27 July Saturday

ട്വന്റി 20 ലോകകപ്പ‍് : നെതർലൻഡ്‌സ്‌, 
ലങ്ക സൂപ്പർ 12ൽ ; നമീബിയ, യുഎഇ പുറത്ത് , വെസ്റ്റിൻഡീസിന് ഇന്ന് നിർണായകം

വെബ് ഡെസ്‌ക്‌Updated: Thursday Oct 20, 2022

image credit twenty 20 world cup twitter

 

ഗീലോങ്‌ (ഓസ്‌ട്രേലിയ)
അട്ടിമറി അതിജീവിച്ച്‌ ശ്രീലങ്ക ട്വന്റി 20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സൂപ്പർ 12ൽ. ലങ്കയോട്‌ തോറ്റെങ്കിലും നെതർലൻഡ്‌സ്‌ സൂപ്പർ 12ൽ കടന്നു. ഗ്രൂപ്പിലെ നിർണായകമത്സരത്തിൽ നമീബിയ യുഎഇയോട് തോറ്റതാണ്‌ നെതർലൻഡ്‌സിന്റെ വഴി തുറന്നത്‌. നമീബിയയും യുഎഇയും പുറത്തായി. ഗ്രൂപ്പ്‌ മത്സരങ്ങൾ ഇന്ന്‌ പൂർത്തിയാകും. മുൻ ചാമ്പ്യൻമാരായ വെസ്‌റ്റിൻഡീസ്‌ അയർലൻഡിനെയും സ്‌കോട്‌ലൻഡ്‌ സിംബാബ്‌വെയെയും നേരിടും.
എ ഗ്രൂപ്പിൽനിന്ന്‌ ഒന്നാംസ്ഥാനക്കാരായാണ്‌ ലങ്കയുടെ വരവ്‌. ആദ്യകളിയിൽ നമീബിയയോട്‌ അപ്രതീക്ഷിത തോൽവി വഴങ്ങിയ ലങ്ക യുഎഇയെ തോൽപ്പിച്ചാണ്‌ സാധ്യത നിലനിർത്തിയത്‌. നിർണായകമായ അവസാനകളിയിൽ നെതർലൻഡ്‌സിനെ 16 റണ്ണിന്‌ തോൽപ്പിച്ചു. ആദ്യം ബാറ്റ്‌ ചെയ്‌ത്‌ ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 162 റണ്ണെടുത്തു. മറുപടിക്കെത്തിയ നെതർലൻഡ്‌സിന്‌ ഒമ്പത്‌ വിക്കറ്റ് നഷ്ടത്തിൽ 146 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ.

അവസാന ഓവറിൽ നെതർലൻഡ്‌സിന്‌ ജയിക്കാൻ ഒരു വിക്കറ്റ്‌ കൈയിലിരിക്കെ 23 റണ്ണായിരുന്നു ആവശ്യം.  എന്നാൽ, ലാഹിരു കുമാര എറിഞ്ഞ ഓവറിൽ ആറ്‌ റണ്ണെടുക്കാനേ അവർക്ക്‌ കഴിഞ്ഞുള്ളൂ. 53 പന്തിൽ 71 റണ്ണെടുത്ത മാക്‌സ്‌ ഒഡോഡിന്റെ പോരാട്ടം പാഴായി. വണീന്ദു ഹസരംഗ മൂന്ന്‌ വിക്കറ്റ്‌ വീഴ്‌ത്തി. മഹീഷ് തീക്ഷണ രണ്ട് വിക്കറ്റ് നേടി.

