27 July Saturday

തൊഴിലിടങ്ങളിൽ ഇരിക്കാൻ അവകാശം ഉറപ്പുനൽകുന്ന ഓർഡിനൻസ്‌ പ്രാബല്യത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 23, 2018

തിരുവനന്തപുരം > സ്ത്രീതൊഴിലാളികളുടെ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്തിയും ജോലിക്കിടയിൽ ഇരിക്കാൻ അവകാശം നൽകിയും കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തിൽ സംസ്ഥാന സർക്കാർ വരുത്തിയ സുപ്രധാനഭേദഗതികൾ നിലവിൽ വന്നു. ഇതുസംബന്ധിച്ച് ഗവർണർ ഓർഡിനൻസ് പുറപ്പെടുവിച്ചു. 1960ലെ കേരള കടകളും വാണിജ്യസ്ഥാപനങ്ങളും ആക്ടിൽ തൊഴിലാളികൾക്കനുകൂലമായ ഭേദഗതികൾ വരുത്താനുള്ള ബില്ലിന്റെ അടിയന്തരപ്രാധാന്യം കണക്കിലെടുത്താണ് ഗവർണർ ഇതുസംബന്ധിച്ച ഓർഡിനൻസ് പുറപ്പെടുവിച്ചത്.

എൽഡിഎഫ് സർക്കാരിന്റെ തൊഴിലാളിക്ഷേമനടപടികളിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ നിയമഭേദഗതികൾ നിലവിൽ വന്നിരിക്കുന്നതെന്ന്  തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണൻ  പറഞ്ഞു. നിയമഭേദഗതികൾ ഉടൻ നടപ്പാക്കുന്നതിന് തൊഴിലുടമകളോടും ഇതനുസരിച്ചുള്ള അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിന് തൊഴിലാളികളോടും  മന്ത്രി അഭ്യർഥിച്ചു.

വസ്ത്രശാലകളും ജ്വല്ലറികളും റസ്റ്റാറന്റുകളും അടക്കമുള്ള വ്യാപാരസ്ഥാപനങ്ങളിൽ  ജോലിചെയ്യുന്ന സ്ത്രീകൾ അടക്കമുള്ളവരുടെ ദീർഘകാലത്തെ ആവശ്യങ്ങളാണ് ചരിത്രം കുറിച്ച നിയമഭേദഗതിയിലൂടെ അംഗീകരിക്കപ്പെട്ടത്. സ്ത്രീകൾക്ക് അന്തസ്സ് ഉയർത്തിപ്പിടിച്ച് ജോലിചെയ്യാൻ കഴിയുന്ന തൊഴിലിടങ്ങൾ സൃഷ്ടിക്കുമെന്നും തൊഴിലിടങ്ങളിൽ ലിംഗസമത്വം നടപ്പാക്കുമെന്നും എൽഡിഎഫ് സർക്കാരിന്റെ തൊഴിൽനയത്തിൽ പ്രഖ്യാപിച്ചിരുന്നു. അതിരാവിലെ മുതൽ വൈകീട്ട് ജോലി കഴിയുന്നതുവരെ  ഇരിക്കാൻ സ്ത്രീതൊഴിലാളികൾക്ക് അവകാശമുണ്ടായിരുന്നില്ല. അതികഠിനമായ തൊഴിൽസാഹചര്യമാണ് അവർ നേരിടുന്നത്. ജോലിക്കിടയിൽ ഇരിക്കാനും വിശ്രമിക്കാനുമുള്ള അവസരത്തിനായി വിവിധ കേന്ദ്രങ്ങളിൽ സ്ത്രീതൊഴിലാളികൾ സമരരംഗത്തിറങ്ങിയിരുന്നു. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഇരിപ്പിടം നിയമപരമായ അവകാശമാക്കി മാറ്റി എൽഡിഎഫ് സർക്കാർ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.  പതിനായിരക്കണക്കിന് സ്ത്രീതൊഴിലാളികളുടെ അന്തസ്സും മനുഷ്യാവകാശങ്ങളും  സംരക്ഷിക്കുന്ന തീരുമാനമാണ് സർക്കാർ എടുത്തത്. തൊഴിലിടങ്ങളിൽ ഇരിപ്പിടം ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ ഏറെക്കാലമായി പരാതി ഉന്നയിച്ചുവരികയാണ്. നിയമഭേദഗതിയിലൂടെ ഇരിപ്പിടം അവരുടെ അവകാശമായി മാറി.

