27 July Saturday

ഛത്തീസ്‌ഗഢിലെ ക്രൈസ്‌തവവേട്ട: ക്രൂര പീഡനങ്ങൾ, ഭയവിഹ്വലരായി സ്‌ത്രീകളും കുട്ടികളും

എം അഖിൽUpdated: Tuesday Jan 24, 2023

നാരായൺപുരിലെ രമാബണ്ട് ഗ്രാമത്തിൽ ബിജെപി നേതാവിന്റെ നേതൃത്വത്തിലുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുനേരി സലാം, ബുദ്‌നി കോറാം എന്നിവരെ ബൃന്ദ കാരാട്ട് ആശ്വസിപ്പിക്കുന്നു ഫോട്ടോ: കെ എം വാസുദേവൻ

റായ്‌പുർ
ഛത്തീസ്‌ഗഢിൽ ക്രൈസ്‌തവസമൂഹത്തിനു നേരെയുള്ള കടന്നാക്രമണങ്ങളിൽ ഭയവിഹ്വലരായി സ്‌ത്രീകളും കുഞ്ഞുങ്ങളും. നാരായൺപുർ ജില്ലയിലെ രമാബണ്ട്‌ ഗ്രാമത്തിലെ സുനേരി സലാമും ബുധിനി കോറാമും നേരിട്ടത്‌ ക്രൂരമായ പീഡനങ്ങൾ. പ്രാദേശിക ബിജെപി നേതാവ്‌ രൂപ്‌സാസലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ആക്രമിച്ചത്‌. അരിമിൽ ഉടമകൂടിയായ രൂപ്‌സാ സലാമിന്‌ സുനേരിയുടെയും ബുധിനിയുടെയും ഭൂമിയിൽ കണ്ണുണ്ടായിരുന്നു. എന്നാല്‍ അവര്‍ ഭൂമില്‍ വില്‍ക്കാന്‍ കൂട്ടാക്കിയില്ല.

പിന്നാലെയാണ് ​ഗ്രാമങ്ങളിലെ ക്രൈസ്‌തവ സമൂഹത്തിനെതിരെ അക്രമങ്ങൾ തുടങ്ങിയത്‌. സുനേരിയും ബുധിനിയും സ്ഥിരമായി പള്ളിയിൽ പോകാറുണ്ട്‌. ഡിസംബർ 27ന്‌ കൃഷിയെ കുറിച്ച് സംസാരിക്കാനെന്നപേരില്‍ സുനേരിയെയും ഭർത്താവ്‌ ബേജ്‌നാഥ്‌ സലാമിനെയും വിളിച്ചുവരുത്തി. ആദ്യമെത്തിയ ബേജ്‌നാഥിനെ ബിജെപി നേതാവും കൂട്ടരും ക്രൂരമായി മർദിച്ചു. സുനേരി എത്തിയപ്പോള്‍ ഭർത്താവിനെ അക്രമികൾ നിലത്തിട്ട്‌ ചവിട്ടുന്നതാണ് കണ്ടത്‌. ‘‘ അദ്ദേഹത്തിന്റെ വായിൽനിന്നും മൂക്കിൽനിന്നും ചോര ഒഴുകുന്നുണ്ടായിരുന്നു. കാലു പിടിച്ച്‌ അപേക്ഷിച്ചെങ്കിലും മർദനം നിർത്തിയില്ല. അയൽക്കാരായ ബുധിനിയെയും ഭർത്താവിനെയും വിളിച്ചുകൊണ്ടുവന്നു. എന്നാൽ, അവരെയും ക്രൂരമായി മർദിച്ചു’’–- സുനേരി പറഞ്ഞു.

നേതാവിന്റെയും ഗ്രാമത്തലവന്റെയും ഭാര്യമാരും ആക്രമണത്തിൽ പങ്കുചേർന്നു. ‘‘അവർ ഞങ്ങളുടെ മൊബൈലുകൾ തട്ടിപ്പറിച്ചു. ബലമായി കൈയും കാലും പിടിച്ച്‌ വസ്‌ത്രങ്ങൾ ഊരി നഗ്നരാക്കാൻ ശ്രമിച്ചു.’’–- ബുധിനി കോറം വിങ്ങിപ്പൊട്ടി.  സമീപ പ്രദേശങ്ങളിലെ ക്രിസ്‌ത്യൻ വിശ്വാസികളായ 11 സ്‌ത്രീകളെ ബിജെപി നേതാവും കൂട്ടരും സമാനമായ രീതിയിൽ ആക്രമിച്ചിട്ടുണ്ടെന്ന്‌ സുനേരിയും ബുധിനിയും പറഞ്ഞു. ഛത്തീസ്‌ഗഢിൽ ക്രൈസ്‌തവസമൂഹത്തിന്‌ എതിരായ കടന്നാക്രമണങ്ങൾക്കു പിന്നിൽ ആരാണെന്ന് വ്യക്തമാക്കുന്നതാണ്‌ ഈ സ്ത്രീകളുടെ അനുഭവങ്ങളെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പ്രതികരിച്ചു.

കുട്ടികളോടും വിവേചനം

ബസ്തര്‍ മേഖലയിലെ  ഗ്രാമങ്ങളിൽ കുട്ടികൾക്ക് നേരെയും  കൈയ്യേറ്റങ്ങൾ നടക്കുന്നു. സ്‌കൂളുകളിൽ ക്രൈസ്തവവരായ വിദ്യാർഥികൾ വലിയ വിവേചനങ്ങൾ നേരിടുന്നു. മറ്റ് കുട്ടികൾ ഇവരോട് മിണ്ടാനോ കൂട്ടുകൂടാനോ കളിക്കാനോ തയ്യാറല്ല. നാലഞ്ച് മാസം മുൻപ് വരെ ഒന്നിച്ചു കളിച്ചിരുന്ന കുട്ടികളാണ്. സംഘപരിവാർ പിന്തുണയുള്ള സംഘടനകളുടെ തിട്ടൂരം വന്നതിന് ശേഷമാണ് ഈ അവസ്ഥ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top