27 July Saturday
13.4 ലക്ഷം ക്യുബിക് മീറ്റർ മണ്ണും ചെളിയും നീക്കും

വാളയാർ അണക്കെട്ടിൽ 
ആഴംകൂട്ടൽ തുടങ്ങി

എസ്‌ നന്ദകുമാർUpdated: Sunday Mar 19, 2023

വാളയാർ അണക്കെട്ടിൽനിന്ന്‌ ചെളിയും മണ്ണും നീക്കുന്നു ഫോട്ടോ: പി വി സുജിത്

വാളയാർ  
ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലെയും കിഴക്കൻ മേഖലയിലെയും കർഷകർ പ്രധാനമായും ആശ്രയിക്കുന്ന വാളയാർ അണക്കെട്ടിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കി സംഭരണശേഷി വർധിപ്പിക്കുന്ന പ്രവർത്തനം തുടങ്ങി. പ്രത്യേക പ്ലാന്റ് സ്ഥാപിച്ചാണ്‌ ഖനനം നടത്തുന്നത്. കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപറേഷന്റെ (കെംഡൽ) നേതൃത്വത്തിലാണ്‌ പദ്ധതി നടപ്പാക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായ അവന്തിക കോൺട്രാക്ടേഴ്സ് ലിമിറ്റഡിനാണ്‌ നിർമാണച്ചുമതല. 2022 മെയ് 25 നാണ്‌ ഇതിന്റെ കരാർ നടന്നത്. ഇറിഗേഷൻ വകുപ്പിന്റെ അനുമതിയോടെ കരാർ കമ്പനി തുടർന്ന് സർവേ നടത്തി.
2023 ഫെബ്രുവരി രണ്ടിന്‌ ഡീസിൽ സ്റ്റേഷൻ പ്ലാന്റ്‌ സ്ഥാപിച്ച ശേഷം ഖനനം ആരംഭിച്ചു. വെള്ളം താഴ്ന്ന ഭാഗത്താണ് നിലവിൽ ഖനനം നടക്കുന്നത്. 13.4 ലക്ഷം ക്യുബിക് മീറ്റർ മണ്ണും ചെളിയും അടങ്ങിയ മിശ്രിതമാണ്‌ ഖനനം ചെയ്തെടുക്കുക. പ്ലാന്റിലെ ഫിൽറ്ററൈസേഷൻ സംവിധാനത്തിലൂടെ മണലും ചെളിയും അരിച്ചെടുക്കും. ഹൈടെൻഷൻ ലൈൻ വൈദ്യുതി കണക്‌ഷൻ ലഭിച്ചാലുടൻ ഖനനം ചെയ്തെടുക്കുന്ന മിശ്രിതം 
അടുത്ത ഘട്ടമായി ചെളി, എക്കൽ മണ്ണ്, മണൽ എന്നിവ വേർതിരിച്ചു മാറ്റും. ഇങ്ങനെ വേർതിരിച്ചെടുക്കുന്ന മണൽ നിർമാണ മേഖലയിലേക്കും ചെളി കർഷകർക്കു വളമായും നൽകും. ഡാമിന്റെ വെള്ളത്തിന്റെ ഗുണ നിലവാരത്തെ ബാധിക്കാത്ത രീതിയിലും പരിസ്ഥിതിക്കു ദോഷമാകാത്ത രീതിയിലുമാണു പദ്ധതി നടപ്പാക്കുന്നതെന്ന് ഡാം അസിസ്റ്റന്റ്‌ എൻജിനിയർ മുഹമ്മദ് ബഷീർ പറഞ്ഞു. ഖനനം ചെയ്യാൻ ബുദ്ധിമുട്ടുള്ള പ്രദേശത്ത് ആധുനിക സാങ്കേതിക വിദ്യയായ "ന്യൂമാറ്റിക് ട്രഞ്ചിങ്‌ മെഷീൻ ഉപയോഗിച്ചായിരിക്കും അടുത്ത ഘട്ടത്തിൽ ഖനനം.
2018 ലെ പ്രളയത്തിൽ കുത്തിയൊലിച്ചുവന്ന മണ്ണും ചെളിയുമാണ്‌ അണക്കെട്ടിൽ അടിഞ്ഞുകൂടിയത്‌. അന്ന്‌ ഒന്നാം പിണറായി സർക്കാരാണ്‌ അണക്കെട്ടുകളുടെ ആഴം കൂട്ടാൻ ചെളിയും മണ്ണും നീക്കുമെന്ന്‌ തീരുമാനിച്ചത്‌. 
ഡാമിൽനിന്ന്‌ മീൻപിടിച്ച്‌ ഉപജീവനം നടത്തുന്ന തൊഴിലാളികൾക്ക്‌ മറ്റൊരു സ്ഥലത്ത്‌ മീൻ വളർത്താൻ സൗകര്യമൊരുക്കിയ ശേഷമാണ്‌ ഖനനം ആരംഭിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top