24 September Sunday

മലയാളം മിഷൻ ക്ലബ്ബുകളുടെ ആഗോളതല ഉദ്ഘാടനം യുഎഇയിൽ

വെബ് ഡെസ്‌ക്‌Updated: Monday May 15, 2023

അജ്മാൻ> ലോകത്തിലെ ആദ്യത്തെ മലയാളം മിഷൻ ക്ലബ്ബിന്റെ ഉദ്ഘാടനം അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു.  പ്രവാസി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സ്വന്തം രാജ്യത്ത് മടങ്ങിയെത്തി സര്‍ക്കാര്‍ ജോലികളില്‍ പ്രവേശിക്കുവാന്‍ മലയാളം അനിവാര്യമാണെന്നും ഈ പദ്ധതി അതിനു സഹായകരമാകുമെന്നും മലയാളം മിഷന്റെ പ്രാധാന്യം മനസ്സിലാക്കി രക്ഷിതാക്കളും സ്കൂളുകളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

പത്താം ക്ലാസിന് തുല്യമായ മലയാളം സർട്ടിഫിക്കറ്റ് വിദേശരാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പ്രവർത്തനമാണ് മലയാളം മിഷനിലൂടെ നടത്തുന്നത് എന്നും, മലയാളം മിഷന്റെ പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത് എന്നും ഭാഷാപരിജ്ഞാനം ഉറപ്പാക്കാൻ മലയാളികൾ മുന്നോട്ടുവരണമെന്നും മുരുകൻ കാട്ടാക്കട പറഞ്ഞു. പ്രവാസ ലോകത്തെ പുതിയ തലമുറക്ക് മലയാളഭാഷയുമായുള്ള അടുപ്പം വര്‍ധിപ്പിക്കുന്നതിനും വിദേശരാജ്യങ്ങളിലുള്ള ഉദ്യോഗാര്‍ഥികളുടെ മലയാള ഭാഷാ പരിജ്ഞാനം ഉറപ്പു വരുത്തുന്നതിനും വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ മലയാളം ക്‌ളബ്ബിന് കഴിയുമെന്ന് മാനജേംഗ് ഡയറക്ടര്‍ ഷംസു സമാനും പറഞ്ഞു.

കേരള സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെട്ട, വിദേശരാജ്യങ്ങളിലെ സ്കൂളുകളിൽ മലയാളം ക്ലബ്ബുകൾ രൂപീകരിക്കുന്ന, "കുട്ടി മലയാളം" പദ്ധതിയുടെ ആഗോളതല ഉദ്ഘാടനം നിർവഹിക്കുന്നതിന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ യുഎഇയിൽ എത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. യാത്രയ്ക്കായുള്ള അനുമതി കേന്ദ്രസർക്കാർ വൈകിപ്പിച്ചതു മൂലം മന്ത്രിക്ക് നേരിട്ട് ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ല. വിദേശരാജ്യങ്ങളിലെ സ്കൂളുകളിൽ മലയാളം മിഷൻ ക്ലബ്ബുകൾ രൂപീകരിക്കുന്ന കുട്ടി മലയാളം, പ്രവാസ ലോകത്ത് സമ്പൂർണ്ണ മലയാളം സാക്ഷരത സാധ്യമാക്കുന്ന വിശ്വ മലയാളം എന്നീ രണ്ട് പദ്ധതികളാണ് കേരള സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതികളിൽ ഉൾപ്പെടുത്തി വിദേശരാജ്യങ്ങളിൽ നടപ്പിലാക്കുന്നത്. കുട്ടിമലയാളം യു എ ഇ യിലും, വിശ്വ മലയാളം ബഹറൈനിലുമാണ്. രണ്ടു രാജ്യങ്ങളിലും മന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കാത്തിരിക്കുകയായിരുന്നു മലയാളം മിഷൻ പ്രവർത്തകർ.

