നിയമലംഘനം നിരീക്ഷിക്കൽ: എഐ റഡാർ പരീക്ഷണം പൂർത്തിയാക്കി ദുബായ് പൊലീസ്

ai police
വെബ് ഡെസ്ക്

Published on Mar 07, 2025, 03:09 PM | 1 min read

ദുബായ്: നിർമിതബുദ്ധി സാങ്കേതികവിദ്യ (എഐ) സംയോജിപ്പിച്ച റഡാറുകൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന്റെ പരീക്ഷണം പൂർത്തിയാക്കിയതായി ദുബായ് പൊലീസ്. റഡാറുകളുടെ കൃത്യത ഉറപ്പാക്കുന്നതിനാണ് പരീക്ഷണം നടത്തിയതെന്ന് ട്രാഫിക് ടെക്‌നോളജി ഡയറക്‌ടർ ബ്രി. എൻജിനിയർ മുഹമ്മദ് അലി കറം പറഞ്ഞു. ദുബായ് പൊലീസ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വിശദീകരിച്ചത്.

റോഡിൽ വാഹനങ്ങൾ തമ്മിൽ ആവശ്യമായ അകലം പാലിക്കാത്തത് കണ്ടെത്താൻ റഡാറുകൾ ഉപയോഗിക്കും. 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ഈ നിയമലംഘനത്തിന് ശിക്ഷയായി ലഭിക്കുക. അകലം പാലിക്കൽ അടക്കമുള്ള നിയമങ്ങൾ ലംഘിക്കുന്നത് ആവർത്തിച്ചാൽ 30 ദിവസം വാഹനം കണ്ടുകെട്ടൽ നടപടി സ്വീകരിക്കുമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അകലം പാലിക്കുന്ന നിയമത്തിനു പുറമെ, അമിത ശബ്‌ദമുണ്ടാക്കി വാഹനം ഓടിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി ലംഘനങ്ങളും റഡാറുകൾ നിരീക്ഷിക്കും.


നൂതന റഡാറുകൾക്ക് ശബ്‌ദം, അതിന്റെ ഉറവിടം, അളവ് എന്നിവ കണ്ടെത്താനും ശബ്‌ദ നിയന്ത്രണങ്ങൾ കൃത്യമായി നടപ്പാക്കുന്നത് ഉറപ്പാക്കാനും കഴിയും. ശബ്‌ദപരിധി ലംഘിച്ചാൽ 2000 ദിർഹം പിഴയും 12 ബ്ലാക്ക്‌ പോയിന്റുമാണ് ശിക്ഷ. റെസിഡൻഷ്യൽ ഏരിയകളിൽ ശബ്‌ദ കോലാഹലം കുറക്കുന്നതിനും എല്ലാ താമസക്കാർക്കും ശാന്തമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ശബ്ദപരിധി നിശ്ചയിച്ചതിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.


നിയമാനുസൃത വേഗപരിധി ലംഘിക്കൽ, ട്രാഫിക് സിഗ്നൽ മറികടക്കൽ, ലൈൻ മറികടക്കൽ, വിപരീതദിശയിലെ ഡ്രൈവിങ്, അടിയന്തര വാഹനങ്ങൾക്ക് കടന്നുപോകാനുള്ള പാതയിൽ സഞ്ചരിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിക്കൽ, അനുവദനീയമായ പരിധിക്കപ്പുറം ഗ്ലാസുകളിൽ ടിന്റ്‌ ഒട്ടിക്കൽ, കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കൽ, നിശ്ചിത സ്ഥലത്തുനിന്നല്ലാതെ വാഹനം തിരിക്കൽ, കാലാവധി കഴിഞ്ഞ രജിസ്ട്രേഷൻ, റോഡിന് നടുവിൽ വാഹനം നിർത്തൽ എന്നിങ്ങനെയുള്ള ലംഘനങ്ങളെല്ലാം റഡാർ വഴി കണ്ടെത്താനാകും. റോഡ് സുരക്ഷ ചട്ടങ്ങൾ പാലിക്കാനും അപകടങ്ങൾ തടയുന്നതിനും എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഉത്തരവാദിത്വമുള്ള ഡ്രൈവിങ് പാലിക്കണമെന്നും ദുബായ് പൊലീസ് ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home