ഏപ്രിൽ മുതൽ യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ ഏകീകൃത അക്കാദമിക് കലണ്ടറിലേക്ക്

ദുബായ് : യുഎഇയിലെ ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകൾ 2026 ഏപ്രിൽ മുതൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏകീകൃത അക്കാദമിക് കലണ്ടറിലേക്ക് ഔപചാരികമായി മാറും. യുഎഇയിലെ മിക്ക അന്താരാഷ്ട്ര പാഠ്യപദ്ധതി സ്കൂളുകളും ഡിസംബറിൽ ഒരു മാസം നീളുന്ന വിന്റർ ബ്രേക്കിലേക്ക് പോകുമ്പോൾ, ഇന്ത്യൻ–ഏഷ്യൻ പാഠ്യപദ്ധതി സ്കൂളുകൾ പതിവുപോലെ ഡിസംബർ രണ്ടാം ആഴ്ച വരെ ക്ലാസുകൾ തുടരും.
ഏകീകൃത കലണ്ടർ 2026 ഏപ്രിൽ മുതൽ മാത്രമേ ഇന്ത്യൻ പാഠ്യപദ്ധതി സ്കൂളുകൾക്ക് ബാധകമാവുന്നുള്ളൂ. നിലവിലെ അധ്യയന വർഷത്തിലെ മുഴുവൻ പഠനദിനങ്ങളും പരീക്ഷകളും മുൻകൂട്ടി നിശ്ചയിച്ചതുപോലെ പൂർത്തിയാക്കാനാണ് സ്കൂളുകൾ ലക്ഷ്യമിടുന്നത്. 2026–27 അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ പാഠ്യപദ്ധതിയുടെ പേസിംഗ്, വിലയിരുത്തൽ സമയക്രമം, സ്കൂൾ ദിനചര്യ തുടങ്ങിയവ ഏകീകൃത കലണ്ടറിന് അനുസൃതമായി ക്രമീകരിക്കുന്ന ‘ഘടനാബദ്ധമായ മാറ്റപദ്ധതി’ സ്കൂളുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. എല്ലാ പ്രധാന തീയതികളും മുൻകൂട്ടി വ്യക്തമായി അറിയിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. രക്ഷിതാക്കൾക്കായി ഓറിയന്റേഷൻ സെഷനുകളും നോട്ടീസുകളും വിദ്യാർഥികളുടെ ക്ഷേമത്തിനായി പ്രത്യേക പിന്തുണാ പ്രവർത്തനങ്ങളും ഒരുക്കും.









0 comments