16 July Tuesday
സാവിക്ക് കീഴിൽ ആദ്യം , നാല‍് കളി ശേഷിക്കെ 85 പോയിന്റ്

ബാഴ്‌സയിൽ പൂക്കാലം ; 2019നുശേഷം ആദ്യ സ്പാനിഷ് ലീഗ് കിരീടം

വെബ് ഡെസ്‌ക്‌Updated: Tuesday May 16, 2023

image credit FC Barcelona twitter

 

മാഡ്രിഡ്‌
സാവിക്കുകീഴിൽ ഒരു പുതിയ ബാഴ്‌സലോണ ഉദിച്ചു. ലയണൽ മെസി ക്ലബ് വിട്ടശേഷം ആദ്യമായി ബാഴ്‌സ സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോളിൽ കിരീടം ചൂടി. എസ്‌പാന്യോളിനെ 4–-2ന്‌ തകർത്താണ്‌ നേട്ടം. നാല്‌ കളി ശേഷിക്കെ 85 പോയിന്റ്‌. രണ്ടാമതുള്ള റയൽ മാഡ്രിഡിനെക്കാൾ 14 പോയിന്റ്‌ കൂടുതൽ. ബാഴ്‌സയുടെ 27–-ാംലീഗ്‌ കിരീടമാണിത്‌. 2021ലാണ്‌ മെസി ബാഴ്‌സ വിട്ട്‌ പിഎസ്‌ജിയിലേക്ക്‌ കൂടേറിയത്‌. നവംബറിൽ സാവി പരിശീലകനായെത്തി. ആ സീസണിൽ വലിയ നേട്ടങ്ങളുണ്ടായില്ല. എന്നാൽ, 2022–-23 സീസണിൽ സാവി ടീമിനെ അടിമുടി മാറ്റി. ചാമ്പ്യൻസ്‌ ലീഗിലും യൂറോപയിലുമൊക്കെ തിരിച്ചടി കിട്ടിയെങ്കിലും ലീഗിൽ ശ്രദ്ധ വിട്ടില്ല.

എസ്‌പാന്യോളിനെതിരെ റോബർട്ട്‌ ലെവൻഡോവ്‌സ്‌കി ഇരട്ടഗോളടിച്ചു. പത്തൊമ്പതുകാരൻ അലെസാൻഡ്രോ ബാൽദെയും ജൂലെസ്‌ കുണ്ടെയും ചേർന്ന്‌ പട്ടിക പൂർത്തിയാക്കി. ബാഴ്‌സ കുപ്പായത്തിൽ ഇരുവരുടെയും ആദ്യഗോളുമാണ്‌. ക്യാപ്‌റ്റൻ സെർജിയോ ബുസ്‌ക്വെറ്റ്‌സിന്റെ അവസാന സീസണാണിത്‌. തന്ത്രങ്ങളുടെ മാറ്റമായിരുന്നു ബാഴ്‌സയിൽ ഇക്കുറി കണ്ടത്‌. ആകെ 13 ഗോൾമാത്രം വഴങ്ങിയ പ്രതിരോധമാണ്‌ അതിൽ മുന്നിൽ. 18 ഗോളാണ്‌ നിലവിലെ റെക്കോഡ്‌. 64 ഗോളടിച്ചു.

സീസണിൽ മിക്ക മത്സരങ്ങളിലും 1–-0 എന്ന നിലയിലായിരുന്നു വിജയ സ്‌കോർ. പ്രതിരോധത്തെ സാവി അഴിച്ചുപണിതു. ജോർഡി ആൽബയ്ക്കുപകരം യുവതാരം ബാൽദെയെ ഇടതുബാക്കായി കൊണ്ടുവന്നു. കുണ്ടെ വലതുബാക്കായി. പ്രതിരോധ ഹൃദയത്തിൽ ആൻഡ്രിയാസ്‌ ക്രിസ്‌റ്റൻസന്റെ സാന്നിധ്യവും മുതൽക്കൂട്ടായി. റൊണാൾഡ് അറൗഹോയും മിടുക്കുകാട്ടി.  ഗോൾകീപ്പർ മാർക്‌ ആന്ദ്രേ ടെർ സ്‌റ്റെയ്‌ഗന്റെ പ്രകടനവും എടുത്തുപറയേണ്ടതാണ്‌.

മധ്യനിരയിൽമാത്രം കേന്ദ്രീകരിച്ചുള്ള കളിയില്ല ബാഴ്‌സയ്‌ക്ക്‌. എങ്കിലും പെഡ്രിയും ഗാവിയും ഫ്രെങ്കി ഡിയോങ്ങും ഉൾപ്പെട്ട മധ്യനിര അധ്വാനിച്ചുകളിക്കുന്നുണ്ട്‌. ബുസ്‌ക്വെറ്റ്‌സിന്റെ സ്ഥാനത്ത്‌ മാഞ്ചസ്‌റ്റർ സിറ്റിയുടെ ഇകായ്‌ ഗുൺഡോവനെയാണ്‌ ബാഴ്‌സ ലക്ഷ്യമിടുന്നത്‌. ലയണൽ മെസി എത്തിയാൽ എങ്ങനെ കൈകാര്യം ചെയ്യുമെന്നതാണ്‌ സാവി നേരിടുന്ന ചോദ്യം. പ്രായമാണ്‌ ഘടകം. 36 വയസ്സായി മെസിക്ക്‌. വേഗം കുറഞ്ഞിട്ടുണ്ട്‌. മുന്നേറ്റത്തിൽ ലെവൻഡോവ്‌സ്‌കിയും പ്രായത്തിന്റെ തളർച്ചയിലാണ്‌. എങ്കിലും സാമ്പത്തിക തിരിച്ചടികൾക്കിടയിലെ ഈ ലീഗ്‌ കിരീടം ബാഴ്‌സയ്‌ക്ക്‌ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top