07 June Wednesday

ചെങ്കോലിന്റെ 
ചരിത്രമെവിടെ ; വന്നത് 'വാട്‌സാപ്‌ സർവകലാശാല' വഴി

എം പ്രശാന്ത്‌Updated: Saturday May 27, 2023


ന്യൂഡൽഹി
അധികാരക്കൈമാറ്റത്തിന്റെ ചിഹ്നമെന്ന വിശേഷണത്തോടെ പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിക്കുന്ന സ്വർണച്ചെങ്കോൽ ചരിത്രപരമായി ഒരു പ്രസക്തിയുമില്ലാത്തത്‌. ചെന്നൈയിൽനിന്ന്‌ ശൈവസന്ന്യാസിമാർ കൊണ്ടുവന്ന സ്വർണച്ചെങ്കോൽ വൈസ്രോയിയായ മൗണ്ട്‌ബാറ്റണിൽ നിന്ന് പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു ഏറ്റുവാങ്ങിയതെന്നാണ്‌ സർക്കാരിന്റെ വാദം. എന്നാൽ, ചെങ്കോൽ കൈമാറ്റത്തിന്‌ സർക്കാർ അവകാശപ്പെടുന്ന പ്രാധാന്യമുള്ളതായി ചരിത്രരേഖകളിൽ എവിടെയുമില്ല.

സ്വാതന്ത്ര്യപ്രഖ്യാപനത്തിന്‌ മുമ്പായി 1947 ആഗസ്‌ത്‌ 14ന്‌ പകൽ നിരവധി പ്രതിനിധി സംഘങ്ങൾ നെഹ്‌റുവിനെ സന്ദർശിച്ച്‌ ഉപഹാരങ്ങളും മറ്റും കൈമാറി. ഭൗതികവാദിയായിരുന്ന നെഹ്‌റു ആ ഘട്ടത്തിലെ സന്തോഷത്താലും എളിമയാലും ചില മതചടങ്ങിലടക്കം പങ്കാളിയായി. ഇതിനൊന്നും ഔദ്യോഗിക സ്വഭാവമില്ലായിരുന്നു. ‘ദ ഹിന്ദു’, ‘സ്‌റ്റേറ്റ്‌സ്‌മാൻ’, ‘ഹിന്ദുസ്ഥാൻ ടൈംസ്‌’ തുടങ്ങിയ പത്രങ്ങളും ‘ദ ടൈം’ മാഗസിനും വിശദമായി  സംഘങ്ങളെക്കുറിച്ച് റിപ്പോർട്ട്‌ നൽകിയിരുന്നു.

1947 ആഗസ്‌ത്‌ 11ലെ ഹിന്ദു ദിനപത്രത്തിൽ ചെങ്കോലുമായി സന്ന്യാസി സംഘം ചെന്നൈ റെയിൽവേ സ്‌റ്റേഷനിൽ നിൽക്കുന്ന ചിത്രമുണ്ട്. സംഘം ട്രെയിനിലാണ്‌ ഡൽഹിക്ക്‌ പോയതെന്ന്‌ ഇതിൽനിന്ന്‌ വ്യക്തം. പ്രത്യേക വിമാനത്തിൽ കൊണ്ടുവന്നുവെന്നാണ് അമിത്‌ ഷാ അവകാശപ്പെട്ടത്.‘ഫ്രീഡം അറ്റ്‌ മിഡ്‌നൈറ്റ്‌’ അടക്കം ഇന്ത്യൻ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള നിരവധി പുസ്‌തകങ്ങളിലും ചെങ്കോൽ കൈമാറ്റം പറയുന്നുണ്ട്‌. എന്നാൽ, അധികാരക്കൈമാറ്റത്തിന്റെ ഭാഗമായുള്ള ഏറ്റവും പ്രധാന ചടങ്ങായിരുന്നു അതെന്ന് എവിടെയും പറയുന്നില്ല.

ചെങ്കോൽ വന്നത് 'വാട്‌സാപ്‌ സർവകലാശാല' വഴി
പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിക്കുന്ന സ്വർണ ചെങ്കോൽ ‘വാട്‌സാപ്‌ സർവകലാശാല’യുടെ ഉൽപ്പന്നമെന്ന്‌ പരിഹസിച്ച്‌ പ്രതിപക്ഷ പാർടികൾ. വാട്‌സാപ്‌ സർവകലാശാലയുടെ വ്യാജ നിർമിതികൾ പുതിയ പാർലമെന്റ്‌ മന്ദിരത്തിൽ സ്ഥാപിക്കുന്നതിൽ അത്ഭുതം വേണ്ടെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ ജയ്‌റാം രമേശ്‌ പരിഹസിച്ചു. ബിജെപിയിലെയും ആർഎസ്‌എസിലെയും വ്യാജചരിത്രകാരൻമാരുടെ കള്ളം ഒരിക്കൽക്കൂടി പുറത്തായെന്നും അവകാശവാദങ്ങളല്ലാതെ തെളിവൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ ശൈവമഠ അധീനങ്ങളെ കോൺഗ്രസ്‌ അപമാനിച്ചുവെന്ന്‌ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പ്രതികരിച്ചു.

ബഹിഷ്‌കരണം മറികടക്കാൻ സർക്കാർ ശ്രമം
രാഷ്‌ട്രപതിയെ ചടങ്ങിൽനിന്ന്‌ ഒഴിവാക്കിയതിനാൽ പുതിയ പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടന ചടങ്ങ്‌ ബഹിഷ്‌കരിക്കാൻ 21  പ്രതിപക്ഷപാർടി തീരുമാനിച്ചത്‌ സൃഷ്ടിച്ച ജാള്യവും കോട്ടവും  മറികടക്കാൻ സർക്കാർ ശ്രമം. നിർണായക ഘട്ടങ്ങളിൽ ബിജെപിയെ സഹായിക്കുന്ന ബിജെഡി, വൈഎസ്‌ആർ കോൺഗ്രസ്‌ പാർടികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന്‌ പ്രഖ്യാപിച്ചത്‌ ഇതിന്റെ ഭാഗം. ലോക്‌ജനശക്തി (പാസ്വാൻ), ജെഡിഎസ്‌, ബിഎസ്‌പി, ടിഡിപി, എസ്‌എഡി എന്നീ പാർടികളും ചടങ്ങിൽ പങ്കെടുക്കും. 25 പാർടി ചടങ്ങിൽ പങ്കെടുക്കുമെന്നാണ്‌ സർക്കാർ പറയുന്നത്‌. പ്രധാന പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണം രാജ്യാന്തര മാധ്യമങ്ങളിൽ വാർത്തയായി.പുതിയ പാർലമെന്റ്‌ മന്ദിരം എല്ലാ ഇന്ത്യക്കാർക്കും അഭിമാനം പകർന്നുനൽകുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top