27 July Saturday
കെ എൻ ഭാസ്കരൻ പിള്ള പുരസ്കാരം

പുതുവാക്കൽ ഗ്രാമീണ വായനശാല 
ജില്ലയിൽ ഒന്നാമത്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
പന്തളം
മികച്ച വായനശാലയ്ക്കുള്ള കെ എൻ ഭാസ്കരൻ പിള്ള പുരസ്കാരം കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയ്ക്ക്.  ജില്ല ലൈബ്രറി കൗൺസിൽ ജില്ലയിലെ ഏറ്റവും മികച്ച വായനശാലയ്ക്കു നൽകുന്ന 2022 ലെ പുരസ്കാരത്തിനാണ് കുളനട പുതുവാക്കൽ ഗ്രാമീണ വായനശാലയെ തെരഞ്ഞെടുത്തത്.വായനയ്ക്കും വായന ഇതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകി ജില്ലയിലെ മികച്ച വായനശാലകളുടെ പട്ടികയിൽ എ ഗ്രേഡോടെ ഉൾപ്പെട്ടിട്ടുണ്ട്‌ പുതുവാക്കൽ ഗ്രാമീണ വായനശാല. 
തുരുത്തിക്കാട് ബിഎഎം കോളജ് സ്ഥാപകൻ റവ. ഡോ. ടി സി ജോർജിന്റെ സ്മരണയ്ക്കായി ഗ്രാമീണ മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം  2022ൽ ലഭിച്ചതും പുതുവാക്കൽ ഗ്രാമീണ വായനശാലയ്ക്കാണ്. 
കുട്ടികളുടെ സമഗ്ര വികാസത്തിനായി തുടങ്ങിയ കുട്ടിക്കൂട്ടം ബാലവേദിയും ആരോഗ്യ സംരക്ഷണവും പരിസ്ഥിതി സംരക്ഷണപ്രചാരണവും ലക്ഷ്യമിട്ട് തുടങ്ങിയ പെഡൽ സൈക്കിൾ ക്ലബ്ബും വായനശാലയിൽ സജീവമാണ്. സൈക്കിളിൽ ഒറ്റയ്ക്ക് 6,000 കിലോമീറ്റർ സഞ്ചരിച്ചു ലഡാക് യാത്ര നടത്തിയ ഗോപു ഗോപാലൻ, ഇന്ത്യയിൽ അത്ര പ്രചാരമില്ലാത്ത റിക്കംബന്റ് സൈക്കിൾ നിർമിച്ച് തിരുവനന്തപുരത്തു നിന്ന് കശ്മീർ വരെ പൈതൃക നെൽവിത്തുൾപ്പെടെയുള്ള കാർഷിക ഉൽപന്നങ്ങളുടെ പ്രചാരണാർഥം സൈക്കിൾ യാത്ര നടത്തുന്ന എസ് മനുലാൽ എന്നിവർ പുതുവാക്കൽ വായനശാല പെഡൽ സൈക്കിൾ ക്ലബ് അംഗങ്ങളാണ്. മാർച്ച്‌ 31 ന് പത്തനംതിട്ടയിൽ ജില്ലാ ലൈബ്രറി കൗൺസിൽ നടത്തുന്ന കടമ്മനിട്ട അനുസ്മരണ പരിപാടിയിൽ പുതുവാക്കൽ വായനശാലയ്ക്കുള്ള പുരസ്ക്കാരം നൽകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top