27 May Friday

ആ ചിത്രത്തെ വെറുത്ത‌് ട്രംപ‌്; ട്രംപിനെ വെറുത്ത‌് ലോകം

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

വാഷിങ‌്ടൺ 
ലോകത്തിന്റെ നൊമ്പരമായ അച്ഛന്റെയും മകളുടെയും ചേതനയറ്റ ശരീരങ്ങളുടെ ചിത്രം അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപിന്റെ കുടിയേറ്റവിരുദ്ധ നയങ്ങക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തുന്നു. അമേരിക്കയിലടക്കം ട്രംപിന്റെ കുടിയേറ്റവിരുദ്ധനയത്തിനെതിരെ രോഷം അലയടിക്കുകയാണ‌്. ഫ്രാൻസിസ‌് മാർപാപ്പ ഉൾപ്പെടെയുള്ള പ്രമുഖരും ലോകനേതാക്കളും അഭയാർഥികൾക്ക‌് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

അതേസമയം, പ്രതിപക്ഷമായ ഡെമൊക്രാറ്റുകളെ കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറാനാണ‌് ട്രംപിന്റെ ശ്രമം. ‘ഞാനതിനെ വെറുക്കുന്നു’–- ലോകമാധ്യമങ്ങൾ ഒന്നാകെ ഏറ്റെടുത്ത ചിത്രത്തോട‌് ട്രംപിന്റെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ഡെമൊക്രാറ്റുകളാണ‌് ഈ ദുരന്തത്തിന‌് ഉത്തരവാദികളെന്നും ഏഷ്യാ പര്യടനത്തിനായി പുറപ്പെടവേ ട്രംപ‌് വൈറ്റ‌്ഹൗസിൽ മാധ്യമപ്രവർത്തകരോട‌് പ്രതികരിച്ചു.
ശരിയായ നിയമങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകില്ലായിരുന്നു. ഇത്തരം കുടിയേറ്റത്തിന‌് ആരും ശ്രമിക്കില്ലായിരുന്നു. 

എന്നാൽ, അതിന‌് ഡെമോക്രാറ്റുകൾ അനുവദിക്കുന്നില്ല–- ട്രംപ‌് പറഞ്ഞു. അതേസമയം, കടുത്ത ദുരിതങ്ങളിൽനിന്ന‌് രക്ഷതേടിയെത്തുന്ന അഭയാർഥികളോട‌് മടങ്ങിപ്പോകണമെന്ന‌് ആവശ്യപ്പെടുന്ന ട്രംപിന്റെ നയം മനുഷ്യത്വഹീനമാണെന്ന‌് ഡെമൊക്രാറ്റിക‌് സെനറ്റൽ കമല ഹാരിസ‌് പറഞ്ഞു. ട്രംപിനെ ഇംപീച്ച‌്ചെയ്യണമെന്ന‌് മിഷിഗണിൽനിന്നുള്ള യുഎസ‌് കോൺഗ്രസ‌് അംഗം റാഷിദ ത‌്‌ലൈബ‌് ആവശ്യപ്പെട്ടു. ഈ രാക്ഷസനും അയാളുടെ ഹൃദമില്ലാത്ത ഭരണകൂടവുമാണ‌് ദുരന്തത്തിന‌് ഉത്തരവാദികളെന്ന‌് അവർ ട്വീറ്റ‌്ചെയ‌്തു. ഡെമോക്രാറ്റിക‌് അംഗം ചക‌് ഷുമർ ചിത്രം ഉയർത്തിയാണ‌് സെനറ്റിൽ സംസാരിച്ചത‌്.

അമേരിക്കയിലേക്ക‌് എത്തുന്ന അഭയാർഥികളുടെ സംരക്ഷണത്തിനായി യുഎസ‌് ജനപ്രതിനിധിസഭയും സെനറ്റും വെവ്വേറെ ബില്ലുകൾ പാസാക്കിയിട്ടുണ്ട‌്. എന്നാൽ, ഈ ബില്ലുകൾ ഇനിയും ഏകീകരിച്ചിട്ടില്ല. അടുത്ത നടപടിയെന്തെന്നും ട്രംപ‌് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, അഭയാർഥികളെ തടയാൻ മെക‌്സിക്കൻ അതിർത്തിയിൽ മതിൽകെട്ടാനുള്ള പണത്തിനായി ട്രംപ‌് ഉറച്ച നിലപാടാണ‌് സ്വീകരിച്ചത‌്.
എൽ സാൽവദോറിൽനിന്നുള്ള ഇരുപത്തൊമ്പതുകാരനായ ആൽബർട്ടോ റാമിറെസ‌് തന്റെ രണ്ടുവയസുകാരിയായ മകൾ വലേരിയയെ പുറത്തുകെട്ടിവച്ച‌് റയോ ഗ്രാൻഡെ നദി മുറിച്ചുകടക്കാൻ ശ്രമിക്കവേയാണ‌് മുങ്ങിമരിച്ചത‌്. മാധ്യമപ്രവർത്തക ജൂലിയ ലെ ദുക‌് എടുത്ത ചിത്രം മെക‌്സിക്കർ പത്രം ലാ ജോർനാദയാണ‌് ആദ്യം പ്രസിദ്ധീകരിച്ചത‌്.

തീരത്തടിഞ്ഞ അച്ഛന്റെയും മകളുടെയും മൃതദേഹത്തിന്റെ ചിത്രം അഭയാർഥികളുടെ ദുരന്തത്തിലേക്ക‌് ഒരിക്കൽക്കൂടി ലോകശ്രദ്ധയെത്തിച്ചു. 2015ൽ തുർക്കിയുടെ തീരത്തടിഞ്ഞ സിറിയൻ ബാലൻ ഐലൻ കുർദിയുടെ ചിത്രം കണ്ട അതേ നടുക്കത്തോടെയാണ‌് റയോ ഗ്രാൻഡെയുടെ തീരത്തെ ചിത്രവും ലോകം കണ്ടത‌്. ന്യൂയോർക്ക‌് ടൈംസ‌് ഉൾപ്പെടെയുള്ള പത്രങ്ങൾ ഒന്നാംപേജിൽ ചിത്രം പ്രസിദ്ധീകരിച്ചു. അതിർത്തിസുരക്ഷക്കൊപ്പം നീതിയും മനുഷ്യത്വവും ഉൾച്ചേരുന്ന കുടിയേറ്റനയമാണ‌് അമേരിക്ക‌് വേണ്ടതെന്ന‌് ടൈംസ‌് പത്രം അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top