27 July Saturday

പാലക്കാടിന്‌ 
അവഗണനയുടെ ബജറ്റ്‌

പ്രത്യേക ലേഖകൻUpdated: Thursday Feb 2, 2023
 
പാലക്കാട്‌
പതിവുപോലെ ഇത്തവണയും പാലക്കാടിന്‌ കേന്ദ്രബജറ്റിൽ അവഗണന തന്നെ. റെയിൽ ജങ്ഷനുകളും വ്യവസായ നഗരവും, കാർഷിക മേഖലയും ഉന്നത വിദ്യാഭ്യാസ മേഖലയും ഉൾപ്പെടുന്ന  ജില്ലയ്‌ക്ക്‌ ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല. റെയിൽവേ വികസനത്തിന്‌ വർഷങ്ങളായി കാത്തിരിക്കുന്ന ജനതയ്‌ക്ക്‌ വീണ്ടും അവഗണനയുടെ ചൂളം വിളി. ദീർഘദൂര വണ്ടികളുടെ അറ്റകുറ്റപ്പണി നടത്തുന്ന പിറ്റ്‌ ലൈൻ പദ്ധതിക്ക്‌ ഫണ്ട്‌ അനുവദിച്ചില്ല. റെയിൽവേ കോച്ച്‌ ഫാക്ടറി  സ്വപ്‌നമായി അവശേഷിക്കും. ഇന്റർസിറ്റി, മെമു, പാസഞ്ചർ ട്രെയിനുകൾ കൂടുതൽ ആരംഭിക്കണമെന്നാവശ്യം വീണ്ടും അവഗണിച്ചു. റെയിൽവേയിലെ 3.20 ലക്ഷം ഒഴിവുകൾ നികത്താനുള്ള നടപടികളൊന്നും ബജറ്റിൽ ഇടംപിടിച്ചില്ല.  
പാലക്കാട്‌ ടൗൺ റെയിൽവേ സ്‌റ്റേഷനെ ട്രെയിൻ ഒറിജിനേറ്റിങ് സ്‌റ്റേഷനാക്കി മാറ്റണമെന്ന ആവശ്യത്തിനും  കാത്തിരിക്കണം.  പാസഞ്ചറുകളുടെയും മെമുവിന്റെയുമെങ്കിലും ഒറിജിനേറ്റിങ് സ്‌റ്റേഷനാക്കാനും  നടപടിയില്ല.  
 ഷൊർണൂരിൽ ട്രയാങ്കുലർ സ്‌റ്റേഷൻ എന്നാവശ്യം സ്വപ്‌നമായി തുടരും. 
വ്യവസായ മേഖലയ്‌ക്ക്‌ ഗുണകരമാകുന്ന ഒറ്റ പദ്ധതിയും ബജറ്റിൽ അനുവദിച്ചില്ല. കഞ്ചിക്കോട്‌ ഇൻസ്‌ട്രുമെന്റേഷൻ സംസ്ഥാന സർക്കാരിന്‌ കൈമാറുന്നത്‌ സംബന്ധിച്ച്‌  സൂചനയുമില്ല. ബിജെപി നേതാക്കൾ വലിയ പ്രഖ്യാപനം നടത്തി ജനങ്ങളെ കബളിപ്പിച്ചതാണ്‌ കോച്ച്‌ ഫാക്ടറി. അത്തരം കബളിപ്പിക്കൽ വീണ്ടും ആവർത്തിച്ചു. ഇൻസ്‌ട്രുമെന്റേഷൻ സംസ്ഥാനത്തിന്‌ കൈമാറാനുള്ള നീക്കം ജില്ലയിലെ ബിജെപി നേതൃത്വത്തിന്റെ ഇടപെടലിനെതുടർന്നാണ്‌ മരവിപ്പിച്ചത്‌. അത്‌ ശരിവയ്‌ക്കുന്നതാണ്‌ ഈ ബജറ്റിലെ സമീപനവും.   കോവിഡിന്റെ ആഘാതത്തിൽ നിന്ന്‌ ഇനിയും ഉയരാൻ സാധിക്കാത്ത വ്യവസായ മേഖലയ്‌ക്ക്‌ പുതിയ പദ്ധതികൾ അനിവാര്യമാണ്‌. അതൊന്നുമില്ലാത്തത്‌ ഇനിയുള്ള വികസനത്തിന്‌ തടസമാകും. പ്രത്യേകിച്ച്‌ കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിയുടെ സ്ഥലമെടുപ്പ്‌ പൂർത്തിയാകുന്ന സാഹചര്യത്തിൽ പുതിയ പ്രഖ്യാപനങ്ങൾ ജനങ്ങൾ പ്രതീക്ഷിച്ചു. അതുണ്ടായില്ല. 
തൊഴിലുറപ്പ്‌ പദ്ധതിക്കുള്ള തുക വീണ്ടും കുറച്ചത്‌ കൂടുതൽ ബാധിക്കുക പാലക്കാടിനെയാണ്‌. നിലവിൽ കൂലി കുടിശ്ശികയും തൊഴിൽദിനങ്ങൾ കുറച്ചതും ജനങ്ങളെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിൽ വിഹിതം വീണ്ടും കുറച്ചത്‌ തിരിച്ചടിയാണ്‌. സാധാരണക്കാരുടെ ജീവിതത്തെയും ഇത്‌ ബാധിക്കും. നെല്ലിന്റെയും നാളികേരത്തിന്റേയും താങ്ങുവില വർധിപ്പിക്കാത്തത്‌ കർഷകരോടുള്ള വഞ്ചനയാണ്‌. വളം സബ്‌സിഡി തുക വർധിപ്പിക്കാത്തത്‌ രാസവള വിലവർധനയ്‌ക്കും കാരണമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top