27 July Saturday
■ വിദ്യാർഥികൾക്ക്‌ ദുരിതംതന്നെ

കാത്തുകിടക്കണം 
ബസ് എടുക്കുംവരെ

സ്വന്തം ലേഖകൻUpdated: Thursday Jun 8, 2023

പാലക്കാട് 

സ്കൂൾ തുറക്കും മുമ്പെടുത്ത തീരുമാനങ്ങളൊന്നും ബസുകാരും ഓട്ടോറിക്ഷക്കാരും അറിഞ്ഞ മട്ടില്ല. വിദ്യാർഥികളെ ബസ് എടുക്കുംവരെ പുറത്ത് നിർത്തിയും കുത്തിനിറച്ചുള്ള ഓട്ടോ യാത്രകളും നിർവ്യാജം തുടരുന്നു. സ്‌കൂൾ തുറക്കുംമുമ്പ് മോട്ടോർ വാഹന വകുപ്പ് ബസുടമകൾക്ക് അടക്കം കൃത്യമായ നിർദേശം നൽകിയിരുന്നു. എന്നിട്ടും പതിവുകൾ മാറ്റാതെ ജീവനക്കാർ വിദ്യാർഥികളോട്‌ മനുഷ്യത്വമില്ലാതെ പെരുമാറുകയാണ്. സ്വകാര്യ ബസുകൾ സ്‌റ്റാൻഡിൽനിന്ന്‌ സ്‌റ്റാർട്ട്‌ ചെയ്യുമ്പോൾ മാത്രമാണ് കുട്ടികളെ കയറ്റുന്നത്. അതുവരെ വരിയായി ബസിനുസമീപം നിൽക്കണം. അതിനുമുമ്പ് കയറിയാൽ ജീവനക്കാർ ദേഷ്യപ്പെടുമെന്ന് വിദ്യാർഥികൾ പറയുന്നു. 

സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന ഓട്ടോറിക്ഷ അടക്കമുള്ള വാഹനങ്ങളിലും ദുരിതയാത്രയാണ്. ആറ്‌ വിദ്യാർഥികളെ മാത്രം കയറ്റാവുന്ന ഓട്ടോറിക്ഷകളിൽ 12 മുതൽ 14 വരെ കുട്ടികളെ കുത്തിനിറയ്‌ക്കുകയാണ്‌. ഓട്ടോറിക്ഷകളുടെ പുറകിലും ഡ്രൈവർ സീറ്റിലും വരെ കുട്ടികളെ ഇരുത്തിയാണ് സാഹസിക യാത്ര. ഒരു അപകടം ഉണ്ടാകുംവരെ കാത്ത് നിൽക്കാതെ മോട്ടോർ വാഹന വകുപ്പ് അടക്കം പരിശോധന തുടങ്ങണമെന്നാണ് നാട്ടുകാർ പറയുന്നത്. കൺസഷനുമായി കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന വി​ദ്യാർഥികളോടും യാത്രൊരു വിവേചനവും പാടില്ലെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

മോട്ടോർ വാഹനവകുപ്പിന്റെ നിർദേശങ്ങൾ 

■ രാവിലെ ഏഴുമുതൽ വൈകിട്ട്‌ ഏഴുവരെ കൺസഷൻ നൽകണം

■ രണ്ടാം ശനി പ്രവൃത്തി ദിവസമാണെങ്കിൽ കൺസഷൻ അനുവദിക്കണം

■ സ്‌പെഷ്യൽ ക്ലാസുകൾക്ക്‌ കൺസഷനില്ല

■  സ്‌റ്റാൻഡിൽനിന്ന്‌ ബസ്‌ എടുക്കുന്നതിന്‌ തൊട്ടുമുമ്പ്‌ മാത്രമേ വിദ്യാർഥികൾ കയറാവൂ എന്നൊരു നിയമമില്ല

■ യാത്രാ സൗകര്യം നിഷേധിക്കപ്പെട്ടാൽ മോട്ടോർ വാഹന വകുപ്പ്‌, പൊലീസ്‌ എന്നിവരെ വിവരം അറിയിക്കണം.

