01 June Thursday
ജനകീയ പ്രതിരോധ ജാഥ

ഇളകിമറിഞ്ഞെത്തി തെക്കൻ മലയോരം

അസീം താന്നിമൂട്‌Updated: Saturday Mar 18, 2023
നെടുമങ്ങാട് 
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് നെടുമങ്ങാട് മണ്ഡലമൊരുക്കിയത് ആവേശോജ്വല സ്വീകരണം. വൈകിട്ട് മൂന്നരയോടെയാണ് ജാഥ എത്തിയത്. വെഞ്ഞാറമൂട്ടിലെ സ്വീകരണശേഷം തൈക്കാടെത്തിയ ജാഥാ ക്യാപ്റ്റനെയും അംഗങ്ങളെയും ചെങ്കൊടിയേന്തി ബുള്ളറ്റുകളിലെത്തിയ സിപിഐ എം പ്രവർത്തകർ  നെടുമങ്ങാട് നഗരത്തിലേക്ക്‌ സ്വീകരിച്ചാനയിച്ചു. ചന്തമുക്കിൽ ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനെ സ്വീകരിച്ചു. 
തുടർന്ന് തുറന്ന ജീപ്പിൽ വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും ബങ്കറ നൃത്തച്ചുവടുകളുടെയും അകമ്പടിയോടെ കച്ചേരി ജങ്ഷനിലേക്ക്‌ ആനയിച്ചു. അവിടെ റെഡ് വളന്റിയർമാരുടെ പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന്‌, സ്വീകരണകേന്ദ്രമായ കല്ലിംഗൽ ഗ്രൗണ്ടിലേക്ക്‌ ജാഥ തിരിച്ചു. സ്വാഗതസംഘം ജനറൽ കൺവീർ ആർ ജയദേവൻ ജാഥാക്യാപ്റ്റനെയും അംഗങ്ങളെയും സ്വീകരിച്ചു. അയ്യൻകാളിയുടെ ഛായാചിത്രം നൽകി പികെഎസും കാർഷികോൽപ്പന്നങ്ങൾ നൽകി കർഷകസംഘവും വ്യത്യസ്തങ്ങളായ ഉപഹാരങ്ങൾ കൈമാറി. ജില്ലാ കമ്മിറ്റിയംഗം എസ് എസ് രാജലാൽ അധ്യക്ഷനായി. ആർ ജയദേവൻ സ്വാഗതം പറഞ്ഞു. 
ജാഥാംഗങ്ങളായ കെ ടി ജലീൽ, ജയ്ക് സി തോമസ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി ജോയി, കടകംപള്ളി സുരേന്ദ്രൻ, ശിവൻകുട്ടി, സി ജയൻബാബു, എ എ റഹിം എംപി, എം വിജയകുമാർ, ജില്ലാ കമ്മിറ്റിയംഗം കെ പി പ്രമോഷ്, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ഷിജൂഖാൻ, നഗരസഭാ ചെയർപേഴ്സൺ സി എസ് ശ്രീജ, നെടുമങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് വി അമ്പിളി, എസ് കെ ആശാരി, ചെറ്റച്ചൽ സഹദേവൻ, ജെ അരുന്ധതി, സ്വാഗതസംഘം ചെയർമാൻ ബി ചക്രപാണി  തുടങ്ങിയവർ പങ്കെടുത്തു. രക്തസാക്ഷികളായ കൂക, എൻ സി പാണി, രാജീവ് പ്രസാദ്, മിഥിലാജ് എന്നിവരുടെ കുടുംബങ്ങളും പങ്കെടുത്തു.
 
