വിമാനയാത്രയിലെ പ്രശ്‌നങ്ങൾ; ‘സഹേൽ’ ആപ്പിൽ പരാതിപ്പെടാം

കുവൈത്ത് സിറ്റി : വിമാനയാത്രയുമായി ബന്ധപ്പെട്ട വിവിധ പരാതികൾ ഇനി ‘സഹേൽ’ ആപ്പിലൂടെ സമർപ്പിക്കാമെന്ന് കുവൈത്ത് വ്യോമയാന ഡയറക്‌ടറേറ്റ്. യാത്രക്കാരുടെ അവകാശങ്ങൾ കൂടുതൽ ഫലപ്രദമായി സംരക്ഷിക്കാനും പരാതികളിൽ വേഗത്തിലുള്ള ഇടപെടൽ ഉറപ്പാക്കാനുമാണ് പുതിയ ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഡയറക്‌ടറേറ്റിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് അറിയിപ്പ് പുറത്തുവിട്ടത്.
വിമാന സർവീസ് വൈകൽ, ബാഗേജ് സംബന്ധമായ പ്രശ്നങ്ങൾ, വിമാനം റദ്ദാക്കൽ, ബുക്കിങ് റദ്ദാക്കൽ, യാത്രാസമയത്തിലോ ബുക്കിങ് വിഭാഗത്തിലോ മാറ്റം വരുത്തൽ, യാത്രക്കാരെ ബോർഡിങ്ങിൽനിന്ന് വിലക്കൽ, സാമ്പത്തിക നഷ്ടപരിഹാര ആവശ്യങ്ങൾ, പാക്കേജ് ടൂർ -ഡമ്മി ബുക്കിങ് പരാതികൾ തുടങ്ങിയവ ‘സഹേൽ’ ആപ്പിലൂടെ നൽകാനാകും.
വിമാന റൂട്ട് മാറ്റം, ടേക്ക് ഓഫ് ചെയ്തശേഷം വിമാനം തിരികെ മടങ്ങേണ്ടിവരുന്ന സംഭവങ്ങൾ, വിമാനത്തിനുള്ളിലെ പരിക്കുകളോ മരണങ്ങളോ ഉൾപ്പെടെയുള്ള ഗുരുതര സംഭവങ്ങളും റിപ്പോർട്ട് ചെയ്യാനും സൗകര്യമുണ്ടെന്ന് ഡയറക്‌ടറേറ്റ് വ്യക്തമാക്കി.
ഡിജിറ്റൽ സർക്കാർ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും യാത്രക്കാരും വ്യോമയാന അതോറിറ്റികളും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ പരാതി സംവിധാനം നടപ്പാക്കിയതെന്നും അധികൃതർ വ്യക്തമാക്കി.










0 comments