലയമായി മാറുമെന്നും ഐഎംഎംസിസി ഭാരവാഹികൾ പറഞ്ഞു.
കേരള അസോസിയേഷൻ കുവൈത്ത്
ഏറെകാലമായി പ്രവാസികൾ കാത്തിരുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യമാകുന്നതിനെ കേരള അസോസിയേഷൻ കുവൈത്ത് സ്വാഗതം ചെയ്തു. ‘നോർക്ക കെയർ’ പദ്ധതിയിലൂടെ പ്രവാസികളുടെയും കുടുംബങ്ങളുടെയും ആശങ്കകൾക്ക് പരിഹാരം ലഭിക്കുമെന്നും അസോസിയേഷൻ നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രവാസികൾ എല്ലാവരും നോർക്ക ഐഡി കാർഡുകൾ പുതുക്കി ഇൻഷുറൻസ് പദ്ധതിയിൽ പങ്കാളികളാകണമെന്നും പ്രവാസി ക്ഷേമത്തിന് സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ പദ്ധതി എന്നും പ്രസിഡന്റ് ബിവിൻ തോമസ്, സെക്രട്ടറി ഷംനാദ് തോട്ടത്തിൽ, ട്രഷറർ അനിൽ കെ.ജി., ലോകകേരളസഭാംഗം മണിക്കുട്ടൻ എടക്കാട്ട് എന്നിവർ വ്യക്തമാക്കി.
ഒമാൻ
കൈരളി ഒമാൻ
നാലാം ലോക കേരള സഭയിൽ പ്രവാസി സമൂഹത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പാണ് പദ്ധതിയിലൂടെ പാലിക്കപ്പെടുന്നതെന്ന് കൈരളി ഒമാൻ ഭാരവാഹികൾ അറിയിച്ചു. പ്രവാസി ക്ഷേമത്തിനായി ഇതിനകം നിരവധി പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്ന ജനകീയ സർക്കാരിന്റെ പുതിയ സംരംഭമാണിത്. പ്രവാസികളുടെ ദീർഘകാല ആവശ്യം നടപ്പാക്കുന്ന സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം
പ്രവാസികളുടെ ഏറെ കാലത്തെ ആവശ്യമാണ് നോർക്ക മുഖേന കേരള സർക്കാർ നടപ്പാക്കുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം ഭാരവാഹികൾ പറഞ്ഞു. സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ പ്രയോജനകരമായ പദ്ധതിയുടെ ഒമാനിലെ പ്രചാരണത്തിന് കേരള വിഭാഗവും ഭാഗമാകും. നാട്ടിൽ സ്ഥിരതാമസത്തിനായി തിരിച്ചെത്തുന്ന പ്രവാസികളെകൂടി ഭാഗമാക്കുന്ന രീതിയിൽ ഭാവിയിൽ പദ്ധതിയെ രൂപപ്പെടുത്തണമെന്നും കേരള വിഭാഗം ഭാരവാഹികൾ പറഞ്ഞു.
മലയാളം മിഷൻ ഒമാൻ ചാപ്‌റ്റർ
തുച്ഛമായ വേതനത്തിൽ പണിയെടുത്ത് കുടുംബം പുലർത്തുന്ന ബഹുഭൂരിപക്ഷം പ്രവാസികൾക്കും പദ്ധതി വലിയ സാന്ത്വനമാകുമെന്ന് മലയാളം മിഷൻ ഒമാൻ ചാപ്‌റ്റർ ഭാരവാഹികൾ. ജീവിതത്തിന്റെ ഏറിയ പങ്കും അന്യനാട്ടിൽ ചെലവഴിക്കേണ്ടി വരുന്നവർക്ക് പ്രവാസകാലം ഒരു ഘട്ടം കഴിയുമ്പോൾ ആതുരകാലമായി മാറാറുണ്ട്. ആ ഘട്ടത്തിൽ ഈ സംരംഭം പ്രവാസി സഹോദരങ്ങൾക്ക് വലിയ സഹായമായി മാറും. പ്രവാസികൾക്കായി രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് ആശംസകൾ അറിയിക്കുന്നതായും ഒമാൻ ചാപ്‌റ്റർ ഭാരവാഹികൾ പ്രസ്‌താവനയിൽ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ
കേരള സർക്കാർ പ്രവാസികൾക്കായി നടപ്പാക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ. ഏറെക്കാലമായി പ്രവാസി കേരളീയരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സമഗ്രമായ ആരോഗ്യ, അപകട ഇൻഷുറൻസ് പരിരക്ഷ. കേരളത്തിന്റെ ഇൗ മാതൃക മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കണമെന്നും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി സന്തോഷ് കുമാർ പറഞ്ഞു.
