06 June Tuesday

ടോർക് മോട്ടോഴ്‌സിന്റെ ഇലക്ട്രിക് മോട്ടോർ സൈക്കിൾ ക്രേട്ടോസ് ആർ

സുരേഷ് നാരായണൻUpdated: Wednesday Mar 16, 2022ഇലക്ട്രിക് സ്കൂട്ടർ കമ്പനികൾ ഈ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കൂണുപോലെയാണ് പൊട്ടിമുളച്ചത്! ഇതിൽ ചിലർ ചൈനയിൽനിന്ന്‌ ഇറക്കുമതി ചെയ്ത കിറ്റുകൾ കൂട്ടിയിണക്കി വിൽക്കുന്നവരും ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ ഇറക്കുമതി ചെയ്ത നിലവാരം കുറഞ്ഞ സ്കൂട്ടറുകൾ ഇലക്ട്രിക് വാഹനങ്ങളുടെ പേര് കുറച്ചൊന്നുമല്ല നശിപ്പിച്ചത്! ഇലക്ട്രിക് സ്കൂട്ടറുകൾ വളരെയേറെ തരംഗങ്ങൾ ഉണ്ടാക്കിയെങ്കിലും മോട്ടോർസൈക്കിൾ രംഗത്തേക്ക് ഏറെയാരും ഇടിച്ചുകയറി വന്നില്ല. ഞാൻ ആദ്യമായി ഒരു ഇലക്ട്രിക് മോട്ടോർസൈക്കിൾ കാണുന്നത് രണ്ടായിരത്തിന്റെ തുടക്കത്തിലാണെന്നാണ് എന്റെ ഓർമ. മുംബൈയിലെ ഒരു എൻജിനിയർ അയാളുടെ ബജാജ് പൾസർ മോട്ടോർസൈക്കിളിന്റെ എൻജിൻ എടുത്തുമാറ്റി ആ സ്ഥാനത്ത് ബാറ്ററിപാക്ക്‌ വച്ച് വിജയകരമായി പ്രവർത്തിക്കുകയുണ്ടായി. അതൊരു ഒറ്റപ്പെട്ട സംഭവമായി നടന്ന്, മറന്നു. പിന്നെ കൂടുതലാരും ഇലക്ട്രിക് മോട്ടോർസൈക്കിളിലേക്ക് കാൽവച്ചില്ല എന്നുതന്നെ പറയാം. പിന്നെയിപ്പോൾ, ആഗോളതാപനത്തിന്റെ ഈ കാലഘട്ടത്തിൽ വീണുകിട്ടിയ അവസരം ഉപയോഗിക്കാൻ ശ്രമിക്കുകയാണ് ഇലക്ട്രിക് വാഹന നിർമാതാക്കൾ.

മഹാരാഷ്ട്രയിലെ പുണെയിൽ ബേസ് ഉള്ള ടോർക് മോട്ടോഴ്‌സ് അവരുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർ സൈക്കിൾ ക്രേട്ടോസ് ആർ പുണെയിൽ മാധ്യമങ്ങൾക്കായി നടത്തിയ റൈഡിൽ അവതരിപ്പിച്ചു. ഇന്നലെ വീണ മഴയിൽ പൊട്ടിമുളച്ചതല്ല ടോർക് മോട്ടോഴ്‌സ്. ഈ കമ്പനിയുടെ സ്ഥാപകനായ കപിൽ ഷേൽകെ 2009ൽ ഒരു ഇലക്ട്രിക് റേസ്  മോട്ടോർസൈക്കിൾ നിർമിക്കുകയും ലോകത്തിലെ ഏറ്റവും അപകടംപിടിച്ച മോട്ടോർസൈക്കിൾ മത്സരങ്ങളിൽ ഒന്നായ ഐൽ ഓഫ് മാൻ ടി‌ടിയിൽ പങ്കെടുത്ത് മൂന്നാംസ്ഥാനം കരസ്ഥമാക്കിയതാണ്! അതിനുശേഷം 2016ൽ പ്രൊഡക്‌ഷൻ റെഡി ടി6എക്സ് എന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ കാണിച്ചുവെങ്കിലും സാധാരണ സ്റ്റാർട്ടപ്പുകൾക്ക് ഉണ്ടാകുന്ന ഫണ്ടിങ് പ്രശ്നം പിന്നെയും പ്രൊഡക്‌ഷൻ നീട്ടി. ഈ സമയമത്രയും മാസ്സ് പ്രൊഡക്‌ഷന് ആവശ്യമായ റിസേർച്ച് നടത്തി ബൈക് പൂർണമായും അവരുടെ ഫാക്ടറിയിൽ  വികസിപ്പിക്കുകയായിരുന്നു. അതാണ് ക്രേട്ടോസ് ആർ! 