 

ബിപിഎൽ വിദ്യാർഥികൾക്ക്‌ കെഎസ്ആർടിസിയിൽ സൗജന്യയാത്ര

പാലക്കാട്‌

സർക്കാർ, എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക്‌ കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. കൺസഷൻ കാർഡ് അനുവദിക്കുന്നതിനുള്ള തുക മാത്രമാണ് വിദ്യാർഥികളിൽനിന്ന്‌ ഈടാക്കുകയെന്ന്‌ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. പരമാവധി പ്രായം 25. കൺസഷൻ കാർഡിന് 10 രൂപയും ഒറ്റതവണ പ്രോസസിങ് ഫീസായി 100 രൂപയും കെഎസ്ആർടിസി ഡിപ്പോയിൽ അടക്കയ‍്ക്കണം. കെഎസ്ആർടിസി ചീഫ് ഓഫീസിൽനിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്ക് സ്വകാര്യ-അൺ എയ്ഡഡ് സ്‌കൂളുകളിലെയും ബിപിഎൽ പരിധിയിലുള്ള വിദ്യാർഥികൾക്ക് സൗജന്യ നിരക്കിൽ യാത്ര അനുവദിക്കും. 

സ്വകാര്യ സ്‌കൂളുകളിലെ എപിഎൽ പരിധിയിലുള്ള ഇൻകം ടാക്സ്, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, ജിഎസ്ടി എന്നിവ നൽകുന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് ആകെ ടിക്കറ്റ് ചാർജിന്റെ 30 ശതമാനം ഇളവ് അനുവദിക്കും. അൺ എയ്ഡഡ് സ്‌കൂളുകളിലെ എപിഎൽ പരിധിയിലുള്ള ഇൻകംടാക്സ്, ഇൻപുട്ട്ടാക്സ് ക്രെഡിറ്റ്, ജിഎസ്ടി എന്നിവ നൽകുന്ന മാതാപിതാക്കളുടെ കുട്ടികൾക്ക് കൺസഷൻ അനുവദിക്കില്ല.

സർക്കാർ, അർധ സർക്കാർ കോളേജ്, പ്രൊഫഷണൽ കോളേജുകളിലെ ഇൻകം ടാക്സ്, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, ജിഎസ്ടി എന്നിവ നൽകാത്ത മാതാപിതാക്കളുടെ കുട്ടികൾക്ക് സൗജന്യയാത്ര ലഭിക്കും. സ്വകാര്യ, അൺ എയ്ഡഡ്, സ്വാശ്രയ കോളേജിലെ ബിപിഎൽ പരിധിയിലുള്ള വിദ്യാർഥികൾക്കും കെഎസ്ആർടിസി സൗജന്യ നിരക്കിൽ യാത്ര ലഭിക്കും.

സ്വകാര്യ സ്വാശ്രയ കോളേജിലെ എപിഎൽ പരിധിയിലുള്ള ഇൻകംടാക്സ്, ഇൻപുട്ട് ടാക്സ് ക്രഡിറ്റ്, ജിഎസ്ടി എന്നിവ നൽകാത്ത മാതാപിതാക്കളുടെ കുട്ടികൾക്ക് 30 ശതമാനം ഇളവായിരിക്കും അനുവദിക്കുക.

ഇൻകം ടാക്സ്, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, ജിഎസ്ടി എന്നിവ നൽകുന്ന മാതാപിതാക്കളുടെ സർക്കാർ, അർധ സർക്കാർ, അൺ എയ്ഡഡ്/ സ്വാശ്രയ കോളേജുകളിലെ കുട്ടികൾക്ക് കൺസഷൻ അനുവദിക്കില്ല. കെഎസ്ആർടിസിയിൽനിന്ന് ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് അതത് ഡിപ്പോയിൽ നൽകണം. സ്‌കൂൾ/കോളേജ് ഐഡി കാർഡ് പകർപ്പ്, ആധാറിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് (കുട്ടികളുടെ പേര്, ബിപിഎൽ/എപിഎൽ തെളിയിക്കുന്ന പേജിന്റെ പകർപ്പ്). എപിഎൽ പരിധിയിൽ വരുന്ന കുട്ടികൾ മാതാപിതാക്കൾ ഇൻകം ടാക്സ്, ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, ജിഎസ്ടി എന്നിവ നൽകുന്നവരല്ല എന്നുള്ള മാതാപിതാക്കളുടെ സത്യവാങ്മൂലവും ഇരുവരുടെയും പാൻ കാർഡിന്റെ പകർപ്പും, രണ്ട് പാസ്പോർട്ട്/സ്റ്റാമ്പ് സൈസ് ഫോട്ടോ എന്നിവയും വേണം. പ്ലസ്ടുവിന് മുകളിൽ കോഴ്സ് സർട്ടിഫിക്കറ്റ് നിർബന്ധമായും നൽകണം. കോഴ്സ് ഏത് വിഭാഗത്തിൽപ്പെടുന്നു എന്നുള്ള സർട്ടിഫിക്കറ്റ് (എയ്ഡഡ്/സ്വാശ്രയ) നൽകണം.

 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top