27 July Saturday

കടൽസംരക്ഷണ 
ശൃംഖലയിൽ 2 ലക്ഷംപേർ 
അണിനിരക്കും

സ്വന്തം ലേഖകൻUpdated: Wednesday Sep 27, 2023

     മഞ്ചേശ്വരംമുതൽ  പൊഴിയൂർവരെയുള്ള 
തീരദേശത്ത് 75 കേന്ദ്രങ്ങളിലായാണ്  
ശൃംഖലയൊരുക്കുക

 
തിരൂർ
"കടൽ കടലിന്റെ മക്കൾക്ക്'  മുദ്രാവാക്യമുയർത്തി മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) ഒക്ടോബർ 16ന് നടത്തുന്ന കടൽ സംരക്ഷണ ശൃംഖലയിൽ രണ്ടു ലക്ഷംപേർ അണിനിരക്കുമെന്ന്‌  ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്  കൂട്ടായി ബഷീർ, ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ  എംഎൽഎ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
വൈകിട്ട് അഞ്ചിന്  മഞ്ചേശ്വരംമുതൽ  പൊഴിയൂർവരെയുള്ള തീരദേശത്ത് 75 കേന്ദ്രങ്ങളിലായാണ്  ശൃംഖലയൊരുക്കുക.  മത്സ്യത്തൊഴിലാളികളും ബഹുജനങ്ങളുമടക്കം  രണ്ട് ലക്ഷത്തിലേറെപ്പേർ അണിനിരക്കും. കടൽ സംരക്ഷണ പ്രതിജ്ഞയും തുടർന്ന്‌ പൊതുസമ്മേളനങ്ങളും നടക്കും.   
പരിപാടിയുടെ പ്രചാരണാർഥം ഫെഡറേഷൻ ജനറൽ സെക്രട്ടറി  പി പി ചിത്തരഞ്ജൻ  എംഎൽഎ നയിക്കുന്ന  സംസ്ഥാന കാൽനട ജാഥ  14ന് കാഞ്ഞങ്ങാട്ടുനിന്ന് ആരംഭിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ പര്യടനം ചൊവ്വാഴ്ച പൂർത്തിയാക്കി. ബുധനാഴ്ച  തൃശൂർ ജില്ലയിൽ പ്രവേശിക്കും. ഒക്ടോബർ 14ന്  തിരുവനന്തപുരത്ത് പൂന്തുറയിൽ സമാപിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ  സമാപന സമ്മേളനം ഉദ്ഘാടനംചെയ്യും.  മന്ത്രിമാരായ സജി ചെറിയാൻ,  വി ശിവൻകുട്ടി എന്നിവർ സംസാരിക്കും.  നിപാ നിയന്ത്രണത്തെ തുടർന്ന് ജാഥ നടത്താതിരുന്ന കോഴിക്കോട് ജില്ലയിൽ  ഒക്ടോബർ എട്ടിന് ഉച്ചക്കുശേഷവും 9, 10 തീയതികളിലുമായി  ഉപജാഥ നടത്തും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്  കൂട്ടായി ബഷീർ നേതൃത്വം നൽകും.
 ലക്ഷക്കണക്കിന്  മത്സ്യത്തൊഴിലാളികളുടെ ജീവിതം തകർക്കുന്ന കേന്ദ്ര മറൈൻ ഫിഷറീസ് ബിൽ, ബ്ലൂ ഇക്കണോമി, കടൽ ഖനനം തുടങ്ങിയ പ്രശ്നങ്ങൾ ഉയർത്തി നടത്തുന്ന ക്യാമ്പയിന് വലിയ പിന്തുണയാണ്  തീരദേശവാസികളിൽനിന്ന്‌ ലഭിക്കുന്നത്. 
എൽഡിഎഫ് സർക്കാർ മത്സ്യമേഖലയിലടക്കം നടത്തുന്ന വികസന–- ക്ഷേമ പ്രവർത്തനങ്ങൾ സ്തംഭിപ്പിക്കാൻ ഇടയാക്കുന്ന നിലയിൽ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര  സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്താൻ ക്യാമ്പയിന്‌ കഴിഞ്ഞു. വരുംദിവസങ്ങളിലെ ജാഥയും കടൽസംരക്ഷണ ശൃംഖലയും വൻവിജയമാക്കണമെന്നും ഭാരവാഹികൾ പറഞ്ഞു.  ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി വി വി രമേശൻ,  ജില്ലാ  ജനറൽ സെക്രട്ടറി  കെ എ റഹീം എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top