27 July Saturday

വിമർശിച്ചാൽ പരസ്യമില്ല ; മാധ്യമസ്വാതന്ത്ര്യത്തിന‌് വിലങ്ങ‌ിട്ട്‌ മോഡി സർക്കാർ

എം പ്രശാന്ത്‌Updated: Thursday Jun 27, 2019


ന്യൂഡൽഹി
പിഴവുകൾ ചൂണ്ടിക്കാട്ടുകയും വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന മാധ്യമങ്ങൾക്ക‌് പരസ്യങ്ങൾ നിഷേധിച്ച‌് മോഡി സർക്കാർ‌. ദി ഹിന്ദു, ടെലിഗ്രാഫ‌് തുടങ്ങിയ മാധ്യമങ്ങൾക്കാണ‌് കേന്ദ്രസർക്കാർ പരസ്യത്തിന‌് വിലക്കേർപ്പെടുത്തിയത‌്. എബിപി ഗ്രൂപ്പിന‌് കീഴിൽ വരുന്ന ടെലിഗ്രാഫിന‌് ഒരു വർഷത്തിലേറെയായി കേന്ദ്രം  പരസ്യം നൽകുന്നില്ല. റഫേൽ വിമാന ഇടപാടിലെ വെളിപ്പെടുത്തലുകളെ തുടർന്നാണ‌് ‘ദി ഹിന്ദു’ വിന‌് വിലക്കുവന്നത‌്. പുൽവാമ ഭീകരാക്രമണത്തിന‌് പിന്നാലെ കശ‌്മീരിലെ  ‘ഗ്രേറ്റർ കശ‌്മീർ’, ‘കശ‌്മീർ റീഡർ’ എന്നീ പത്രങ്ങൾക്കും പരസ്യങ്ങൾ വിലക്കി.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന‌് കീഴിലുള്ള ഡിഎവിപി മുഖാന്തരമാണ‌് മാധ്യമസ്ഥാപനങ്ങൾക്ക‌് സർക്കാർ പരസ്യങ്ങൾ നൽകുക. പ്രത്യേക പാനൽ പരിശോധിച്ച‌് മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന‌് ഉറപ്പാക്കി എംപാനൽ ചെയ്യപ്പെട്ട മാധ്യമങ്ങൾക്ക‌് പരസ്യം നൽകും. സർക്കാരിനെതിരെ വാർത്ത നൽകുന്നതും മറ്റും പരസ്യം വിലക്കാൻ കാരണമാകാറില്ല. സർക്കാർ പരസ്യങ്ങൾക്ക‌് 2019 ജനുവരിയിൽ 15 ശതമാനം നിരക്ക‌് വർധിപ്പിച്ചിരുന്നു. 2014 മുതൽ 2018 വരെ  സർക്കാർ പരസ്യങ്ങൾക്കായി മോഡി സർക്കാർ ചെലവഴിച്ചത‌് 5200 കോടി രൂപയാണ‌്. ഇതിൽ 2282 കോടി രൂപയുടെ പരസ്യം പത്രമാധ്യമങ്ങൾക്കാണ‌് ലഭിച്ചത‌്. 2312.59 കോടി രൂപയുടെ പരസ്യം ദൃശ്യ–-ശ്രാവ്യ മാധ്യമങ്ങൾക്ക‌് ലഭിച്ചു. 651.14 കോടി രൂപ മറ്റ‌ുരീതിയിലുള്ള പരസ്യങ്ങൾക്ക‌് ചെലവിട്ടു.

പരസ്യം നിഷേധിച്ച‌് മാധ്യമങ്ങളെ വരുതിയിലാക്കാനുള്ള മോഡി സർക്കാരിന്റെ നീക്കത്തെ ലോക‌്സഭയിൽ കോൺഗ്ര‌സ‌് സഭാനേതാവ‌് അധ‌ീർ രജ‌്ഞൻ ചൗധരി വിമർശിച്ചു.  ബിജെപി അംഗങ്ങൾ ചൗധരിക്കെതിരെ രംഗത്തുവന്നതോടെ സഭയിൽ ബഹളമായി. രണ്ടാമതും അധികാരത്തിലെത്തിയതിന‌് പിന്നാലെ, വിമർശിക്കുന്ന മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും എതിരായ നീക്കം മോഡി സർക്കാർ ശക്തിപ്പെടുത്തുകയാണ‌്. സാമ്പത്തിക ക്രമക്കേട‌് ആരോപിച്ച‌് എൻഡിടിവി പ്രൊമോട്ടർമാരായ പ്രണോയ‌് റോയ‌്, രാധിക റോയ‌്, ഓൺലൈൻ വാർത്താപോർട്ടലായ ‘ദി ക്വിന്റിന്റെ ’ സ്ഥാപകൻ രാഘവ‌് ബാൽ തുടങ്ങിയവർക്കുനേരെ സർക്കാർ നടപടിക്ക‌് തുടക്കമിട്ടിരുന്നു. 