വേൾഡ് കെഎംസിസി
സർക്കാർ മുൻകൈയെടുത്ത് നടപ്പാക്കുന്ന പ്രവാസി ഇൻഷുറൻസ് പദ്ധതി ‘നോർക്ക കെയർ’ ഏറെ ഉപകാരപ്രദമാകുമെന്ന് വേൾഡ് കെഎംസിസി ജനറൽ സെക്രട്ടറി പുത്തൂർ റഹ്‌മാൻ. ആകസ്‌മികതയും അനിശ്ചിതത്തവും പ്രവാസ ജീവിതത്തിന്റെ കൂടെപ്പിറപ്പാണ്. രോഗവും അനാരോഗ്യവും പ്രവാസികളെ അലട്ടുന്ന ഘട്ടത്തിലെല്ലാം കുടുബാംഗങ്ങൾ കൂടിയാണ് പ്രതിസന്ധിയിലാവുന്നത്. നോർക്ക കെയർ പരിരക്ഷയിൽ നിക്ഷേപിക്കുന്ന ചെറിയ തുക പ്രവാസികൾക്കൊരു സൂക്ഷിപ്പ് സ്വത്തായിരിക്കുമെന്നും പുത്തൂർ റഹ്‌മാൻ പറഞ്ഞു.
നവോദയ സാംസ്‌കാരികവേദി കിഴക്കൻ പ്രവിശ്യ
പ്രവാസികളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി സഹായിക്കുമെന്ന് നവോദയ സാംസ്‌കാരികവേദി കിഴക്കൻ പ്രവിശ്യ കേന്ദ്ര കമ്മിറ്റി. പ്രവാസികളോടുള്ള കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കരുതലിന്റെ ഭാഗമാണ് പദ്ധതി. നിനച്ചിരിക്കാതെ വരുന്ന ആരോഗ്യപ്രശ്നങ്ങൾ പ്രവാസിയുടെ സാമ്പത്തിക സുരക്ഷിതത്തിന് വലിയ ഭീഷണിയാണ്. അതിനുള്ള മികച്ച പരിഹാരമായിരിക്കും ഇൻഷുറൻസ് പദ്ധതി. ഇത് പ്രവാസികളുടെ സമ്പാദ്യം സുരക്ഷിതമാക്കാനും സന്തോഷത്തോടെ തൊഴിൽ ചെയ്ത് മുന്നോട്ടുപോകാനും സഹായിക്കും. പിണറായി വിജയൻ സർക്കാർ അധികാരമേറ്റശേഷം നോർക്ക റൂട്സും അനുബന്ധ പ്രവാസി സംവിധാനങ്ങളും വഴി നിരവധി ആനുകൂല്യങ്ങളാണ് പ്രവാസികൾക്കായും അവരുടെ കുടുംബാംഗങ്ങൾക്കായും നടപ്പിലാക്കിയതെന്നും നവോദയ ഭാരവാഹികൾ പറഞ്ഞു.
കൈരളി കൾചറൾ അസോസിയേഷൻ ഫുജൈറ
പ്രവാസി മലയാളികൾക്കായി കേരള സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി അഭിനന്ദനാർഹമാണെന്ന് കൈരളി കൾചറൾ അസോസിയേഷൻ ഫുജൈറ ഭാരവാഹികൾ പറഞ്ഞു. പ്രവാസി കേരളീയരോടുള്ള കേരള സർക്കാരിൻ്റെ കരുതലും പരിഗണനയും ശ്രദ്ധേയമാണ്.നോർക്ക കെയർ ഇൻഷുറസ് പദ്ധതിയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനും പ്രവാസി മലയാളികളെ പദ്ധതിയുടെ ഭാഗമാക്കുന്നതിനും കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സജീവമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ഭാരവാഹികളായ സുജിത്ത് വി പി,വിത്സൺ പട്ടാഴി, അഷറഫ് പിലാക്കൽ എന്നിവർ അറിയിച്ചു.
