27 July Saturday
ജയിക്കുന്നവർക്ക് പരമ്പര മത്സരം ചെന്നെെയിൽ

റൺ 
നിറയുമോ ; ഇന്ത്യ ഓസീസ് മൂന്നാം ഏകദിനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

image credit bcci twitter


ചെന്നൈ
ലോകത്തെ ഏറ്റവും മികച്ച ടീമുകൾ. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റിങ്‌ നിര. എന്നിട്ടും ആദ്യ രണ്ട്‌ ഏകദിനങ്ങളിൽ ഇന്ത്യക്കും ഓസ്‌ട്രേലിയക്കും സ്‌കോർ 200ലെത്തിക്കാൻ കഴിഞ്ഞില്ല. പേസർമാരുടെ ആധിപത്യമായിരുന്നു. മുംബൈയിൽ ഓസീസ്‌ തകർന്നപ്പോൾ വിശാഖപട്ടണത്ത്‌ ഇന്ത്യൻ ബാറ്റിങ്‌ നിര പതറി. പരമ്പര 1–-1 എന്ന നിലയിലാണ്‌. ഇന്ന്‌ ചെന്നൈയിലാണ്‌ നിർണായകമായ അവസാന മത്സരം. റൺ നിറയുമെന്ന പ്രതീക്ഷയിലാണ്‌ ഇരുടീമുകളും.

വിശാഖപട്ടണത്ത്‌ മിച്ചെൽ സ്‌റ്റാർക്കിന്റെയും നതാൻ എല്ലിസിന്റെയും ഷോൺ അബോട്ടിന്റെയും പന്തുകൾ ഇന്ത്യൻ ബാറ്റിങ്‌ 117ന്‌ ചുരുട്ടിക്കെട്ടി. മിച്ചെൽ മാർഷും ട്രവിസ്‌ ഹെഡും ചേർന്ന്‌ 11 ഓവറിൽ കളിയും തീർത്തു. ലോകത്തെ ഏറ്റവും മികച്ച ബാറ്റിങ്‌ നിരയുണ്ടായിട്ടും ലക്ഷണമൊത്ത പേസ്‌ നിരയെ നേരിടാനുള്ള ശേഷിയില്ലെന്ന്‌ വ്യക്തമാക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം.

മുംബൈയിൽ നടന്ന ആദ്യകളിയിൽ ഓസീസ്‌ 188നാണ്‌ പുറത്തായത്‌. ഇന്ത്യ അഞ്ച്‌ വിക്കറ്റ്‌ ജയം നേടി. ചെന്നൈയിൽ സ്‌പിന്നർമാർക്കായിരിക്കും മുൻതൂക്കം. മികച്ച സ്‌കോർ പിറന്ന ചരിത്രമില്ല ഇവിടെയും. 2019നുശേഷം ആദ്യമായാണ്‌ ഏകദിന മത്സരം നടക്കുന്നത്‌. ഓസീസ്‌ 2017ലാണ്‌ ഇവിടെ അവസാനമായി കളിച്ചത്‌. ബാറ്റിങ്‌ നിരയുടെ സ്ഥിരതയില്ലായ്‌മയാണ്‌ ഇന്ത്യൻ ടീമിന്റെ ആശങ്ക. ട്വന്റി 20യിലെ ഒന്നാംനമ്പർ ബാറ്റർ സൂര്യകുമാർ യാദവ്‌ ഏകദിന ക്രിക്കറ്റിൽ ചുവടറുപ്പിക്കുന്നില്ല. തുടർച്ചയായ രണ്ട്‌ കളികളിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്തായി. ഒരേ ബൗളർക്കുമുന്നിൽ സമാനരീതിയിൽ. നാലാംനമ്പറിലാണ്‌ ഈ വലംകൈയൻ ബാറ്റർ ഇപ്പോൾ ഇറങ്ങുന്നത്‌. ഇത് മാറ്റി അഞ്ചാംനമ്പറിലോ ആറാംനമ്പറിലോ കളിപ്പിക്കാൻ സാധ്യതയുണ്ട്‌.

ശുഭ്‌മാൻ ഗിൽ, വിരാട്‌ കോഹ്‌ലി, ഹാർദിക്‌ പാണ്ഡ്യ, രോഹിത്‌ ശർമ എന്നിവർകൂടി ഉൾപ്പെട്ട ബാറ്റിങ്‌ നിര തിരിച്ചുവരവ്‌ നടത്തുമെന്നാണ്‌ പ്രതീക്ഷ.
ഓസീസ്‌ ടീമിൽ മാറ്റങ്ങളുണ്ടായേക്കും. ഓപ്പണർ ഡേവിഡ്‌ വാർണർ തിരിച്ചെത്തും. മിച്ചെൽ മാർഷ്‌ നാലാംനമ്പറിലേക്ക്‌ മാറും. മാർണസ്‌ ലബുഷെയ്‌ന്‌ അവസരം കിട്ടിയേക്കില്ല. ഗ്ലെൻ മാക്‌സ്‌വെല്ലും തിരിച്ചെത്തും.

ടീം–-ഇന്ത്യ: രോഹിത്‌ ശർമ, ശുഭ്‌മാൻ ഗിൽ, വിരാട്‌ കോഹ്‌ലി, സൂര്യകുമാർ യാദവ്‌, ലോകേഷ്‌ രാഹുൽ, ഹാർദിക്‌ പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ്‌ യാദവ്‌/വാഷിങ്‌ടൺ സുന്ദർ, മുഹമ്മദ്‌ ഷമി, മുഹമ്മദ്‌ സിറാജ്‌.

ഓസീസ്‌: ഡേവിഡ്‌ വാർണർ, ട്രവിസ്‌ ഹെഡ്‌, സ്‌റ്റീവൻ സ്‌മിത്ത്‌, മിച്ചെൽ മാർഷ്‌, അലെക്‌സ്‌ കാരി, കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്‌സ്‌വെൽ, മാർകസ്‌ സ്‌റ്റോയിനിസ്‌, ഷോൺ അബോട്ട്‌/ആഷ്‌ടൺ ആഗർ/നതാൻ എല്ലിസ്‌, മിച്ചെൽ സ്‌റ്റാർക്‌, ആദം സാമ്പ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top