05 June Monday
ആടിനെ കൊന്നു

കുമ്പളത്താമൺ ഭാഗത്തും കടുവയെത്തി

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023

രാമചന്ദ്രൻ നായർ കടുവ കയറിയ ആട്ടിൻകൂട്ടിന് മുമ്പിൽ

റാന്നി
കടുവ ബുധനാഴ്ച എത്തിയത് കുമ്പളത്താ മണ്ണിൽ. കുമ്പളത്താമൺ മണപ്പാട്ട് രാമചന്ദ്രൻ നായരുടെ ഗർഭിണിയായ ആടിനെ കൊന്നാണ് ഈ ഭാഗത്തും കടുവ ഭീഷണി ഉയർത്തിയിരിക്കുന്നത്. കാട്ടുപന്നി കയറാതിരിക്കാൻ നിർമിച്ച ഷീറ്റ് വേലി ചാടിക്കടന്നാണ് വ്യാഴാഴ്ച വെളുപ്പിനെ വീടിനോട് ചേർന്നുള്ള ആട്ടിൻകൂട്ടിന് സമീപം കടുവ എത്തിയത്. ആട്ടിൻകൂടിന്റെ കമ്പിവല ഉപയോഗിച്ച് നിർമിച്ചിരുന്ന വാതിൽ അടിച്ചുപൊളിച്ചാണ് കടുവ അകത്തു കയറിയത്. ഗർഭിണിയായ ആടിനെ ഒറ്റയ്ക്കായിരുന്നു കെട്ടിയിരുന്നത്‌.  മറ്റ് ആടുകൾ ഒരു കമ്പിവലയ്ക്ക് അപ്പുറമായിരുന്നു. ഗർഭിണിയായ ആടിനെ കടിച്ചു വലിച്ചു കൊണ്ട് പുറത്തേക്ക് പോയി. തുടർന്ന്‌ പുരയിടത്തിന് ചുറ്റും പന്നി കയറാതിരിക്കാൻ കെട്ടിയിരുന്ന വേലി തകർത്താണ് ആടിനെയും കൊണ്ട് തൊട്ടപ്പുറത്തുള്ള  വനത്തിനോട് ചേർന്നുള്ള റബർ തോട്ടത്തിലേക്ക് പോയത്. ഇവിടെയിട്ടാണ് ആടിനെ കടുവ കൊന്നത്. രാവിലെ വീട്ടുകാർ ആട്ടിൻ കൂട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. തൊട്ടടുത്ത്‌ കാൽപ്പാടുകൾ കണ്ടപ്പോൾ തന്നെ പിടിച്ചത് കടുവയാണെന്ന് മനസ്സിലായി. കാൽപ്പാടുകൾ പിന്തുടർന്ന് എന്നപ്പോഴാണ് ആടിന്റെ അവശിഷ്ടങ്ങൾ കിട്ടിയത്. 
ഇവിടെ ആനയും പന്നിയും ഇറങ്ങുന്നത് സ്ഥിരമായതിനാൽ ശബ്ദം കേട്ടാൽ കാര്യമാക്കാറില്ലെന്ന് വീട്ടുകാർ പറഞ്ഞു. കഴിഞ്ഞദിവസവും വീടിന് തൊട്ടടുത്തു വരെ കാട്ടാന എത്തിയിരുന്നു. വാഴ ഉൾപ്പെടെയുള്ള കൃഷികൾ മുഴുവൻ നശിപ്പിച്ചിരുന്നു. എന്നാലും കടുവ ഭീഷണി ഉണ്ടാകുന്നത് ഇതാദ്യമാണെന്ന് വീട്ടുകാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top