23 March Thursday

കേരളം കൊടുംവരള്‍ച്ചയിലേക്ക്

വി എം രാധാകൃഷ്ണന്‍Updated: Thursday Oct 20, 2016


തൃശൂര്‍ > റെക്കോഡ് മഴക്കുറവിനെത്തുടര്‍ന്ന് ഡാമുകള്‍, നദികള്‍, തോടുകള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസുകള്‍ പതിവിലും നേരത്തേ വറ്റി തുടങ്ങി. കേരളത്തില്‍ 44 പുഴകളുണ്ടെങ്കിലും ഭൂരിഭാഗം പുഴകളിലും വരള്‍ച്ചയുടെ ലക്ഷണങ്ങളുണ്ട്. സംസ്ഥാനത്തെ 33 ഡാമുകളിലെ ജലനിരപ്പും അരനൂറ്റാണ്ടിനിടയിലെ പരിതാപകരമായ സ്ഥിതിയിലാണ്. ഈ വര്‍ഷം കാലവര്‍ഷത്തില്‍ മാത്രം 34 ശതമാനം മഴക്കുറവുണ്ടായി.

ഇത്തവണ ഡാമുകളില്‍നിന്നും കാര്‍ഷികാവശ്യങ്ങള്‍ക്ക് വെള്ളംകൊടുക്കാന്‍ പ്രയാസമാകും. കുടിവെള്ളത്തിനാകും മുന്‍ഗണന. കേന്ദ്ര ജലവിഭവ വികസന കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 45ലക്ഷം കിണറുകളുണ്ട്. സംസ്ഥാന ഭൂഗര്‍ഭജല വകുപ്പിന്റെ പഠനപ്രകാരം തീരദേശത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 200 കിണറുകളും ഇടനാട്ടില്‍ ചതുരശ്ര കിലോമീറ്ററില്‍ 150 കിണറുകളും മലനാട്ടില്‍ ചതുരശ്ര കിലോമീറ്ററില്‍ 70 കിണറുകളുമുണ്ട്. കിണറുകളിലെ വെള്ളത്തിന്റെ അളവ് മഴ പോലെ പുഴകളേയും  ആശ്രയിച്ചാണ്. 44 പുഴകളില്‍ കബനി, ഭവാനി, പാമ്പാറ ഒഴികെയുള്ളവ പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലില്‍ പതിക്കുന്നവയാണ്. വൈദ്യുതി ഉല്‍പ്പാദനവും ഗണ്യമായി കുറയും. ഹോട്ടലുകളുടെയും സ്ഥാപനങ്ങളുടെയും  നടത്തിപ്പും പ്രതിസന്ധിയിലാകും.

തുലാവര്‍ഷമാണ് പ്രതീക്ഷയെങ്കിലും മഴ ശക്തമായാലും പ്രതിസന്ധിക്ക് നേരിയ പരിഹാരമേ ഉണ്ടാവൂ. ആകെ മഴയുടെ 19 ശതമാനം (447 മില്ലീമീറ്റര്‍) പെയ്യേണ്ട തുലാവര്‍ഷം ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെയാണെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. കാലാവസ്ഥാ വകുപ്പ് കണക്കുകൂട്ടിയ സമയവും പിന്നിട്ടു. ഉറപ്പില്ലാത്ത മഴക്കാലം എന്ന് വിശേഷിപ്പിക്കാവുന്ന തുലാവര്‍ഷം മലബാര്‍ മേഖലയില്‍ കാര്യമായി കിട്ടാറില്ല. വര്‍ഷം ശരാശരി 2800 മില്ലീമീറ്റര്‍ മഴയെങ്കിലും ഉണ്ടായെങ്കിലേ കാര്‍ഷിക ആവശ്യങ്ങള്‍ക്കും കുടിവെള്ളത്തിനും പ്രയാസമില്ലാതെ മുന്നോട്ടു പോകാനാകൂ. ഇതിന്റെ 70 ശതമാനവും ലഭിക്കേണ്ട ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മണ്‍സൂണ്‍കാലത്ത് കിട്ടിയത് 1352 മില്ലീമീറ്ററാണ്.

2040 മില്ലീമീറ്ററാണ് ശരാശരി. 2015ല്‍ 26 ശതമാനം മഴ കുറവായിരുന്നു. തുടര്‍ച്ചയായി രണ്ടാംവര്‍ഷവും മഴ കുറഞ്ഞതാണ് വരള്‍ച്ച രൂക്ഷമാക്കിയത്. അരനൂറ്റാണ്ടിനിടയില്‍ ഇതിനേക്കാള്‍ കുറഞ്ഞ മഴയുണ്ടായത് 1976ലാണ്. 35 ശതമാനം കുറവ്. ഭൂഗര്‍ഭ ജലം കഴിഞ്ഞ വര്‍ഷം മൂന്നു മീറ്ററോളം താഴ്ന്നു.