ആർ നാഗനാഥൻ - ലോക കേരള സഭ
ലോക കേരള സഭയുടെ സമ്മേളനങ്ങളിൽ ഉയർന്നുവന്ന പ്രവാസി ക്ഷേമ നിർദേശങ്ങൾക്കുള്ള അംഗീകാരമാണ് പദ്ധതിയെന്ന് ലോക കേരള സഭ അംഗം ആർ നാഗനാഥൻ. പദ്ധതിക്ക് പരമാവധി പ്രചാരണം നൽകുകയും കൂടുതൽ പ്രവാസികൾ ഇതിന്റെ ഭാഗമാകുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഷാജി സെബാസ്റ്റ്യൻ- ലോക കേരള സഭ മുൻ അംഗം
ഇടതുപക്ഷ സർക്കാരുകളുടെ പ്രവാസികളോടുള്ള കരുതലിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നോർക്ക കെയർ പദ്ധതിയെന്ന് ലോക കേരള സഭ മുൻ അംഗം ഷാജി സെബാസ്റ്റ്യൻ. നായനാർ, വി എസ് സർക്കാരുകളുടെ കാലത്ത് ആരംഭിച്ച പ്രവാസി ക്ഷേമ പദ്ധതികളുടെ തുടർച്ചയാണ് പിണറായി വിജയൻ സർക്കാർ നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയും. സാധാരക്കാരായ പ്രവാസികൾക്കും അവരുടെ കുടുംബത്തിനും ഏറെ ഗുണകരമാകുന്ന പദ്ധതിയുമായി മുന്നോട്ടുവന്ന സംസ്ഥാന സർക്കാരിന് ആശംസകൾ അറിയിക്കുന്നതായും ഷാജി സെബാസ്റ്റ്യൻ പറഞ്ഞു.
സത്താർ കുന്നിൽ - ലോക കേരള സഭാ അംഗം, നാഷണൽ ലീഗ് സ്റ്റേറ്റ് സെക്രട്ടറി
പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ഈ പദ്ധതി, സർക്കാർ പ്രവാസി ക്ഷേമത്തിന് നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ്. പദ്ധതി വിജയകരമായി നടപ്പിലാക്കാൻ നോർക്ക റൂറ്റ്സ്, ആരോഗ്യ വകുപ്പ്, ഇൻഷുറൻസ് പങ്കാളികൾ, പ്രവാസി സംഘടനകൾ എന്നിവർ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണം. ഗൾഫ് രാജ്യങ്ങളിൽ വിവരാവകാശ ക്യാമ്പുകൾ, ഹെൽപ്‌ഡെസ്‌ക്കുകൾ, മലയാളം ഇംഗ്ലീഷ് ഭാഷകളിൽ മാർഗ്ഗനിർദ്ദേശ സാമഗ്രികൾ, ഓൺലൈൻ രജിസ്ട്രേഷൻ സഹായം എന്നിവ ഒരുക്കണം. കുവൈത്തിലെ എല്ലാ പ്രവാസി സംഘടനകളും സമൂഹ പ്രവർത്തകരും ബോധവൽക്കരണ ക്യാംപെയ്‌നുകളിലും രജിസ്ട്രേഷൻ സഹായത്തിലും സജീവമായി ഇടപെടണം. ഓരോരുത്തരുടെയും സമയോചിത പങ്കാളിത്തമാണ് പദ്ധതിയുടെ യഥാർത്ഥ വിജയം. പ്രവാസികൾക്ക് ആശ്വാസവും ആത്മവിശ്വാസവും നൽകുന്ന ഈ ചരിത്രനീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു-.
ലെനിൻ ജി കുഴിവേലി- ലോക കേരളസഭാംഗം
പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യവും എല്ലാവർക്കും പ്രയോജനപ്രദവുമായ പദ്ധതി പ്രവാസ കേരളം ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.
സനീഷ് ചക്കരക്കൽ -കൺവീനർ, കേരള വിഭാഗം, ഇന്ത്യൻ സോഷൽ ക്ലബ്, സലാല
പ്രവസികൾക്കായി കേരള ഗവൺമെൻ്റിൻ്റെ നേതൃത്വത്തിൽ ഉളള നോർക്കയുടെ ഈ ഇൻഷൂറൻസ് പദ്ധതി എല്ലാ തരത്തിലുള്ള പ്രവാസി സുഹൃത്തുക്കൾക്കും ഒരുപോലെ ഗുണകരമാകും.
റസൽ മുഹമ്മദ് - പ്രസിഡന്റ്, ഇന്ത്യൻ സ്കൂൾ തുംറൈറ്റ്
പ്രവാസ ലോകത്ത് സാധാരണക്കാരായ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്നു അവരവരുടെ ചികിത്സയ്ക്ക് വേണ്ടുന്ന ഒരു ഇൻഷുറൻസ് പദ്ധതി. ഗവൺമെന്റുകൾ മാറി മാറി ഭരിച്ചിട്ടും ഈ ഗവൺമെന്റിൽ നിന്നുമാണ് പ്രവാസിക്കനുകൂലമായ ഈ പദ്ധതിക്ക് പച്ചകൊടി ലഭിച്ചത്. വിപ്ലവകരമായ തീരുമാനമെടുത്ത ഇടത് പക്ഷ സർക്കാരിന് അഭിനന്ദനം. പദ്ധതിയിൽ നാം പങ്കാളികളാകുന്നതോടൊപ്പം, മറ്റുള്ളവരെ കൂടി പങ്കെടുപ്പിക്കാൻ നാം ഓരോരുത്തരും ശ്രമിക്കണം.









0 comments