27 July Saturday
വിഷുക്കാലം സമൃദ്ധമാകും

വിളഞ്ഞുനിൽപ്പൂ പാടങ്ങൾ

ജി സതീശൻUpdated: Saturday Apr 1, 2023

ശശിധരൻ നായർ തന്റെ കൃഷിയിടത്തിൽ

കൊടുമൺ 
വേനൽക്കാല പച്ചക്കറിയുടെ വിളവെടുപ്പ് കാലം.  പച്ചക്കറി കൃഷി ഉപജീവനമാർഗമാക്കി മാറ്റിയ നിരവധി കർഷകരുള്ള സ്ഥലമാണ് ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ്. പാവൽ, വെള്ളരി, വഴുതന, വെണ്ട, കോവൽ തുടങ്ങി വിവിധതരം പച്ചക്കറികൾ വിളഞ്ഞു തുടങ്ങി. കരകൃഷി റബറിനും തെങ്ങിനും വഴി മാറിയപ്പോൾ വയലുകളെയാണ് കർഷകർ പച്ചക്കറി കൃഷിക്കായി പ്രധാനമായി ആശ്രയിക്കുന്നത്. വയലുകളിൽ തറയെടുത്ത് പച്ചക്കറി കൃഷി നടത്തുന്നു. നാടൻ കൃഷി രീതിയാണ് ഇപ്പോഴും പിന്തുടരുന്നത്. ജൈവ വളങ്ങൾ മാത്രം ഉപയോഗിക്കുന്നു. 
കൃത്രിമ കീടനാശിനികളില്ലാതെ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് ആവശ്യക്കാരേറെയാണെന്ന് കർഷകരും സാക്ഷ്യപ്പെടുത്തുന്നു. കൂലിക്കാരില്ലാതെ സ്വന്തമായിട്ടാണ് കൃഷിപ്പണി എല്ലാം ചെയ്യുന്നത്. ഏഴംകുളം അറുകാലിക്കൽ കല്ലേത്ത്, സുരേന്ദ്രൻ നായർ, പ്രദീപ് ഭവനിൽ, ശശിധരൻ നായർ, അറുകാലിക്കൽ തെക്കം ചേരിൽ കൊച്ചുകുട്ടൻ നായർ എന്നിവരാണ് പ്രദേശത്തെ പ്രധാന കൃഷിക്കാർ. അതിരാവിലെ കൃഷിത്തോട്ടത്തിലെത്തുന്ന കർഷകർ വെയിലിന്റെ തീവ്രത അറിയുമ്പോഴാണ് വിശ്രമത്തിനായി കരയ്ക്കുകയറുന്നത്. സ്വന്തമായിട്ടുള്ളതും പാട്ടത്തിനുമായി ഏകദേശം 60, 70 സെന്റ് വീതമാണ് ഒരാളിന്റെ ഉടമസ്ഥതയിൽ കൃഷി ചെയ്യുന്നത്. അവർക്ക് സീസൺ ഒരു പ്രശ്നമല്ല. പയർ വിളവെടുപ്പ് കഴിഞ്ഞാൽ ഉടൻതന്നെ മറ്റൊരു വിളയായ പാവലോ, പടവലമോ മാറ്റി ചെയ്തിരിക്കും. വിള മാറി ചെയ്യുന്നത് മൂലം മണ്ണിന്റെ ഫലഭൂയിഷ്ഠിത ഇരട്ടിയായി വർധിക്കുമെന്നാണ് കർഷകർ പറയുന്നത്. കർഷകർക്ക് ആവശ്യമായ വിത്തുക്കളും തൈകളും വളവുമെല്ലാം സബ്സിഡിയായി പലപ്പോഴും കൃഷിഭവനിൽനിന്ന് ലഭിക്കുമെങ്കിലും കർഷകർ എപ്പോഴും കൃഷിക്കുപയോഗിക്കുന്നത് അവർ നട്ടുവളർത്തുന്ന വിത്തു തന്നെ. വേനൽക്കാലത്താണ് പച്ചക്കറി കൃഷി വ്യാപകമാകുന്നതും നല്ല വിളവ്‌ ലഭിക്കുന്നതും. എങ്കിലും ഇക്കുറിയുണ്ടായ കനത്ത വേനൽകൃഷിയെ ദോഷകരമായി ബാധിച്ചതായി ഇവർ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top