കുവൈത്ത്: 13 ദിവസത്തിൽ 15,475 ട്രാഫിക് നിയമലംഘനങ്ങൾ

കുവൈത്ത് സിറ്റി: മെയ് 5 മുതൽ 16 വരെ രാജ്യത്തുടനീളം നടത്തിയ ട്രാഫിക് പരിശോധനാ ക്യാമ്പയിനുകളിൽ 15,475 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെയും എമർജൻസി പോലീസിന്റെയും നേതൃത്വത്തിലാണ് ക്യാമ്പയിൻ നടത്തിയത്.
ഭിന്നശേഷിയുള്ളർക്കായി മാറ്റിവെച്ച പാർക്കിങ് സ്ഥലങ്ങളിൽ നിയമവിരുദ്ധമായി വാഹനം നിർത്തിയതിന് 33 കേസുകൾ രജിസ്റ്റർ ചെയ്തു. ട്രാഫിക് വകുപ്പ് മാത്രം 12,449 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. അപകടസാധ്യതയുള്ള രീതിയിൽ വാഹനം ഓടിച്ച 53 കുട്ടികളെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറി. അശ്രദ്ധമായ ഡ്രൈവിംഗിന് 47 പേരെ മുൻകരുതൽ തടങ്കലിൽ വയ്ക്കുകയും ചെയ്തു.
ഗുരുതരമായ കുറ്റങ്ങൾ സംബന്ധിച്ച് 32 വാഹനങ്ങളും മൂന്ന് മോട്ടോർസൈക്കിളുകളും പൊലീസ് പിടിച്ചെടുത്തു. ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ച നാല് പേരെയും താമസ നിയമം ലംഘിച്ച 26 പേരെയും തിരിച്ചറിയൽ രേഖയില്ലാതെ യാത്ര ചെയ്ത 18 പേരെയും അറസ്റ്റ് ചെയ്തു. വിവിധ കേസുകളിൽ തിരയുകയായിരുന്ന 43 പിടികിട്ടാപ്പുള്ളികളും ഒരു തെരുവ് കച്ചവടക്കാരനും പിടിയിലായി. അന്വേഷണ വിധേയമായ 101 വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു.









0 comments