28 May Sunday

പുതുവെളിച്ചം വീശി... ലെറോണ്‍ മൂവര്‍ കമ്പനി

സി ജെ ഹരികുമാര്‍Updated: Friday Aug 3, 2018

പത്തനംതിട്ട > ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന സിഎഫ്‌എല്‍ ബള്‍ബുകള്‍ വീണ്ടും ഉപയോഗിക്കാന്‍ സാധിച്ചിരുന്നെങ്കിലെന്ന് ഒരിക്കലെങ്കിലും നമ്മള്‍ ആലോചിച്ചിരിക്കില്ലേ? നാം ചിന്തിച്ച് തള്ളിക്കളഞ്ഞ കാര്യം പ്രാവര്‍ത്തികമാക്കുകയാണ് ആറന്മുള എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍. സഹകരണവകുപ്പിന്റെ കീഴിലുള്ള കോളേജിലെ ബി ടെക് ഇലക്‌‌‌‌‌ട്രോണിക്‌‌‌‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളുടെ സംരഭമാണ് ഇന്ന് കോളേജിന്റെയും നാടിന്റെയും യശസ് ഉയര്‍ത്തുന്നത്. വിദ്യാര്‍ഥികള്‍ തന്നെ ആരംഭിച്ച ലെറോണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കീഴിലാണ് വിദ്യാര്‍ഥികള്‍ സിഎഫ്എല്‍ ബള്‍ബുകള്‍ എല്‍ഇഡി ആയി മാറ്റുന്നത്.

തുടക്കം സാമൂഹ്യസേവനത്തിലൂടെ

കോളേജിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇലക്‌‌‌ട്രോണിക്‌‌‌സ് വിദ്യാര്‍ഥികള്‍ ആദ്യമായി കേടായ സിഎഫ്എല്‍ ബള്‍ബുകള്‍ റീസൈക്കിള്‍ചെയ്‌ത് എല്‍ഇഡി ബള്‍ബുകള്‍ ആക്കിയത്. നാട്ടിലെ ഇ വേസ്റ്റ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആദ്യം നടപ്പാക്കിയത്. വിദ്യാര്‍ഥികളായ അര്‍ജുന്‍ലാല്‍, ബ്ലെസു തോമസ് എന്നിവരായിരുന്നു പദ്ധതിയുടെ അണിയറയില്‍. കോളേജിലെ ഇന്നവേഷന്‍ ഡെവലപ്‌മെന്റ് സെല്‍ സാമ്പത്തിക സഹായവും ഉറപ്പാക്കിയപ്പോള്‍ പദ്ധതി ക്ലിക്കായി.

പ്രതീക്ഷിച്ചതിലും മികച്ച സ്വീകരണം

പദ്ധതി ആരംഭിച്ച് ആറ് മാസം പിന്നിടുന്നതിന് മുന്നെ ഏകദേശം മുന്നൂറോളം സിഎഫ്എല്‍ ബള്‍ബുകളാണ് കമ്പനി എല്‍ഇഡി ബള്‍ബുകളായി മാറ്റിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയില്‍ നടത്തിയ മികവ് മേളയില്‍ വിദ്യാര്‍ഥികളുടെ കണ്ടെത്തല്‍ അവതരിപ്പിച്ചിരുന്നു. കേടായ  സിഎഫ്എലുമായി വരുന്നവര്‍ക്ക് പുതിയ എല്‍ഇഡി ബള്‍ബ് നല്‍കുമെന്ന് വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകളാണ് ബള്‍ബ് നല്‍കാന്‍ എത്തിയത്. ഇവ പുനര്‍നിര്‍മിച്ച് വിതരണത്തിന് തയ്യാറാക്കിയിരിക്കുയാണ് വിദ്യാര്‍ഥികള്‍. അടുത്ത മാസം ഉദ്ഘാടനചടങ്ങ് നടത്തി ബള്‍ബുകള്‍ വിതരണംചെയ്യും.ലളിതമായ സാങ്കേതിക വിദ്യ

