27 July Saturday

മഹാരാഷ്ട്രയില്‍ പൗരത്വ നിയമത്തിനെതിരായ ഡിവൈഎഫ്‌ഐ മാര്‍ച്ച് തടഞ്ഞ് പൊലീസ്; നേതാക്കളെ അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Sunday Feb 16, 2020

മുംബൈ > പൗരത്വനിയമത്തിനെതിരെ മഹാരാഷ്ട്രയില്‍ ഡിവൈഎഫ്ഐ സംഘടിപ്പിച്ച യൂത്ത് മാര്‍ച്ച് പൊലീസ് തടഞ്ഞു. സിഎഎ- എന്‍ആര്‍സി-എന്‍പിആര്‍ എന്നിവ  കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണം, മഹാരാഷ്ട്രയില്‍  സംസ്ഥാന സര്‍ക്കാര്‍ എന്‍പിആര്‍  പ്രവര്‍ത്തനം നിര്‍ത്തി  വയ്ക്കണം, വെറുപ്പും  വിഭജനവുമല്ല വിദ്യാഭ്യാസവും തൊഴിലും  തരൂ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ഡിവൈഎഫ്ഐ മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.  ഉറനിലെ ബിപിസിഎല്‍  ടെര്‍മിനലില്‍ നിന്നും ആരംഭിച്ച് മുംബൈയിലെ ചൈത്യഭൂമിയില്‍ അവസാനിക്കുന്നവിധമാണ് പരിപാടി നിശ്ചയിച്ചിരുന്നത്.



സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍  നിന്നായി നൂറുക്കണക്കിനു യുവതീയുവാക്കള്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തി. അവരെയെല്ലാം വഴിയില്‍ വെച്ചുതന്നെ പൊലീസ് അറസ്റ്റു ചെയ്തുനീക്കി. ഡിവൈഎഫ്ഐ  അഖിലേന്ത്യാ പ്രസിഡന്റ്  മുഹമ്മദ് റിയാസ്, മഹാരാഷ്ട്ര  സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍, ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായെത്തിയ കിസാന്‍സഭാ ദേശീയപ്രസിഡണ്ട് അശോക് ധവ്ളെ ഉള്‍പ്പെടെയുള്ള നേതാക്കളെയും നിരവധി പ്രവര്‍ത്തകരെയും ജവഹര്‍ലാല്‍ നെഹ്റു പോര്‍ട്ട് ട്രസ്റ്റ് പരിസരത്ത് വെച്ച് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.



നാല് ദിവസങ്ങളിലായി നടക്കാനിരിക്കുന്ന യൂത്ത് മാര്‍ച്ച് കിസാന്‍ ലോങ്ങ് മാര്‍ച്ചുപോലെ ദേശീയ ശ്രദ്ധയാകര്‍ഷിക്കുമെന്ന ഭയത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ മാര്‍ച്ച് തടഞ്ഞിരിക്കുന്നത്. ശിവസേന- കോണ്‍ഗ്രസ്സ്- എന്‍സിപി സഖ്യകക്ഷി സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ എന്‍പിആറിന്റെ നടപടികളുമായി  മുന്നോട്ട് പോകുന്ന  സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.



യൂത്ത് മാര്‍ച്ച് നടക്കാതിരിക്കണമെങ്കില്‍ കേരളത്തിലെപ്പോലെ മഹാരാഷ്ട്രയിലും എന്‍പിആര്‍   നിര്‍ത്തിവയ്ക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ഡിവൈഎഫ്ഐ   സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ പറഞ്ഞു. പൊലീസിന്റെ തെമ്മാടിത്തത്തിനു മുന്നില്‍ ഡിവൈഎഫ്‌ഐ മുട്ടുമടക്കില്ല. മഹാരാഷ്ട്രയിലും യു.പി.-കര്‍ണ്ണാടക മാതൃകയില്‍ സമരങ്ങള്‍ അടിച്ചമര്‍ത്താനാരംഭിക്കുന്നതാണ് തെളിഞ്ഞുവരുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top