ഹൃദയം നൽകി അരുവിക്കര
എ എസ് ശരത്
ആര്യനാട്
തോട്ടം തൊഴിലാളി മുന്നേറ്റങ്ങളുടെയും ഭൂസമരങ്ങളുടെയും പ്രോജ്വല സ്മരണകളിരമ്പുന്ന ജില്ലയുടെ കിഴക്കൻ മലയോരത്ത് ജനകീയ പ്രതിരോധ ജാഥയ്ക്ക് ആവേശോജ്വല വരവേൽപ്പ്. അരുവിക്കര മണ്ഡലം അക്ഷരാർഥത്തിൽ ജാഥയെ ഹൃദയത്തിലേറ്റുകയായിരുന്നു. ജാഥയെത്തും മുമ്പെ സ്വീകരണകേന്ദ്രമായ ആര്യനാട്‌ ജങ്‌ഷനിലെ വേദിയിൽ നാടൻ പാട്ടുസംഘം സദസ്സിനെ ഇളക്കിമറിച്ചു. വൈകിട്ട് നാലിന് ആര്യനാട് എത്തിച്ചേർന്ന ജാഥയ്‌ക്ക് സ്നേഹനിർഭരമായ വരവേൽപ്പാണ് അരുവിക്കര സമ്മാനിച്ചത്. കേരളീയ വേഷം ധരിച്ച് മുത്തുക്കുടയേന്തിയ വനിതകളും മതനിരപേക്ഷത ഉയർത്തിക്കാട്ടിയ വസ്ത്രധാരണ രീതിയിൽ കുഞ്ഞുങ്ങളും ഘോഷയാത്രയ്‌ക്ക് മുമ്പിൽ അണിനിരന്നു. ചെണ്ടമേളവും ബാൻഡ്‌മേളവുമുണ്ടായിരുന്നു. പുലികളിയും പൂക്കാവടിയും ജാഥയ്‌ക്ക് പകിട്ടേകി. തുറന്ന വാഹനത്തിലെത്തിയ ജാഥാനായകൻ എം വി ഗോവിന്ദനെ വളന്റിയർമാർ വേദിയിലേക്ക് ആനയിച്ചു. ഇടയ്‌ക്കുപെയ്ത വേനൽ മഴയിലും ജാഥയുടെ ആവേശം ഇരട്ടിയായിരുന്നു. 
ജി സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായി.  ജാഥാംഗങ്ങളായ എം സ്വരാജ്, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, ജില്ലാ സെക്രട്ടറി വി ജോയി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, എ എ റഹിം,  കടകംപള്ളി സുരേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ എസ് സുനിൽ കുമാർ, ജില്ലാ കമ്മിറ്റി അംഗം വി കെ മധു, കാട്ടാക്കട ഏരിയ സെക്രട്ടറി കെ ഗിരി തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി എൻ ഷൗക്കത്തലി സ്വാഗതവും ബി അശോകൻ നന്ദിയും പറഞ്ഞു.
 
ചെങ്കടലായി പേയാട്‌
പേയാട് 
പേയാടിനെ ചെങ്കടലാക്കി മാറ്റിയാണ് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് സ്വീകരണം നൽകിയത്. കാട്ടാക്കട മണ്ഡലത്തിലെ സ്വീകരണ വേദിയിലേക്ക്‌ ആയിരക്കണക്കിനാളുകൾ ഒഴുകിയെത്തി. വൈകിട്ട്‌ അഞ്ചിനായിരുന്നു സ്വീകരണം നിശ്ചയിച്ചിരുന്നത്‌. എന്നാൽ ജാഥയെത്തിയപ്പോൾ എട്ടായി. മുളയറയിൽനിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ   ജാഥയ്‌ക്ക്‌ അകമ്പടിയായി.  
വിളപ്പിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ റെഡ് വളന്റിയർ മാർച്ചോടെ ക്യാപ്‌റ്റനെ സ്വീകരിച്ചു. സംഘാടക സമിതി ചെയർമാൻ ഐ ബി സതീഷ് അധ്യക്ഷനായി. കൺവീനർ എം എം ബഷീർ സ്വാഗതം പറഞ്ഞു. ജാഥാ മാനേജർ പി കെ ബിജു, ജാഥാ അംഗം കെ ടി ജലീൽ എന്നിൽ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, എ എ റഹിം, ജില്ലാ സെക്രട്ടറി വി ജോയി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പുത്തൻകട വിജയൻ, കെ എസ് സുനിൽകുമാർ, കെ സി വിക്രമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഐ സാജു , എസ് കെ പ്രീജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു. ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദൻ രക്തസാക്ഷി കുടുംബാംഗങ്ങളെ ആദരിച്ചു. സ്വീകരണവേദിയിൽ പാട്ടുമേളവും കളരിപ്പയറ്റും ശിങ്കാരിമേളവും ചാക്യാർ കണ്ട കേരളം നാടകവും അരങ്ങേറി.
 
വേറിട്ട കാഴ്ചയായി 
തനിനാടൻ ചായക്കട
ആര്യനാട്
ജനകീയ പ്രതിരോധ ജാഥയുടെ അരുവിക്കര മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ ആര്യനാട്ടെ വേറിട്ട കാഴ്ച ഡിവൈഎഫ്ഐ അരുവിക്കര മണ്ഡലം കമ്മിറ്റി ആരംഭിച്ച തനിനാടൻ ചായക്കട തന്നെയായിരുന്നു. 
കട്ടൻചായയും പപ്പടവടയുമായിരുന്നു കടയിലെ താരം. ജാഥയുടെ വ്യത്യസ്തമായ പ്രചാരണങ്ങളുടെ ഭാഗമായി തുടങ്ങിയ ചായക്കടയിൽ സ്വീകരണദിവസവും വലിയ പങ്കാളിത്തമുണ്ടായി. 
സൗജന്യവിൽപനയും താൽപര്യമുള്ളവർക്ക് കടയിൽ സ്ഥാപിച്ച ബോക്സിൽ തുക നിക്ഷേപിക്കുകയും ചെയാവുന്നതായിരുന്നു രീതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top