വൈകീട്ട് ഏഴുമുതൽ പുലർച്ചെ ആറ് മണിവരെ സ്ത്രീകളെ ജോലി ചെയ്യിക്കരുതെന്ന നിലവിലെ  വ്യവസ്ഥയിൽ മാറ്റം വരുത്തി വൈകീട്ട് ഒമ്പതു മണി വരെ സ്ത്രീതൊഴിലാളികളെ ജോലിക്ക് നിയോഗിക്കാമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതോടൊപ്പം  മതിയായ സുരക്ഷ, താമസസ്ഥലത്തേക്ക് യാത്രാസൗകര്യം എന്നിവ ഉറപ്പുവരുത്തിക്കൊണ്ട് രാത്രി ഒമ്പതു മണി മുതൽ പുലർച്ചെ ആറു മണിവരെ സ്ത്രീകളെ അവരുടെ അനുവാദത്തോടെ ജോലിക്ക് നിയോഗിക്കാം. രാത്രി ഒമ്പതിനുശേഷം രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് തൊഴിലാളികൾ അടങ്ങുന്ന ഗ്രൂപ്പായി മാത്രമേ ജോലിക്ക് നിയോഗിക്കാവൂ.

ആഴ്ചയിൽ ഒരു ദിവസം കടകൾ അടച്ചിടണമെന്ന വ്യവസ്ഥ ഒഴിവാക്കി.  ആഴ്ചയിൽ ഒരുദിവസം തൊഴിലാളികൾക്ക് അവധി നൽകണമെന്ന് വ്യവസ്ഥ ചെയ്തു. അപ്രന്റീസുകൾ ഉൾപ്പെടെ ഏത് സ്ഥാപനത്തിലും ജോലിചെയ്യുന്ന എല്ലാ വിഭാഗം  തൊഴിലാളികളെയും ഗസറ്റ് വിജ്ഞാപനം വഴി തൊഴിലാളി എന്ന നിർവചനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥ നിയമത്തിൽ ഉൾപ്പെടുത്തി. ഇതിനായി തൊഴിലാളി എന്ന പദത്തിന്റെ നിർവചനം വിപുലപ്പെടുത്തും.

നിയമലംഘനങ്ങൾക്കുള്ള പിഴ നിയമഭേദഗതിയിലൂടെ വർധിപ്പിച്ചു. നിയമത്തിലെ വ്യവസ്ഥകൾ ലംഘിക്കുന്ന തൊഴിലുടമകൾക്കുള്ള പിഴ ഓരോ വകുപ്പിനും അയ്യായിരം രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു. നിയമലംഘനം ആവർത്തിക്കുന്നവർക്ക് ചുമത്തുന്ന പിഴ പതിനായിരം രൂപയിൽ നിന്ന് രണ്ടു ലക്ഷം രൂപയായി ഉയർത്തി. സ്ഥാപനത്തിൽ തൊഴിലാളികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഒരുതൊഴിലാളിക്ക് 2500 രൂപ എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുക. കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമപ്രകാരം സ്ഥാപന ഉടമകൾ സൂക്ഷിക്കേണ്ട രജിസ്റ്ററുകൾ ഇലക്‌ട്രോണിക് ഫോർമാറ്റിൽ സൂക്ഷിക്കാൻ ഉടമകൾക്ക് അനുമതി നൽകിയിട്ടുണ്ട്.
 
1960ലെ കേരള ഷോപ്പ്‌സ് ആന്റ്‌ കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആക്ടിന്റെ പരിധിയിൽ മൂന്നരലക്ഷം സ്ഥാപനങ്ങൾ ഉണ്ടെന്നാണ് കണക്ക്.  ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 35 ലക്ഷം തൊഴിലാളികൾ നിയമത്തിന്റെ പരിധിയിൽ വരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top