27 July Saturday

ജന്മദിനത്തിൽ ഇന്ത്യക്കാർക്ക് നന്ദിപറഞ്ഞ് ജപ്പാനിലെ ‘വികൃതിക്കുട്ടി’

വെബ് ഡെസ്‌ക്‌Updated: Friday Aug 11, 2023

തെത്സു കോ കുറോയാനഗി അയച്ച സന്ദേശവും 
മലയാള പരിഭാഷയും

കുന്നമംഗലം>  ജന്മദിനത്തിൽ ഇന്ത്യക്കാർക്ക് നന്ദിപറഞ്ഞ് ടോട്ടോച്ചാൻ. അങ്ങ് ജപ്പാനിലെ ടോക്യോയിൽനിന്ന് ജാപ്പനീസ് ഭാഷയിൽ എഴുതിയ കത്തിലാണ്  തെത്സു കോ കുറോയാനഗി ഇന്ത്യക്കാർക്ക് നന്ദി പറഞ്ഞത്. ‘ടോട്ടോച്ചാൻ ജനാലക്കരികിലെ വികൃതിക്കുട്ടി’ എന്ന പുസ്തകത്തിന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി  കേരള  ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഓൺലൈൻ സയൻസ് പോർട്ടലായ ലൂക്കയുടെ നേതൃത്വത്തിൽ കേരളത്തിലെ സ്കൂളുകളിൽ സംഘടിപ്പിച്ച വിവിധ പരിപാടികളെക്കുറിച്ച് അറിഞ്ഞാണ് നന്ദി പ്രകാശനം. 
 
ലൂക്ക മാസികയുടെ എഡിറ്ററായ സി റിസ്വാൻ ജപ്പാനിലുള്ള രണ്ട് മലയാളികളായ തെൻസീൻ, ശ്രീകുമാർ എന്നിവർ വഴി ടോമോ ഫൗണ്ടേഷനുമായി ബന്ധപ്പെടുകയും ഇവിടെ നടക്കുന്ന ആഘോഷ പരിപാടികൾ തെത്സു കോ കുറോയാനഗിയെ അറിയിക്കുകയുമായിരുന്നു. തുടർന്നാണ് തന്റെ ജന്മദിനത്തിൽ ഇത്തരമൊരു പരിപാടി നടക്കുന്നതിലുള്ള സന്തോഷം പങ്കുവച്ച് അവർ കത്തെഴുതിയത്. എട്ട് ദശലക്ഷത്തിലധികം കോപ്പികൾ ലോകത്താകമാനം വിറ്റുപോയ പുസ്തകമാണിത്. ഏതാണ്ടെല്ലാ ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌.  
 
ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ സ്കൂളുകളിൽ സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ പതിനായിരത്തിലധികം കുട്ടികളാണ് പങ്കെടുത്തത്. ടോട്ടോച്ചാന് കത്തെഴുതൽ,  ഓർമക്കുറിപ്പുകൾ ശേഖരിക്കൽ, വിവർത്തനത്തിന്റെ അനുഭവങ്ങൾ പങ്കുവയ്‌ക്കൽ തുടങ്ങി വിവിധ പരിപാടികൾ ജന്മദിനത്തിന്റെ ഭാഗമായി നടന്നു. നൂറോളം സ്കൂളുകളിൽ രക്ഷിതാക്കൾ ടോട്ടോച്ചാൻ വായിക്കൽ പരിപാടി സംഘടിപ്പിച്ചു. ടോട്ടോച്ചാൻ വായിച്ചവരുടെ ഓർമക്കുറിപ്പുകളുടെ ശേഖരണം വലിയതോതിൽ ലഭിച്ചിട്ടുണ്ടെന്നും ഇവ  തെത്സു കോ കുറോയാനഗിക്ക് അയച്ചുകൊടുക്കുമെന്നും സി റിസ്വാൻ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top