ഒരു കാർട്ടൂൺ സ്ട്രിപ്പിൽനിന്ന്‌ പുറത്തുചാടിയ മോഡേൺ മോട്ടോർസൈക്കിൾ അല്ല, മറിച്ച് സാധാരണ 150 സി‌സി ബൈക്കിന്റെ വലിപ്പമുള്ള ഒന്നാണിത്. കാണാൻ സാധാരണ ബൈക്കുപോലെ ആണെങ്കിലും ചില പ്രത്യേകതകൾ ഇതിനുണ്ട്. ഇന്ധന ടാങ്കിൽ സ്റ്റോറേജ് സ്ഥലം ഒരുക്കിയിരിക്കുന്നു, കൂടെ യു‌എസ്‌ബി ചാർജിങ് പോർട്ടും. വലതുവശത്തായി ബാറ്ററി ചാർജിങ് പോർട്ട് കൊടുത്തിരിക്കുന്നു. മുന്നിലെയും പിന്നിലെയും ബ്രേക് ഹാൻഡിൽ ബാറിൽ കൊടുത്തിരിക്കുന്നു. ഫൂട്ട് ബ്രേക് ഇല്ല! മുന്നിൽ ടെലെസ്കോപിക് ട്വിൻ ഫോർക്കും പിന്നിൽ മോണോഷോക്ക് സസ്പെൻഷനുമാണ്. 

9 കെ‌ഡബ്ല്യു പവർ ഉൽപ്പാദിപ്പിക്കുന്ന ആക്സിൽ ഫ്ലക്സ് മോട്ടോറാണ് ക്രെട്ടോർ ആറിന്റെ പവർഹൗസ്, ഇതിന്റെ ടോർക് 38 ന്യൂട്ടൻ മീറ്ററാണ്. 7.5 കെ‌ഡബ്ല്യു പവറും 28 ന്യൂട്ടൻ മീറ്റർ ടോർക്കുമുള്ള മറ്റൊരു വേരിയന്റിലും ലഭ്യമാണ്. അതിന് ക്രേട്ടോസ് എന്നുമാത്രമാണ് പേര്, ആർ ഇല്ല! ഒറ്റ ചാർജിൽ 120 കിലോമീറ്റർ റേഞ്ചും 105 കിലോമീറ്റർപ്രതി മണിക്കൂറും ആണ് ടോപ് സ്പീഡ്! 4kWh വാട്ടർ പ്രൂഫ് ബാറ്ററി പാക്ക് ആണ് ക്രേട്ടോസ് ആറിന്‌ ഉള്ളത്.

മൂന്ന്‌ വർഷം അല്ലെങ്കിൽ 40,000 കിലോമീറ്റർ വാറന്റിയാണ് ടോർക് മോട്ടോഴ്‌സ് തരുന്നത്. 1.08 ലക്ഷം രൂപയാണ് ക്രേട്ടോസിന്റെ വില, ക്രേട്ടോസ് ആർ 1.23 ലക്ഷം രൂപയും (എക്സ് ഷോറൂം പുണെ). ബൈക്ക്‌ ഇപ്പോൾ കൊച്ചിയിൽ ലഭ്യമല്ല. ഏതാനും മാസത്തിനകം കൊച്ചിയിലേക്കും ഡിസ്ട്രിബ്യൂഷൻ നെറ്റ്‌വർക്ക് എത്തിക്കുമെന്ന് ടോർക് മോട്ടോഴ്‌സ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top