27 July Saturday
പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

കടുവയെ വെടിവച്ച് കൊല്ലണം

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

 റാന്നി

പെരുനാട്, വടശേരിക്കര മേഖലയിൽ കടുവയുടെ ആക്രമണവും സാന്നിധ്യവും  തുടർച്ചയായി  ഉണ്ടാവുന്ന സാഹചര്യത്തിൽ കടുവയെ വെടിവെച്ചുകൊല്ലാൻ പ്രത്യേക  ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ആവശ്യപ്പെട്ടു. കടുവയ്ക്കായി വനപാലകർ നടത്തിയ തിരച്ചിൽ ഫലം കാണാത്ത സാഹചര്യമുണ്ടായി. കടുവയുടെ സാന്നിധ്യം ഉണ്ടായ സ്ഥലങ്ങളിൽ കൂട് വച്ചു. 
ഡ്രോൺ ഉപയോഗിച്ച് വ്യാപകമായ തെരച്ചിൽ നടത്തി രാപ്പകൽ വ്യത്യാസമില്ലാതെ നിരീക്ഷണവും നടത്തി. എന്നിട്ടും കടുവയെ കണ്ടെത്താനായില്ല. കടുവ മറ്റു ജനവാസ മേഖലകളിലേക്ക് പോവുകയാണ് ചെയ്യുന്നത് . സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ കടുവ സ്കൂളിൽ പോകുന്ന കുട്ടികൾക്കും ഭീഷണിയാകും. ഈ സാഹചര്യങ്ങൾ കണക്കിലെടുത്താണ് കേന്ദ്ര വനം നിയമത്തിലെ നിയമപരമായ സങ്കീർണതകൾ പരിഹരിച്ച് കടുവയെ കണ്ടാലുടൻ വെടിവയ്ക്കുന്നതിന് ഉത്തരവിറക്കണമെന്ന്‌ എംഎൽഎ വനം മന്ത്രി എ കെ ശശീന്ദ്രനോട്  ആവശ്യപ്പെട്ടു. ഇതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുകയും ചെയ്യണം.
      ഒരു മാസത്തിന് മുമ്പ് പെരുനാട് ബഥനി പുതുവേലിൽ ആരംഭിച്ച കടുവാ ഭീഷണി ഇപ്പോഴും തുടരുകയാണ്. ബഥനി പുതുവൽ ഭാഗത്ത് മാത്രമല്ല വടശേരിക്കര പേഴുംപാറ, ബൗണ്ടറി, ഒളികല്ല്. കുമ്പളത്താമൺ, ബ്രദർ മുക്ക്, ചമ്പോൺ മേഖലകളിലെല്ലാം കടുവയുടെ സാന്നിധ്യം അറിഞ്ഞിരിക്കുകയാണ് - നിരവധി വളർത്തുമൃഗങ്ങളെയും ഇതിനോടകം പലഭാഗങ്ങളിൽ നിന്നായി കടുവ കൊന്നു. പലരും കടുവയെ നേരിട്ട് കാണുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. ഇനിയും കടുവ നാട്ടിലിറങ്ങിയ വിഹരിച്ചാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് സർക്കാർ ബാധ്യസ്ഥരാണ്. ഈ സാഹചര്യങ്ങളിൽ കേന്ദ്ര വനം നിയമത്തിലെ  സങ്കീർണ്ണതകൾ ഒഴിവാക്കി കടുവയെ വെടിവെച്ചു കൊല്ലുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം . ഇല്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് ഇട നൽകുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top