ഉത്സവാന്തരീക്ഷത്തിൽ നടന്ന മലയാളം മിഷൻ ക്ലബ്ബുകളുടെ ആഗോളതല ഉദ്ഘാടനം വർണ്ണാഭമായിട്ടാണ് ഒരുക്കിയിരുന്നത്. അക്ഷരങ്ങൾ കൈകളിലേന്തി വർണ്ണാഭമായ ഘോഷയാത്രയോടെ കുരുന്നുകൾ അതിഥികളെ സ്വീകരിച്ചു. ഉദ്ഘാടന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ കവി മുരുകൻ കാട്ടാക്കട അധ്യക്ഷത വഹിച്ചു.  മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി,  മലയാളം മിഷൻ ഭരണ സമിതി ചെയർമാനും, സ്കൂൾ സി. ഇ. ഒ. യുമായ  ആദിൽ സി. ടി, യു എ ഇ കോഡിനേറ്റർ കെഎൽ ഗോപി, മുതിർന്ന സാംസ്കാരിക പ്രവർത്തകൻ അബ്ദുൽ ഹമീദ്, അജ്മാൻ ചാപ്റ്റർ പ്രസിഡൻറ് ഫാമി ഷംസുദ്ദീൻ,  കൺവീനർ ദീപ്തി ബിനു എന്നിവർ ആശംസകൾ നേർന്നു. ഹാബിറ്റാറ്റ് സ്കൂൾ എംഡി ഷംസു സമാൻ, പ്രിൻസിപ്പൽമാരായ ബാലറെഡ്‌ഡി അമ്പാട്ടി, ഖുറാത്ത് അൽഐൻ, മറിയം നിസാർ  എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ചാപ്റ്റർ സെക്രട്ടറി ജാസിം മുഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മലയാള വിഭാഗം HOD ശ്രീകല ടീച്ചർ നന്ദി പറഞ്ഞു. ഒരു വർഷത്തിൽ കൂടുതലായി അധ്യാപനം നടത്തിവരുന്ന ചാപ്റ്ററിലെ ടീച്ചർമാരേയും ചടങ്ങിൽ ആദരിച്ചു. മലയാളം മിഷൻ ക്ലബ്ബിൽ ചേർന്ന പഠിതാക്കളുടെ ലിസ്റ്റ് ടീച്ചർ കോ ഓർഡിനേറ്റർ റസീന കെ. പി, സ്റ്റുഡൻറ് കോഡിനേറ്റർമാരായ  ആദിൽ മുഹമ്മദ്, ഹുസ്ന,  എന്നിവർ ചേർന്ന് ഡയറക്ടർക്ക് കൈമാറി. ചടങ്ങിൽ കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.  എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യവുമായി സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ വകുപ്പില്‍ ആരംഭിച്ച മലയാളം മിഷന്‍ പദ്ധതി മറുനാടന്‍ മലയാളി സംഘടനകളുമായി സഹകരിച്ചാണ് നടപ്പിലാക്കി വരുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ കുട്ടി മലയാളം പദ്ധതിയുടെ കീഴില്‍ ലോകത്ത് സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ മലയാളം ക്ലബ്ബാണ് ഹാബിറ്റാറ്റ് സ്‌കൂളിലേത്. മലയാളം മിഷന്റെ അജ്മാൻ ചാപ്റ്ററിനു കീഴിലായിരിക്കും ക്ലബ്ബ് പ്രവർത്തിക്കുക.


മലയാളം മിഷൻ നടപ്പിലാക്കുന്ന കോഴ്‌സുകളിൽ അവസാനത്തെ കോഴ്സ് ആയ നീലക്കുറിഞ്ഞി പൂർത്തിയാക്കുന്നവർക്ക് മെട്രിക്കുഷേന്‍ നിലവാരത്തിലുള്ള ഭാഷാ പരിജ്ഞാനം അംഗീകരിച്ച് സംസ്ഥാന സര്‍ക്കാറിന്റെ സീനിയര്‍ ഹയര്‍ ഡിപ്‌ളോമാ സര്‍ട്ടിഫിക്കറ്റുകള്‍ നൽകാനാണ് പദ്ധതി. കുട്ടിമലയാളം സെന്ററുകള്‍ ഇക്കാര്യത്തില്‍ സഹായകരമാവുമെന്ന സര്‍ക്കാറിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണ് പരീക്ഷണാര്‍ഥം യു.എ.ഇയിലും തമിഴ്‌നാട്ടിലും മലയാളം ക്‌ളബ്ബുകള്‍ രൂപീകരിച്ചിരുന്നു.

ഉദ്ഘാടന സമ്മേളനത്തിനുശേഷം മരത്തണലിൽ പ്രത്യേകമായി സജ്ജീകരിച്ച ക്ലാസ് റൂമിൽ ഡയറക്ടർ മുരുകൻ കാട്ടാക്കട ആദ്യ ക്ലാസ്സ് നടത്തി. മലയാളം മിഷൻ പ്രവർത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതിനു വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, ഹാബിറ്റാറ്റ്‌ സ്കൂൾ എം. ഡി. ഷംസു സമാൻ, യു എ ഇ കോ ഓർഡിനേറ്റർ കെ. എൽ. ഗോപി, സ്കൂൾ സി. ഇ. ഒ ആദിൽ സി. ടി., ചാപ്റ്റർ സെക്രട്ടറി ജാസ്സിം മുഹമ്മദ്, പ്രസിഡണ്ട് ഫാമി ഷംസുദ്ധീൻ, സ്കൂൾ പ്രിൻസിപ്പൽ ബാലറെഡ്‌ഡി അമ്പാട്ടി എന്നിവർ പങ്കെടുത്തു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികൾ നേരിട്ട് കൃഷി ചെയ്യുന്ന പച്ചക്കറി തോട്ടത്തിൽ നിന്നും തക്കാളി വിളവെടുപ്പും നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top