മലയാളം മിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; സുഗതാഞ്‌ജലി പുരസ്‌കാരം കല കുവൈത്തിന്

തിരുവനന്തപുരം: മലയാള ഭാഷയുടെ പ്രചാരണത്തിനും ഭാഷാപ്രവർത്തനങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്കുമുള്ള മലയാളം മിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രവാസലോകത്തെ ഭാഷാപ്രവർത്തനത്തിന് മികച്ച പിന്തുണ നൽകുന്ന മലയാളി സംഘടനയ്‌ക്കുള്ള സുഗതാഞ്‌ജലി പ്രവാസി പുരസ്‌കാരം കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് സ്വന്തമാക്കി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ദുബായ് ചാപ്‌റ്ററിലെ അംബുജം സതീഷ് ഭാഷാമയൂരം പുരസ്‌കാരവും അൽ ഐൻ ചാപ്‌റ്ററിലെ റസിയ ഇഫ്‌ത്തിക്കർ ബോധി അധ്യാപക പുരസ്‌കാരവും സ്വന്തമാക്കി.
മികച്ച മലയാളം മിഷൻ ചാപ്‌റ്ററിനുള്ള കണിക്കൊന്ന പുരസ്‌കാരം തെലങ്കാന ചാപ്റ്ററിനാണ്. തമിഴ്‌നാട് ചാപ്‌റ്ററിലെ പി ആർ സ്‌മിത (ഭാഷാമയൂരം), ഡൽഹി ചാപ്‌റ്ററിലെ അംബിക പി മേനോൻ (ബോധി അധ്യാപക പുരസ്‌കാരം), തമിഴ്‌നാട് ചാപ്‌റ്ററിലെ എ വി അനൂപ് (പ്രവാസി സാഹിത്യ പുരസ്‌കാരം), അമേരിക്കയിൽനിന്നുള്ള മനോ ജേക്കബ് (സ്‌പെഷ്യൽ ജൂറി പരാമർശം), ഇ കെ കുറുപ്പ് (ഭാഷാപ്രതിഭ) എന്നിവരാണ് മറ്റ് പുരസ്‌കാര ജേതാക്കൾ. കെ ജയകുമാർ, പി കെ രാജശേഖരൻ, ആർ ശിവകുമാർ, മുരുകൻ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര നിർണയം നടത്തിയത്.
ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി പ്രവാസലോകത്ത് കല കുവൈത്ത് നടത്തിയ സമഗ്ര പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം. വിവിധ സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, മാതൃഭാഷാ പഠനപദ്ധതികൾ, സർഗാത്മക ഇടപെടലുകൾ, പ്രവാസി മലയാളികൾക്ക് നൽകിയ സാമൂഹ്യ, സാംസ്‌കാരിക പിന്തുണ എന്നിവ സമഗ്രമായി വിലയിരുത്തിയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. 1990 മുതൽ കല മാതൃഭാഷാ പ്രവർത്തനങ്ങൾ സജീവമായി നടത്തിവരികയാണ്. ഇതുവരെ 35,000ൽ അധികം കുട്ടികൾ കലയുടെ മാതൃഭാഷാ പഠന പദ്ധതികളുടെ ഭാഗമായിട്ടുണ്ട്. പ്രവാസി സമൂഹത്തിനിടയിൽ നടത്തുന്ന സമഗ്ര ഇടപെടലുകൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും പറഞ്ഞു.
ഇന്ത്യക്കു പുറത്തുള്ള ഭാഷാപ്രവർത്തകയ്ക്കുള്ള ‘ഭാഷാമയൂരം’ പുരസ്‌കാരം സ്വന്തമാക്കിയ അംബു സതീഷ് കോട്ടയം കുമാരനല്ലൂർ സ്വദേശിനിയാണ്. മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദഗ്ധ സമിതി ചെയർപേഴ്‌സൺ ആയി പ്രവർത്തിക്കുന്നു. കുമാരനല്ലൂർ പൈങ്ങോട്ടു കുന്നുമ്പുറം സ്വദേശി സതീഷ് കുമാറാണ് ജീവിതപങ്കാളി. നൃപൻ എസ് കൃഷ്‌ണൻ, ദ്രുവൻ എസ് കൃഷ്‌ണൻ എന്നിവരാണ് മക്കൾ.











0 comments