എൻഡിടിവിയിൽ മാനേജീരിയൽ തസ‌്തികകൾ വഹിക്കുന്നതിൽ പ്രണോയ് റോയിയെയും രാധിക റോയിയെയും സെബി ഈയിടെ വിലക്കിയിരുന്നു. സെബി നടപടി സെക്യൂരിറ്റീസ‌് അപ്പലേറ്റ‌് ട്രിബ്യൂണൽ പിന്നീട‌് സ‌്റ്റേ ചെയ‌്തു. കേസ‌് സെപ‌്തംബറിൽ ട്രിബ്യൂണൽ വീണ്ടും പരിഗണിക്കും. വിദേശത്ത‌് അനധികൃത സ്വത്ത‌്‌ സമ്പാദിച്ചെന്ന കുറ്റമാണ‌് രാഘവ‌് ബാലിനെതിരെ ചുമത്തിയത‌്. ആദായനികുതി വകുപ്പിന‌് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റാണ‌് കേസെടുത്തത‌്. ബിജെപി ശത്രുപക്ഷത്ത‌് കാണുന്ന മാധ്യമസ്ഥാപനങ്ങളാണ‌് എൻഡിടിവിയും ക്വിന്റും.

അടിയന്തരാവസ്ഥക്കാലത്തെ തന്ത്രം
മാധ്യമങ്ങൾക്ക‌് പരസ്യം നിഷേധിക്കുന്നത‌് അടിയന്തരാവസ്ഥക്കാലത്ത‌് ഇന്ദിരാഗാന്ധി പയറ്റിയ തന്ത്രം. ആദർശധീരരായ പത്രപ്രവർത്തകർ അടിയന്തരാവസ്ഥയ‌്ക്കെതിരെ ശക്തമായി നിലയുറപ്പിച്ചപ്പോൾ പത്രമുതലാളിമാർ ഭൂരിപക്ഷവും ഇന്ദിരയ‌്ക്ക‌് വിനീതവിധേയരായി. ദ ഹിന്ദു, ടൈംസ‌് ഓഫ‌് ഇന്ത്യ, ഹിന്ദുസ്ഥാൻ ടൈംസ‌് തുടങ്ങി പല പ്രമുഖ പത്രങ്ങളും അക്കാലത്ത‌് ഇന്ദിരയ‌്ക്ക‌് വഴങ്ങിനിന്നു.

അതേസമയം, ഭീഷണികൾക്കും പ്രലോഭനങ്ങൾക്കും മുന്നിൽ മുട്ടുമടക്കാതെ നിലപാടിൽ ഉറച്ചുനിന്ന ഇന്ത്യൻ എക‌്സ‌്പ്രസ‌്, സ‌്റ്റേറ്റ‌്സ‌്മാൻ തുടങ്ങിയ പത്രങ്ങൾ വലിയ തിരിച്ചടി നേരിട്ടു. ചെറുപത്രങ്ങളും പ്രാദേശിക പ്രസിദ്ധീകരണങ്ങളും അടച്ചുപൂട്ടേണ്ടിവന്നു. തങ്ങളെ പിന്തുണയ‌്ക്കുന്ന പത്രങ്ങൾക്ക‌ും  മാസികകൾക്കും ഡിഎവിപി വഴി സർക്കാർ പരസ്യങ്ങൾ യഥേഷ്ടം നൽകിയപ്പോൾ എതിർശബ്ദം ഉയർത്തുന്ന പത്രങ്ങൾക്കെല്ലാം പരസ്യം നിഷേധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top