കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ മൂലസ്ഥാനത്തിന് നേരെ ആക്രമണം: വിഗ്രഹം തകർത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 25, 2023, 12:25 AM | 0 min read

കൊടുങ്ങല്ലൂർ
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന ക്ഷേത്രത്തിനുനേരെ ആക്രമണം. വിഗ്രഹവും ദീപസ്തംഭവും അടിച്ചു തകർത്തു.ക്ഷേത്രത്തിന് കേടുവരുത്തി. ആക്രമണം നടത്തിയ തിരുവനന്തപുരം പാറശാല കാരോട് കൊടിക്കത്തറക്കുഴി പുത്തൻവീട്ടിൽ രാമചന്ദ്രനെ (43)പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. ഇയാൾ മുമ്പ് മാനസിക രോഗത്തിന് ചികിത്സ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽനിന്ന് 100 മീറ്റർ തെക്കായി ദേശീയപാതയ്‌ക്കരികിൽ   മൂലസ്ഥാനക്ഷേത്രത്തിനുനേരെ ചൊവ്വാഴ്‌ച രാവിലെ അഞ്ചിനായിരുന്നു ആക്രമണം. മേൽക്കൂരയില്ലാത്ത ക്ഷേത്രത്തിന്റെ ഇരുമ്പുവാതിലിന്റെ താഴു തകർത്ത് അകത്തുകയറിയ അക്രമി ഇരുമ്പുപൈപ്പ് ഉപയോഗിച്ചാണ്  വിഗ്രഹവും ദീപസ്തംഭവും തകർത്തത്.  ഈ വഴി കടന്നുപോയ നാട്ടുകാർ  ക്ഷേത്രത്തിൽ അക്രമം നടത്തുന്ന വിവരം പൊലീസിനെ അറിയിച്ചു. ക്ഷേത്രത്തിന്റെ മൂലയിൽ പതുങ്ങിയിരിക്കുന്ന അക്രമിയെ പൊലീസ് കണ്ടെത്തി. ഇതോടെ ഇയാൾ അക്രമാസക്തനായി പൊലീസിനും നാട്ടുകാർക്കും നേരെ ഇരുമ്പുപൈപ്പ് വീശി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന നാട്ടുകാരും പൊലീസും ബലപ്രയോഗത്തിലൂടെയാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്. വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും ഇയാൾ അക്രമാസക്തനായി പൊലീസ്ജീപ്പിന്റെ ചില്ല് തകർക്കാൻ ശ്രമിച്ചു. കുറച്ചു ദിവസമായി ശ്രീ കാളീശ്വരി തിയറ്ററിന് സമീപം ലോഡ്ജിൽ താമസിക്കുകയായിരുന്ന ഇയാൾ  കൂട്ടുകാരനുമായി ബൈപാസ് റോഡിൽ പെട്ടിക്കട തുടങ്ങാനാണ് കൊടുങ്ങല്ലൂരിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊടുങ്ങല്ലൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. ക്ഷേത്രം ആക്രമിച്ച കേസ് കൊടുങ്ങല്ലൂർ എസ്ഐ രവികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home