തികച്ചും ലളിതവും ചെലവ്കുറഞ്ഞതുമായ സാങ്കേതികവിദ്യയാണ് ബള്‍ബുകള്‍ എല്‍ഇഡി ആക്കാനായി ഉപയോഗിക്കുന്നത്. കേടായ സിഎഫ്എലിന്റെ ഗ്ലാസ് ഭാഗം മാറ്റി  ഇതിന്റെ സര്‍ക്യൂട്ട് നീക്കംചെയ്യുന്നു. തുടര്‍ന്ന് കേടായ കണ്‍സോള്‍ സോള്‍ഡര്‍ ചെയ്ത് നന്നാക്കിയോ നശിച്ചുപോയെങ്കില്‍ പൂര്‍ണമായി മാറ്റിയോ എല്‍ഇഡി കണ്‍സോള്‍ ആയി മാറ്റും. തുടര്‍ന്ന് പ്ലാസ്റ്റിക്ക് നിര്‍മിതമായ ഹൗസിങ്ങും ഡിഫ്യൂസറും ഘടിപ്പിക്കുന്നു. ഉപയോഗശൂന്യമായ സിഎഫ്എല്‍ ഗ്ലാസ് ഭാഗം എറണാകുളത്തെ ഒരു കമ്പനിക്ക് നല്‍കാന്‍ കരാറാക്കിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍. ഏകദേശം 35 രൂപ ചെലവില്‍ ഒരു സിഎഫ്എല്‍  എല്‍ഇഡിയാക്കാമെന്നാണ് പ്രതീക്ഷ. ഡല്‍ഹി നോയിഡയില്‍ നിന്നാണ് ബള്‍ബിന്റെ ഹൗസിങ്ങും ഡിഫ്യൂസറും വാങ്ങിയത്.

മുന്നിലുള്ളത് വലിയ ലക്ഷ്യങ്ങള്‍


വെളിച്ചമാണ് തങ്ങളുടെ പ്രധാന സ്രോതസ് എന്നാണ് ലെറോണ്‍ കമ്പനിയുടെ പ്രധാനികളായ അര്‍ജുന്‍ലാലും ബ്ലെസു തോമസും സുബ്രഹ്മണ്യ വിഘ്‌നേഷും പറയുന്നത്. എന്‍ജിനീയറിങ് വിദ്യാഭ്യാസം കഴിഞ്ഞ് കൂട്ടുകാരെപോലെ ഉന്നത ഉദ്യോഗം ലഭിച്ചിട്ടും വേണ്ടെന്നുവച്ചാണ് ഇവര്‍ കമ്പനിയുടെ പ്രവര്‍ത്തനവുമായി മുന്നിട്ടിറങ്ങിയത്. ആദ്യ ഘട്ടത്തില്‍ വീട്ടുകാര്‍ എതിര്‍ത്തുവെങ്കിലും പിന്നീട് പൂര്‍ണ പിന്തുണ നല്‍കി. മാന്നാര്‍ പാവുക്കര പടീത്തറയില്‍ ജയലാല്‍, ലൈല ദമ്പതികളുടെ മകനാണ് അര്‍ജുന്‍ലാല്‍.  ആലക്കോട് ആറ്റീടില്‍ തോമസ്, മോളി ദമ്പതികളുടെ മകനാണ് ബ്ലെസു തോമസ്. ഇവരുടെ സുഹൃത്ത്, മാന്നാര്‍  ശ്രീലക്ഷമിയില്‍ സൗമ്യയുടെ മകന്‍ സുബ്രഹ്മണ്യ വിഘ്‌നേഷാണ് പദ്ധതിക്ക് സാങ്കേതിക സഹായം ഒരുക്കുന്നത്. പിആര്‍എസ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ് പാസായിട്ടുണ്ട് വിഘ്‌നേഷ്. കോളേജിലെ ഇന്നവേഷന്‍ സെല്ലിന്റെ കോ ഓര്‍ഡിനേറ്ററായ അധ്യാപകന്‍ ഡോ. ഉമേഷാണ് വിദ്യാര്‍ഥികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നത്.

ലൈ ഫൈ


വെളിച്ചത്തിലൂടെ ആശയവിനിമയം, എല്‍ഇഡി ബള്‍ബുകളിലെ വെട്ടത്തിലൂടെ ഇന്റര്‍നെറ്റ് ഡേറ്റ ലഭ്യമാക്കുന്ന ലൈ ഫൈ പദ്ധതിയാണ് ഇവരുടെ അടുത്ത ലക്ഷ്യം. ഈ പദ്ധതിക്ക് കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ അംഗീകാരവും  സാമ്പത്തിക സഹായവും ലഭിച്ചിട്ടുണ്ട്. ഇത് കൂടാതെ ട്യൂബുകള്‍ എല്‍ഇഡി ആക്കി ഉപയോഗിക്കുന്നതും പഴയ വണ്ടികള്‍ രൂപമാറ്റം വരുത്തി ഇലക്്ട്രിക്ക് വാഹനങ്ങളാക്കാനുള്ള പദ്ധതിയും അന്തിമഘട്ടത്തിലാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top