സംസ്ഥാനത്ത് ഒരു ജില്ലയില്‍ പോലും കഴിഞ്ഞ സീസണില്‍ ശരാശരി മഴ  കിട്ടിയില്ല. ഏറ്റവും കുറവ് മഴ വയനാട് ജില്ലയിലാണ്. 59 ശതമാനം കുറവ്. തൊട്ടു പിറകില്‍ തൃശൂരാണ്. 44 ശതമാനം കുറവ്. മറ്റു ജില്ലകളില്‍ മഴക്കമ്മി ശതമാനത്തില്‍: ആലപ്പുഴ–37, കണ്ണൂര്‍–25, എറണാകുളം–23, ഇടുക്കി– 31, കാസര്‍കോട്–25, കൊല്ലം–28, കോട്ടയം–30, കോഴിക്കോട്– 27, മലപ്പുറം– 39, പാലക്കാട്– 34, പത്തനംതിട്ട– 37, തിരുവനന്തപുരം– 33. കുടിവെള്ളവും മറ്റും ലഭ്യമാക്കാന്‍  വരള്‍ച്ചാബാധിത കേന്ദ്രങ്ങള്‍ക്ക് അര്‍ഹമായ കേന്ദ്ര പാക്കേജുകള്‍ക്ക് കേരളത്തിന് അര്‍ഹതയുണ്ടെന്നും കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു.

'കോള്‍  മേഖലകളെ  ജലസംഭരണികളാക്കി മാറ്റണം '
തൃശൂര്‍ > കേരളത്തില്‍ തുടര്‍ച്ചായി മഴ കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ പുതിയ ജലസ്രോതസ്സുകള്‍ കണ്ടെത്തണമെന്ന്  ജലവിഭവ വിദഗ്ധനും കേരള വാട്ടര്‍ അതോറിറ്റി റിട്ട. സൂപ്രണ്ടിങ് എന്‍ജിനിയറുമായ ആര്‍ വി എ തമ്പുരാന്‍ പറഞ്ഞു. തൃശൂര്‍ ജില്ലയിലടക്കമുള്ള കോള്‍മേഖലയില്‍ കാര്യമായ ചെലവില്ലാതെ ജലസംഭരണികള്‍ ആരംഭിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരുപൂ കൃഷി ഉല്‍പ്പാദനം കഴിഞ്ഞ കോള്‍ മേഖലയിലെ ഏതാനും ഭാഗങ്ങളില്‍ ബണ്ട് കെട്ടി വെള്ളം സംഭരിക്കാം. കോള്‍ നില ജലസംഭരണത്തിന്റെ അനിവാര്യത വ്യക്തമാക്കി സര്‍ക്കാരിന് മുമ്പ് നിര്‍ദേശം നല്‍കിയിരുന്നു.

വെള്ളം കുറഞ്ഞ ഡാമുകളിലേക്ക് അധികമുള്ള ഡാമുകളില്‍ നിന്നും, വെള്ളം കൂടിയ നദികളില്‍നിന്ന് കുറഞ്ഞ നദികളിലേക്കും വെള്ളം പമ്പു ചെയ്ത് കുടിവെള്ള ക്ഷാമം പരിഹരിക്കുന്ന സംവിധാനം മറ്റു പല നാടുകളിലുമുണ്ട്. കേരളത്തില്‍ ഇത് എവിടെയൊക്കെ പ്രയോഗിക്കാമെന്ന് പഠനം നടത്തണം. ചിമ്മിനി ഡാമില്‍ എല്ലാ വര്‍ഷവും നല്ല ശതമാനം വെള്ളം ഉപയോഗിക്കുന്നില്ല. വനമേഖലയില്‍ 12 കിലോമീറ്റര്‍ പൈപ്പിട്ടാല്‍ ചിമ്മിനിയില്‍ നിന്ന് പീച്ചി ഡാമിലേക്ക് വെള്ളമെത്തിക്കാനാവും. തൃശൂരിന്റെ കുടിവെള്ളത്തിനും കൃഷിക്കും ഇത് പരിഹാരമുണ്ടാക്കുമെന്നും ആര്‍ വി എ തമ്പുരാന്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top