27 July Saturday

കടന്നുപോയത്‌ ഏറ്റവും ചൂടേറിയ ജനുവരി; ചുട്ടുപൊള്ളി ലോകവും ഇന്ത്യയും

സ്വന്തം ലേഖകൻUpdated: Tuesday Feb 18, 2020

ന്യൂഡൽഹി > ഭൂമിയിലും സമുദ്രോപരിതലത്തിലും ശരാശരി താപനില ഏറ്റവും കൂടിയ ജനുവരിയാണ്‌ 2020ൽ ലോകം സാക്ഷ്യം വഹിച്ചത്‌. 20–-ാം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയ ശരാശരി 12 ഡിഗ്രിസെൽഷ്യസിനേക്കാൾ 1.14 ഡിഗ്രിസെൽഷ്യൽ ഉയർന്ന്‌ 141 വർഷത്തെ ഏറ്റവും കൂടിയ ചൂട്‌. യുഎസ്‌ നാഷണൽ ഓഷ്യാനിക്‌ ആന്റ്‌ അറ്റ്‌മോസ്‌ഫെറിക്‌ അഡ്‌മിനിസ്‌ട്രേഷന്റെ 1880 മുതൽ രേഖപ്പെടുത്തപ്പെട്ട കണക്കുകൾ പ്രകാരമാണിത്‌. ഇന്ത്യയിൽ, 1919നുശേഷമുള്ള ശരാശരി കുറഞ്ഞ താപനില ഏറ്റവും ഉയർന്ന ജനുവരിയാണിത്‌. ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ 1901 മുതലുള്ള കണക്കുകൾ അടിസ്ഥാനമാക്കിയാണിത്‌.

 ഇന്ത്യയിൽ ജനുവരിയിലെ ശരാശരി കുറഞ്ഞ താപനില സാധാരണ 20.59 ഡിഗ്രിസെൽഷ്യസായിരിക്കെ 2020 ജനുവരിയിൽ ഏകദേശ ശരാശരി 21.92 ഡിഗ്രിസെൽഷ്യസായി ഉയർന്നു. 1.33 ഡിഗ്രിസെൽഷ്യസിന്റെ വ്യത്യാസമാണ്‌ ഇത്തവണ രേഖപ്പെടുത്തിയത്‌. 1919 ജനുവരിയിൽ രേഖപ്പെടുത്തിയ 22.13 ഡിഗ്രിസെൽഷ്യസാണ്‌ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഉയർന്ന കുറഞ്ഞ താപനില; വ്യത്യാസം 1.54 ഡിഗ്രിസെൽഷ്യസ്‌. കുറഞ്ഞ താപനില സാധാരണയേക്കാൾ ഉയർന്ന മറ്റ്‌ മൂന്നുവർഷങ്ങൾ 1901 (1.23ഡിഗ്രിസെൽഷ്യസ്‌), 1906 (1.1 ഡിഗ്രിസെൽഷ്യസ്‌), 1938 (1.05 ഡിഗ്രിസെൽഷ്യസ്‌) എന്നിവയാണ്‌.

ശരാശരി കൂടിയ താപനില പ്രകാരം 2020 ജനുവരി രേഖപ്പെടുത്തിയതിൽ മൂന്നാം സ്ഥാനത്താണ്‌; 30.72 ഡിഗ്രിസെൽഷ്യസ്‌. സാധാരണ ശരാശരി കൂടിയ താപനില 30 ഡിഗ്രിസെൽഷ്യസാണ്‌. ആദ്യ രണ്ടു സ്ഥാനങ്ങളിൽ യഥാക്രമം 2016 (1.1 ഡിഗ്രിസെൽഷ്യസ്‌)ഉം 2013 (0.95 ഡിഗ്രിസെൽഷ്യസ്‌)ഉം ആണ്‌. ഇന്ത്യയിൽ ജനുവരിയിലെ ശരാശരി താപനിലയിലെ വ്യത്യാസം ഒരു ഡിഗ്രിസെൻഷ്യസിൽകൂടുതൽ കടന്നത്‌ 1091നുശേഷം ആദ്യമായി ഇത്തവണയാണ്‌. സാധാരണ  ജനുവരിയിലെ ശരാശരി താപനില 25.3 ഡിഗ്രിസെൽഷ്യസാണ്‌. ഇത്തവണ 1.02 ഡിഗ്രിസെൽഷ്യസ്‌ വർധിച്ച്‌ 26.31 ഡിഗ്രിസെൽഷ്യസായി ഉയർന്നു.

രാജ്യവ്യാപകമായ ഈ പ്രവണതയ്‌ക്കു വിരുദ്ധമായി ഉത്തരേന്ത്യ കടുത്ത ശൈത്യത്തിന്റെ പിടിയിലായി. ജമ്മുകശ്‌മീർ, ഹിമാചൽപ്രദേശ്‌, ഉത്തരാഖണ്ഡ്‌ എന്നിവിടങ്ങളിൽ കനത്ത മഞ്ഞുവീഴ്‌ചയടക്കം റെക്കോർഡ്‌ തണുപ്പ്‌ രേഖപ്പെടുത്തി. കൂടിയ താപനില നാല്‌ ഡിഗ്രി സെൽഷ്യസിലേക്ക്‌ പതിച്ചതടക്കം റെക്കൊർഡ്‌ തണുപ്പാണ്‌ ഡൽഹിയിലുണ്ടായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top