27 July Saturday
ലോകമേ ഒപ്പമുണ്ടാവണം

രാജ്യത്തെ ആദ്യത്തെ ട്രാൻസ്‌മെൻ അമ്മയാകാൻ സഹദ്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023
 
സ്വന്തം ലേഖകൻ
കോഴിക്കോട്‌ 
രാജ്യത്തെ ആദ്യത്തെ ട്രാൻസ്‌മെൻ അമ്മയെന്ന വിശേഷണത്തോടെ ചരിത്രത്തിലേക്ക്‌ നടന്നുകയറാനൊരുങ്ങുകയാണ്‌ സഹദ്‌. പെണ്ണിലേക്കുള്ള യാത്രയെ പാതിവഴിയിൽ നിർത്തി സിയ പവലെന്ന ജീവിതപങ്കാളിയുമുണ്ട്‌ ഈ വിപ്ലവത്തിനൊപ്പം. കൺമണിയുടെ പിറവിക്കുശേഷം പത്തുമാസം ചുമന്ന അമ്മ അച്ഛനായും അച്ഛൻ അമ്മയായും പകർന്നാട്ടം നടത്തുകയെന്ന അപൂർവതയെയും നയിക്കുന്നുണ്ട്‌ ഈ പങ്കാളികൾ. ട്രാൻസ്‌ സമൂഹത്തിന്റെ ജീവിതത്തെ അടിമുടി മാറ്റിമറിക്കുന്ന പിറവിക്ക്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയാണ്‌ മാർച്ചിൽ ഇടമാവുക.   
 തീർത്തും അവിശ്വസനീയമെന്ന്‌ തോന്നാവുന്ന കഥയാണ്‌ തിരുവനന്തപുരം സ്വദേശിയായ സഹദും മലപ്പുറത്തുകാരിയായ സിയ പവലും ലോകത്തോട്‌ പറയുക. സഹദിനെ ഈ മാസം 13ന്‌  ആശുപത്രിയിൽ പ്രവേശിപ്പിക്കും. മാർച്ച്‌ ആദ്യവാരത്തിലാവും പ്രസവം.  സ്വാഭാവിക രീതിയിലായിരുന്നു സിയാദിന്റെ ഗർഭധാരണം.  
  ‘‘ആണായാലും പെണ്ണായാലും ഒരേ സന്തോഷത്തോടെ ഞങ്ങൾ ഏറ്റുവാങ്ങും. ഭാവി ജീവിതത്തിൽ അവർ ലിംഗമാറ്റം തെരഞ്ഞെടുത്താലും ആഗ്രഹത്തിനൊപ്പം ഞങ്ങളുണ്ടാവും. മതവും ജാതിയും ലിംഗവിവേചനവും ഇല്ലാതെ കുഞ്ഞ്‌ വളരട്ടെ’’. 
 കോഴിക്കോട്‌ ഉമ്മളത്തൂരിലെ  വാടകവീട്‌ കുഞ്ഞിനെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്‌.  ദത്തെടുക്കുന്നതിലുള്ള സങ്കീർണമായ നിയമനടപടികളാണ്‌ സ്വാഭാവിക ഗർഭധാരണത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണത്തിന്‌ ഈ പങ്കാളികളെ പ്രേരിപ്പിച്ചത്‌. സിയ പെണ്ണാവാനും സഹദ്‌ ആണാവാനുമുള്ള ഹോർമോൺ ചികിത്സയിലായിരുന്നു അപ്പോൾ. ശാരീരിക പരിശോധനകൾക്കുശേഷം സ്വാഭാവിക ഗർഭധാരണം സാധ്യമാണെന്ന്‌ ഡോക്ടർമാർ വിധിച്ചതോടെയാണ്‌ ഇരുവരും ചികിത്സ നിർത്തിഒരുക്കം തുടങ്ങിയത്‌. സഹദ്‌ മാറിടം ശസ്‌ത്രക്രിയയിലൂടെ നീക്കിയിരുന്നു.  
 പ്രസവശേഷം സഹദിന്റെ ഗർഭപാത്രം നീക്കംചെയ്യും. ഭരതനാട്യത്തിൽ ഡോക്ടറേറ്റ്‌ സ്വപ്നം കാണുന്ന സിയ വിദൂരവിദ്യാഭ്യാസത്തിലൂടെ പഠനം പുനരാരംഭിച്ചു. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്‌ സഹദ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top