ലങ്കയ്‌ക്കായി 44 പന്തിൽ 79 റണ്ണെടുത്ത കുശാൽ മെൻഡിസാണ്‌ കളിയിലെ താരം. മെൻഡിസിന്റെ ഇന്നിങ്സിൽ അഞ്ച് വീതം സിക്സറും ഫോറും ഉൾപ്പെട്ടു. ചരിത് അസലങ്ക 30 പന്തിൽ 31 റണ്ണെടുത്തു. ഭാനുക രജപക്സ 13 പന്തിൽ 19.സൂപ്പർ 12 ഗ്രൂപ്പ്‌ ഒന്നിലാണ്‌ ലങ്ക. ഇംഗ്ലണ്ട്‌, ന്യൂസിലൻഡ്‌, അഫ്‌ഗാനിസ്ഥാൻ, ഓസ്‌ടേലിയ ടീമുകളുമുണ്ട്‌. നെതർലൻഡ്‌സ്‌ ഗ്രൂപ്പ്‌ രണ്ടിലാണ്‌. ഇന്ത്യ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്‌ ടീമുകളും ഗ്രൂപ്പിലുണ്ട്‌. ഗ്രൂപ്പ്‌ എയിലെ രണ്ടാംകളിയിൽ ജയം അനിവാര്യമായിരുന്ന നമീബിയക്ക്‌ യുഎഇയോട്‌ ഞെട്ടിക്കുന്ന തോൽവിയായിരുന്നു. ലങ്കയെ അട്ടിമറിച്ച നമീബിയക്ക്‌ യുഎഇക്കുമുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഏഴ്‌ റണ്ണിന്‌ തോറ്റു.

ആദ്യം ബാറ്റ്‌ ചെയ്‌ത യുഎഇ മൂന്നിന്‌ 148 റണ്ണെടുത്തു. നമീബിയയുടെ മറുപടി എട്ടിന്‌ 141ൽ അവസാനിച്ചു. 36 പന്തിൽ 55 റണ്ണടിച്ച ഡേവിഡ്‌ വീസെയുടെ പോരാട്ടത്തിനും നമീബിയയെ രക്ഷിക്കാനായില്ല. അവസാന രണ്ടോവറിൽ 20 റണ്ണായിരുന്നു ലക്ഷ്യം. അവസാന ഓവറിൽ 14ഉം. എന്നാൽ, മുഹമ്മദ്‌ വസീമെറിഞ്ഞ അവസാന ഓവറിൽ വീസെ പുറത്തായതോടെ നമീബിയയുടെ ചെറുത്തുനിൽപ്പ്‌ തീർന്നു.

യുഎഇക്കായി മലയാളിതാരം ബേസിൽ ഹമീദ്‌ രണ്ട്‌ വിക്കറ്റെടുത്തു. 14 പന്തിൽ 25 റണ്ണും നേടി. മലയാളിയായ ക്യാപ്‌റ്റൻ സി റിസ്വാൻ 29 പന്തിൽ 43 റണ്ണെടുത്തു. വസീം 50 റൺ നേടി. ഇന്ന്‌ അയർലൻഡിനോട് തോറ്റാൽ  രണ്ടുതവണ ചാമ്പ്യൻമാരായ വിൻഡീസ്‌ സൂപ്പർ 12 കാണാതെ പുറത്താകും. ഗ്രൂപ്പിൽ നാല്‌ ടീമുകൾക്കും ഓരോ ജയമാണ്‌. ആദ്യകളിയിൽ വിൻഡീസ്‌ സ്‌കോട്‌ലൻഡിനോട്‌ തോറ്റിരുന്നു. സ്‌കോട്‌ലൻഡ്‌ ഇന്ന്‌ സിംബാബ്‌വെയുമായി ഏറ്റുമുട്ടും. റൺനിരക്കിൽ വിൻഡീസ്‌ മൂന്നാമതാണ്‌. നാളെയാണ്‌ ലോകകപ്പിന്റെ സൂപ്പർ 12ന്‌ തുടക്കം. ആതിഥേയരായ ഓസ്‌ട്രേലിയ ന്യൂസിലൻഡിനെ നേരിടും. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ടും അഫ്‌ഗാനിസ്ഥാനും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യമത്സരം 23ന്‌ പാകിസ്ഥാനുമായിട്ടാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top